Monday, September 27, 2010

കവിമനം തേങ്ങുന്നതെന്തിനോ......?.



ഒരു മരം വീഴവേ ,മുറിയുന്നു മാനസം 
ഒരു മലര്‍ വിരിയവേ ,പുളകങ്ങള്‍ ചൂടുന്നു 
വിടരാന്‍ വിതുമ്പിയ മൊട്ടിന്‍ ദലങ്ങളില്‍
അറിയാത്ത നോവിന്റെ നൊമ്പരമുത്തുകള്‍
പതിരായിപ്പോകുന്നു വടവൃക്ഷമാവേണ്ട
കതിരുകള്‍ ;കനിവു തേടുന്നു 

കവിമനം കുതികൊള്ളും മലര്‍വാടിയില്ലിവിടെ
കവിത മരിക്കുന്നിതെന്നും !!
മഴമേഘമിന്നെവിടെ മയിലിന്റെ പീലികള്‍ 
മറവിതന്‍ താളുകള്‍ക്കിടയില്‍
മഴയിന്നു പനികൊണ്ട് വിറയുന്നു ചുറ്റിലും 
കരയുന്ന കടലുകള്‍ തന്നെ 

അറിയാത്ത രോഗത്തിന്‍ പിടിയിലായ്‌ വീഴുന്നു 
ചലനങ്ങളറ്റു  പോകുന്നു 
മനമിന്നു കാടായി മാറവേ ,മലകളും -
പുഴകളും വഴിമാറി നിന്നു
ആഴിയില്‍ വീണു കിടക്കുമ്പോഴും
നാഴിനീരിനായ്‌ നാവുയര്‍ത്തുന്നു


പ്രകൃതങ്ങള്‍ മാറുന്ന മനുജന്റെ -
തലയിലായ് പ്രകൃതിതന്‍ വികൃതി വിളയാട്ടം
അകമേ നിറഞ്ഞു നിന്നകലങ്ങള്‍ പൂകിയാ
കവിമനം തേങ്ങുന്നിതെന്തേ ? 
വിടരാത്തൊരായിരം മുകളങ്ങള്‍ തന്‍ താപം
ഹൃദയത്തിലേല്‍ക്കുന്നതാവാം
ദലമര്‍മരങ്ങളും ,  മൃദുമന്ദഹാസവും
അതിദൂരമായതങ്ങാവാം .

ഇവിടെ കൊടും ചൂടിലലറുന്ന കാറ്റും     
പിഴക്കുന്ന ഋതുവും,തളിര്‍ക്കാത്ത മനവും
വിലപേശി വാങ്ങുന്ന രാഗവും,മോഹവും
അഴലായി മാറുന്നതാവാം
ഒരുവട്ടം കൂടിയാ കവിമനം വെമ്പില്ലാ
ഇവിടേക്കണയുവാന്‍ മേലില്‍ !
മലരുകള്‍ വിരിയാത്ത ,നറുനിലാവൊഴുകാത്ത
കവിത ജനിക്കാത്ത മണ്ണില്‍
നിമി  നേരമെങ്കിലും കഴിയേണ്ടിവരികിലാ
വടവൃക്ഷം കടപുഴകി വീഴും !
പടുജന്മമായിടാനാകുമോ നിറവിന്റെ 
നറുനിലാവാകുമാ ജന്മം?....
                                    

20 comments:

  1. തേങ്ങ എന്റെ വക
    ((((ഠോ))))
    ബാക്കി വായിച്ചിട്ട് പറയാം

    ReplyDelete
  2. മുൻപ് കവിത എഴുതിയിട്ടുണ്ടെങ്കിലും (ശരിയല്ലെ?) ഇപ്പോൾ ബ്ലോഗിൽ കടന്നതല്ലെയുള്ളു; ഈ ബൂലോകത്തേക്ക് സ്വാഗതം.
    കവിത നന്നായിട്ടുണ്ട്. പിന്നെ ബൂലോകരെ പരിചയപ്പെടുക.

    ReplyDelete
  3. വരികള്‍ നന്നായിട്ടുണ്ട്... പിന്നെ പുതിയ കവിതകള്‍ പോരട്ടെ...

