Wednesday, September 22, 2010

കുട്ടിത്തൊഴിലാളികള്‍

                                       
                                      
ഇല്ലില്ല,ഞങ്ങള്‍ക്കില്ലവര്‍ണങ്ങള്‍ തുന്നിച്ചേര്‍ക്കും -
കിന്നരിക്കുപ്പായവും,കുഞ്ഞിളം കിനാക്കളും 
നഴ്സറിപ്പാട്ടിന്നീണം മുഴങ്ങും ദിനങ്ങളും 
മുത്തശ്ശി ചൊല്ലിത്തരും കുഞ്ഞിളം സ്വപ്നങ്ങളും
പുസ്തകക്കൂട്ടം തരും പുത്തനാം പ്രതീക്ഷയും 
സ്വപ്‌നങ്ങള്‍ മേയുന്നൊരാകാലത്തിന്‍ നിറങ്ങളും 
ബാല്യ കൌമാരം പാഴെ കുരുതിക്കൊടുപ്പവര്‍
കാലിലോ,കല്ലും മുള്ളും ജീവിതം വരണ്ടതോ?.

ചൂളയില്‍ ഞങ്ങള്‍ ചുടും കട്ടകള്‍ പോലെ ,മനം
മൌനമായ്‌  സ്വപ്നം കരിഞ്ഞാവിയായ്‌ പറക്കുന്നു .
നാടിന്റെ സമ്പത്തല്ലേയരുമക്കിടാങ്ങളെ -
ന്നോതുന്നു ചുറ്റും വീശും കാറ്റിലെ ശബ്ദങ്ങളും .

കൂട്ടുകാരൊത്തു പാടിക്കളിച്ചു തിമിര്‍ക്കാനും 
കാട്ടിലെപ്പൂക്കള്‍ പറിച്ചോണം  പോലൊരുങ്ങാനും
മോഹങ്ങള്‍ കൊരുക്കവേയിറുത്തു മാറ്റും ലോകം
സ്കൂളിന്റെ ചുറ്റും കൂടി വേഷങ്ങളണിഞ്ഞാടാന്‍-
കൊതിക്കെ,അടുപ്പിന്റെ ചൂടെറ്റു  കരിയുന്നു .
ഹോട്ടലില്‍ പാത്രം തേച്ചും,മോട്ടറിന്‍ പുറം തേച്ചും 
ആട്ടുകള്‍ കേട്ടുമന്നം തേടുന്നീ കിശോരകര്‍

അങ്ങതാ ചാച്ചാജി തന്‍ സ്വപ്നമാം കിടാങ്ങളോ
ഉത്സവം തിമിര്‍ക്കുന്നു ,സോത്സാഹം ഗമിക്കുന്നു .
റോസാപ്പൂ തോല്‍ക്കും ചിരിവിടര്‍ത്തി കൊഞ്ചും മൊഴി 
നാളത്തെ പ്രതീക്ഷകള്‍ ,ഇന്നത്തെ കുരുന്നുകള്‍ 
എരിയും വയര്‍പൊത്തി,ഉരുകും സ്വപ്നം പേറി 
അലയാന്‍ വിധിച്ചതോ,ഏഴയായ്‌ പിറന്നവര്‍
അഴിയാക്കുരുക്കുപോല്‍ ,ഇഴയും ചട്ടത്തിന്റെ 
അഴികള്‍ തേടിത്തേടിക്കൊഴിയും വസന്തങ്ങള്‍ 
ഇവിടെതളിര്‍ക്കില്ല , പുതുനാമ്പുകള്‍ ;ഞങ്ങള്‍ -
എവിടെത്തേടിപ്പോകും ;മരുവില്‍  തെളിനീരോ ?.

13 comments:

  1. നല്ല സന്ദേശം നല്‍കുന്ന വരികള്‍....
    സത്യം വിളിച്ചോതുന്ന വരികള്‍....

    ReplyDelete
  2. അഭിനന്ദനങ്ങള്‍...

    ReplyDelete
  3. നീതിയും നിയമവും ഇവരുടെ കാര്യത്തില്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുന്നില്ല.
    ആഘോഷങ്ങളും ആര്‍പ്പുവിളികളും അന്യമായ ബാല്യങ്ങളെ അവതരിപ്പിച്ചത് നന്നായി.

    ReplyDelete
  4. കുട്ടികൾക്കായി കുറെ നല്ലവരികൾ.

    ആശംസകൾ!

    ReplyDelete
  5. നല്ല വരികള്‍
    ആശംസകള്‍.... :)

    ReplyDelete
  6. "അങ്ങതാ ചാച്ചാജി തന്‍ സ്വപ്നമാം കിടാങ്ങളോ
    ഉത്സവം തിമിര്‍ക്കുന്നു ,സോത്സാഹം ഗമിക്കുന്നു .

    ഏരിയും വയര്‍പൊത്തി,ഉരുകും സ്വപ്നം പേറി
    അലയാന്‍ വിധിച്ചതോ,ഏഴയായ്‌ പിറന്നവര്‍ "

    തെരുവിലെ കുട്ടികളുടെ ജീവിതം നന്നായി വരച്ചു കാട്ടിയിരിക്കുന്നു.

    ReplyDelete
  7. കവിതയെപ്പറ്റി കൂടുതലൊന്നും പറയാന്‍ എനിക്കറിയില്ല.ടീച്ചറുടെ ഒരു വിദ്യാര്‍ത്ഥിയാണിവിടേയ്ക്ക് വഴി കാണിച്ചു തന്നത്. “ബൂലോഗ”ത്തേയ്ക്ക് സ്വാഗതം. കുട്ടികളെപ്പറ്റിയെഴുതിയ കവിത ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍!

    ReplyDelete
  8. നല്ല ആശയം, ലക്ഷണമൊത്ത വരികളാല്‍ നല്ല അവതരണം.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete