Sunday, January 22, 2012

സമസ്യ

അരികിലോടിയണഞ്ഞ പൈതല്‍ തന്‍ 
ചൊരിമലര്‍ചുണ്ടു പാതി വിടര്‍ത്തിയിന്ന 
രുമയായ് , നിന്നു മൊഴിയുവതൊക്കെയും
ചകിത ചിത്തയായ് കേള്‍ക്കുവതിങ്ങനെ ...

നിനവിലിന്നലെ കണ്ടു ഞാന്‍ സുന്ദരം 
കിളി വിളിക്കുന്ന കാട്ടുപൂഞ്ചോലകള്‍ 
തരുവിലാകെ തളിര്‍ത്തോരാ പൂക്കളും 
നറുനിലാവെഴും മോഹന രാത്രിയും 

കമുകിനോല വലിച്ചൊരാ കൂട്ടുകാര്‍ 
സകലദൂരം കളിച്ചു പായുന്നതും 
ഇടമെടഞ്ഞോരാ പ്ലാവിലത്തൊപ്പികള്‍
ചടുലവേഗത്തില്‍ തലയിലേറ്റുന്നതും
കറികളങ്ങനെ കണ്ണന്‍ ചിരട്ടയില്‍ 
നിറമിയന്നങ്ങു മാടിവിളിപ്പതും 
അരികിലോലക്കുടക്കീഴില്‍ തോഴിമാര്‍ 
പെരിയൊരോലയെ കുഞ്ഞായ് ഗണിപ്പതും
നിറമിയലും ചെറു കടലാസുതോണികള്‍ 
ഗതിയറിയാതങ്ങുഴറുന്ന കാഴ്ചയും 
സുഖദ സ്വപ്നമായ് കണ്ടു ഞാനിന്നലെ 
ഇനിയിതൊക്കെയും തിരികെയിങ്ങെത്തുമോ ?

തിരികെയുത്തരം ചൊല്ലുവാനാകാതെ
കനലെരിഞ്ഞങ്ങുനിന്നുപോയ് ഞാനിതാ 
പുതുയുഗത്തിന്റെ നോവുന്ന ഹൃത്തുമായ് 
പുതിയ മാനവന്‍ മുന്നില്‍ നില്‍ക്കുന്നുവോ ?

സ്മ്രിതിപഥങ്ങളില്‍ കുളിരു പെയ്യുന്നൊരാ
പഴയകാലത്തിന്‍ തള്ളിക്കയറ്റമോ,
ഇവിടെ തെല്ലുമേ നുണയുവാനില്ലാത്ത 
മധുമയങ്ങുന്ന കാറ്റിന്റെ തേങ്ങലായ്
പുതിയ ചോദ്യശരങ്ങളായിന്നെന്റെ 
വ്രണിത ചിന്തയില്‍ കുത്തിനോവിക്കുന്നു .

വിഷമണം പേറും കാറ്റിന്നിരമ്പലും
മണമിയലാത്തൊരാ കടലാസു പൂക്കളും 
ചിതറി മാറുന്ന ഭരണ ചക്രങ്ങളും 
അവിടെ കാര്‍ഗിലിന്‍ പൊട്ടിത്തെറികളും
ത്വരിതമൂരുന്ന വസ്ത്രങ്ങള്‍ പോലവേ 
ദൂരെയെറിയും മനുഷ്യബന്ധങ്ങളും 
പുതുയുഗത്തിന്റെ മാത്സര്യ ഭാഷ്യവും
ഇവിടെ ഇന്നിവനാകെ പരിചയം .!

തിരികെയോതുന്നതൊക്കെയും പൈതലിന്‍ 
ചിറകുതല്ലിക്കൊഴിക്കലായേക്കുമോ !
പാറിടട്ടവന്‍ തന്നുടെ ഭാവന 
ചിറകുയര്‍ത്തുന്ന സ്വപ്നത്തിലെങ്കിലും 
വാണിടട്ടവന്‍ നവ്യ കുസുമങ്ങള്‍ 
സുഖദമുണരുന്ന ജാഗ്രത്തിലെങ്കിലും !

Friday, January 20, 2012

വിധി

ഞെട്ടലോടിന്നു പത്രത്തില്‍ ,കണ്ടു ഞാന്‍ 
കോടതി ; കുട്ടികള്‍ക്കു 'വളം ' വെച്ചു ,നില്‍പ്പതായ്
ഇന്നു കൈ വിലങ്ങുമായ് ക്ലാസ്സിലായ്
ചെന്നു നില്‍ക്കുവാന്‍ ഞങ്ങളെ വിട്ടിതോ ?