    ReplyDelete
  4. നല്ല അര്‍ഥ വത്തായ വരികള്‍....സ്വാഗതം ഇനിയുംകാണാം

    ReplyDelete
  5. തലക്കെട്ടിനു താഴെ കൊടുത്ത ... ഒരു വശത്തുമാത്രം കഷണ്ടി ബാധിച്ച മരത്തിന്റെ ചിത്രം ഗംഭീരമായി... മരത്തിനു വല്ല സ്ത്രീപക്ഷ രോഗവും ബാധിച്ചതായിരിക്കുമോ ദൈവമേ !!!

    തേങ്ങി തേങ്ങി കവിമനത്തിന്റെ തേങ്ങല്‍ ഇല്ലാതാകട്ടെ എന്ന്
    ചിത്രകാരന്‍ ആശംസിച്ചുകൊള്ളുന്നു :)

    ReplyDelete
  6. "അറിയാത്ത രോഗത്തിന്‍ പിടിയിലായ്‌ വീഴുന്നു
    ചലനങ്ങലറ്റു പോകുന്നു
    മനമിന്നു കാടായി മാറവേ ,മലകളും -
    പുഴകളും വഴിമാറി നിന്നു
    ആഴിയില്‍ വീണു കിടക്കുമ്പോഴും
    നാഴിനീരിനായ്‌ നാവുയര്‍ത്തുന്നു.."

    ബൂലോകത്തേയ്ക്ക് സ്വാഗതം..
    ചിന്തിക്കാന്‍ വകയുള്ള വരികള്‍

    "മനസ്സിലെ തളിരീട്ടു നില്ക്കുന്ന മോഹങ്ങളും കൊഴിഞ്ഞു പോയ സ്വപ്നങ്ങളും!"
    ഒരേ മരത്തില്‍ മനോഹരം!അര്‍ത്ഥവത്തായ ചിത്രം..

    ReplyDelete
  7. പ്രകൃതങ്ങള്‍ മാറുന്ന മനുജന്റെ തലയിലായ് പ്രകൃതിതന്‍ വികൃതി വിളയാട്ടം
    അകമേ നിറഞ്ഞു നിന്നകലങ്ങള്‍ പൂകിയാ
    കവിമനം തേങ്ങുന്നിതെന്തേ ?
    വിടരാതൊരായിരം മുകളങ്ങള്‍ തന്‍ താപം
    ഹൃദയത്തിലേല്കുന്നതാവം.
    ദലമര്‍മരങ്ങളും ,മൃദുമന്ദഹാസവും
    അതിദൂരമായതങ്ങാവാം .

    ......nice poem........

    ReplyDelete
  8. മലരുകള്‍ വിരിയാത്ത ,നറുനിലാവൊഴുകാത്ത
    കവിത ജനിക്കാത്ത മണ്ണില്‍
    നിമിനെരമെന്കിലും കഴിയേണ്ടിവരികിലാ
    വടവൃക്ഷം കടപുഴകി വീഴും ![അക്ഷര തെറ്റാണോ അറിയില്ല,എനിക്കു കവിത വഴങ്ങില്ല.ക്ഷണം കിട്ടിയപ്പോള്‍ എത്തി നോക്കിയതാ. എന്റെ ലൈന്‍ വേറെയാ..! വന്നു നോക്കുമോ?ഈ വഴിക്കും വരണേ.

    ReplyDelete
  9. മിനി ചോദിച്ചത് പോലെ ആദ്യമായിട്ട് ആണ് എഴുതുന്നത്‌ എന്ന് പറയില്ല..
    നന്നയിരിക്കുന്നു ....കവിത .
    നല്ല പേജ് ...................

    ReplyDelete
  10. ആദ്യം ടീച്ചർക്ക്‌ ബ്ലോഗ്‌ ലോകത്തിലേക്ക്‌ സ്വാഗതം!..നമ്മെ എവിടുന്നാ കിട്ടിയത്‌?.. അതായത്‌ ചോദ്യം ഇപ്രകാരം നമ്മുടെ ഈ മെയിൽ എവിടുന്നു സംഘടിപ്പിച്ചു എന്ന്?