ഇല്ല, ചൂരല്‍ തൊടുവാന്‍ കഴിയില്ല ,നല്ല 
കൂച്ചു വിലങ്ങതു നാവിനും 
ഇന്നു വിങ്ങും മനവുമായ്‌ ഞങ്ങളോ 
ചൂണ്ടി നില്‍ക്കും വിരലുകള്‍ തന്‍ മുന്നില്‍ !

തൂങ്ങി നില്‍ക്കും ഡെമോക്ലസ്സിന്‍ വാളുകള്‍  
വാക്കുപോലും ; ഞാന്‍ തൂക്കി മൊഴിയവേ.
ഇല്ല ചൊല്ലുവാന്‍ ' മക്കളെ ' എന്നതും
ആ വാക്കിനും മറ്റോരര്‍ത്ഥമുണ്ടാകുമൊ ?

'കോപ്പി ' ഞാന്‍ കണ്ടു 'പൊക്കു ' കില്‍
നാളെയോ , 'തൂങ്ങി' നില്‍പ്പതു കാണേണ്ടി വന്നിടും 
പിന്നെ കോടതി കേറി നിരങ്ങി ഞാന്‍ 
കോടി ജന്മത്തിന്‍ പാപങ്ങളേറ്റിടും

അപ്പോഴും വിരല്‍ ചൂണ്ടി സമൂഹവും 
ചുറ്റുമെത്തിയെന്‍ പത്തിയോ താഴ്ത്തിടും 

നല്‍ക്കുലത്തിലെ നായ്ക്കളെപ്പോലവേ 
കാണിടാം ഞങ്ങള്‍ തന്നുടെ കൂട്ടരില്‍ 
എങ്കില്‍പ്പോലുമേ പങ്കിലമാകില്ല ,
തങ്കം പോലെ ജ്വലിച്ചു നില്‍ക്കും 'ഗുരു'

എത്രനാള്‍ ചെയ്ത പുണ്യത്തിന്‍ നേട്ടമോ 
അത്ര തന്നെ വിയര്‍ത്തു പണിഞ്ഞതോ ?
എത്ര സ്വപ്നങ്ങള്‍ നെയ്തു തീര്‍ത്തിതോ 
തത്ര ലോകം പണിഞ്ഞങ്ങെടുക്കുവാന്‍ 


വാക്കും നോക്കുമായന്നും വിദ്യാര്‍ത്ഥിതന്‍ 
കൂടെയെന്നും 'ഗുരു' നിന്ന കാരണം 
ഇന്നിതു പോലെയെങ്കിലും ഈ ലോകം 
നില്പതല്ലേ ,മന:സാക്ഷി , ചൊല്ലുക .

ഇന്നു ലോകം 'ഗുരുനിന്ദ' യാലേറെ 
തിന്മ കൊണ്ടു നിറയ്ക്കുവതിപ്പൊഴും
വന്നു ചേരുമാ നല്ല ദിനങ്ങള്‍ക്കായ് 
നോമ്പു നോറ്റു ഞാന്‍ കാത്തു നില്‍ക്കുന്നിതാ 