    ..സംശയം കൊണ്ട്‌ ചോദിച്ചതാണേ...നമ്മെ പരിചയം ഉള്ള ആളാണോന്ന് അറിയാൻ ചോദിച്ചതാ....എന്തായാലും കൊഴപ്പമില്ല..

    നല്ല കവിതകൾ കൊണ്ട്‌ നിറയട്ടേ ഈ ബ്ലോഗ്‌ എന്ന് ആശം സിക്കുന്നു

    ReplyDelete
  11. "ഒരു മരം വീഴവേ ,മുറിയുന്നു മാനസം
    ഒരു മലര്‍ വിരിയവേ ,പുളകങ്ങള്‍ ചൂടുന്നു "

    നല്ല കവിത
    പോസ്റ്റ് ചെയ്യുന്നതിനു മുൻപ് അക്ഷരത്തെറ്റുണ്ടോ എന്നു ശ്രദ്ധിക്കണം

    ReplyDelete
  12. കവിത നന്നായിട്ടുണ്ട് ടീച്ചറെ
    ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  13. ബൂലോകത്തേക്ക് സ്വാഗതം.... കവിത വായിച്ചപ്പോള്‍ കവിമനസ്സിലെ നോവ് പകര്‍ന്നുകിട്ടി... അതുതന്നെയാണല്ലോ കവിയുടെ വിജയവും.... ആശംസകള്‍...

    ReplyDelete
  14. മഴമേഘങ്ങമിന്നെവിടെ മയിലിന്റെ പീലികള്‍
    മറവിതന്‍ താളുകള്കിടയില്‍
    മഴയിന്നു പനികൊണ്ട് വിറയുന്നു ചുറ്റിലും
    കരയുന്ന കടലുകള്‍ തന്നെ

    കൊള്ളാം. നല്ല കവിതകള്‍ വിരിയട്ടെ. ആശംസകള്‍

    ReplyDelete
  15. നല്ല പ്രമേയം. വരികളും നന്ന്. കവിത ഇഷ്റ്റപ്പെട്ടു.

    ReplyDelete
  16. ക്ഷമിക്കുക വരവ് ഒരുപാട് വൈകി പോയി.
    കാലവും ദൈവവും പ്രകൃതിയെയും മറ്റു ചുറ്റുപാടിനെയും കുറിച്ച് പാടാനും അവയ്ക്കായി തേങ്ങാനും കവികളെ മാത്രമാണോ ഏല്പിച്ചിരിക്കുന്നത്.
    സാധാരണ ജനങ്ങളിലേക്കും എത്തിക്കൂ ഈ തേങ്ങല്‍.
    നന്നായി എഴുതി. നല്ല വിഷയം. തുടര്‍ച്ചയായി എഴുതുക

    ReplyDelete
  17. മരം മുറിച്ചു മാറ്റുന്നത് കാണുന്ന കവിയുടെ
    മനസ്സിന്റെ നൊമ്പരങ്ങള്‍ വളരെ ഹൃദ്യമായി
    കവി ഈ വരികളിലൂടെ വരച്ചു കാട്ടി
    ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എഴുതിയ
    ഒരു ലേഖനം ഇതോടുള്ള ബന്ധത്തില്‍ ചേര്‍ത്ത്
    വായിക്കുക
    മരം മുറിച്ചു മാറ്റുന്നവര്‍ രണ്ടു
    മരത്തൈകള്‍ കൂടി നടുവാന്‍
    മറക്കാതിരിക്കുക!!
    അതവര്‍ ചെയ്തുകൂട്ടുന്ന
    അപരാധതിനൊരു പരിഹാരമാകും
    അതില്‍ സംശയം വേണ്ട ലേശം.

    നന്ദി നമസ്ക്കാരം
    മരങ്ങളെ സ്നേഹിച്ച, സ്നേഹിക്കുന്ന ഒരു വ്യക്തി
    വീണ്ടും കാണാം

    ReplyDelete
  18. പ്രകൃതി സ്നേഹം കവിമനസ്സില്‍ നിറഞ്ഞിരിക്കുമ്പോള്‍, അരുതാത്തത് സംഭവിക്കുന്നത് താങ്ങാനാവില്ല. നല്ല പ്രമേയം, അവതരണം.

    ReplyDelete
  19. ഏവര്‍ക്കും വളരെ നന്ദി

    ReplyDelete