ഞാനുമൊരമ്മ

ഞാനുമൊരമ്മ ,രണ്ടു പെണ്‍മക്കളെ 
നോവറിഞ്ഞങ്ങു ഭൂജാതയാക്കിയോള്‍ .
ഈശ്വരന്റെയപാരമാം സൗന്ദര്യ - 
സൃഷ്ടിയാം സ്ത്രീകുലത്തെ ചുമന്നവള്‍
ഏറിടുന്നോരഭിമാനബോധമായ് 
വാണിടാന്‍വേണ്ട വൃത്തികള്‍ ചെയ്യുവോള്‍ !
*************************************
ഭൂമി ;ഞാനിന്നിങ്ങെന്നില്‍ കുരുത്തൊരീ 
പൂഞ്ചെടികളിവ,വാടിക്കരിയാതെ 
പാരിനാകവേ , പൂമണം ,  നന്മയായ് 
വീശുവാന്‍ , വളം എന്നുപദേശമായ്
നോമ്പു നോല്‍ക്കുന്നു ഞാന്‍ , ചോര ; നീരാക്കിയെന്‍ 
പൂഞ്ചെടികള്‍ ; തളിര്‍ക്കുവാന്‍ ,പൂക്കുവാന്‍ !
*************************************
എന്‍ പ്രതീക്ഷയ്ക്കുമാശയ്ക്കുമപ്പുറം
ഏറെയാശങ്കയെന്നെ ഭരിക്കവേ
കണ്ണൂതെറ്റിയാല്‍ , എന്‍ ശ്രദ്ധ പാളിയാല്‍ 
എന്തു താനിന്നു വന്നു ഭവിച്ചിടും?
ഇന്നു കണ്‍കളില്‍ ഉറക്കം വഴിമാറ്റി 
എണ്ണയിട്ടു തുറന്നു വെയ്ക്കുന്നു ഞാന്‍ 
*************************************
എത്ര ' സൗമ്യ ' കുസുമങ്ങള്‍ തന്‍ ദലം
തത്ര വീണു കിടക്കുന്നു ഭൂമിയില്‍ 
അത്ര തന്നെ വിടരാന്‍ ഭയന്നിതാ 
കൂമ്പി നില്‍ക്കുന്നൊരായിരം മൊട്ടുകള്‍ 
*************************************
കണ്ണൂപെട്ടങ്ങു വാടിക്കരിയുമോ ?
പൂവിതള്‍ ; പ്രതീക്ഷകള്‍ കൊഴിയുമോ ?
ആക്കഴുകന്‍മാര്‍ കൂര്‍ത്ത നഖവുമായ് 
എത്തിടാം പിന്നെ കൊമ്പുകളാഴ്ത്തുവാന്‍ 
എത്രയാര്‍ത്തിയോടെത്തിടാം പ്രാണികള്‍ 
വന്നു ത്രാണിയകറ്റിക്കടന്നിടാം
**************************************
കര്‍മ്മമാണെന്‍ ;ധര്‍മ്മവും ,മക്കളില്‍ 
ധര്‍മ്മബോധമുണര്‍ത്തി വലുതാക്കി 
കര്‍മ്മ പാതയില്‍ വീണൂകിടക്കാതെ 
വര്‍ണ്ണമോടെ വിടര്‍ന്നങ്ങു നില്‍ക്കുവാന്‍ 
**************************************
ഏതു കാറ്റിലുമാടാതെ ,ഭൂമിയില്‍ 
വേരുറപ്പിച്ചു നില്‍ക്കുവാന്‍ പോന്നോരാ 
വീര്യവും നേരും സൂര്യകിരണമായ് 
നേരേ വന്നു പതിച്ചുല്ലസിക്കട്ടെ 
***************************************
ചുട്ടുപൊള്ളും മനവുമായിന്നു ഞാന്‍ 
നില്‍പ്പു... കാക്കുവാന്‍ മേനിയും മാനവും 
എന്റെ നോവറിഞ്ഞങ്ങു മഴയായി 
പാരിനുടയോന്‍ കനിഞ്ഞങ്ങണഞ്ഞെങ്കില്‍ .... !!
***************************************

വേണു ഗായകന്‍

ചിറകുയര്‍ത്തി പറക്കുന്ന യാത്രയില്‍ 
അമിതശബ്ദം കൊടുങ്കാറ്റു ചീറ്റവേ
ഒഴുകിയെത്തിയെന്‍ കര്‍ണപുടങ്ങളില്‍ 
കുളിരുകോരുന്നൊരാ മുഗ്ദ്ധഗാനവും 

എവിടെ നിന്നിങ്ങു വന്നൂ മുരളിയും 
കണ്ണനിന്നിങ്ങിറങ്ങിയോ ഭൂമിയില്‍ ?
നഗരവീഥിതന്‍ നിഴലിലെ വേദിയില്‍ 
ഇവിടെയെവിടെയാണാഗാനനിര്‍ജ്ജരി 

മലിനവെള്ളം കുതിച്ചു പായുന്നൊരാ
തെരുവിനോടതന്നോരത്തിരിക്കുന്നു 
കൊടിയ ചൂടാല്‍ വിയര്‍ത്തങ്ങു പാടുന്ന 
കുരുടനൊരു വൃദ്ധവേണുഗായകന്‍ !

വേണുവേന്തിയ കാര്‍വര്‍ണ്ണനെങ്കിലും 
നീലപ്പീലിയും നീളും മിഴികളും 
മുകുരതുല്ല്യം വിളങ്ങും കപോലവും 
നിന്നിലില്ലെനിക്കൊട്ടു വര്‍ണിക്കുവാന്‍ 

നിന്റെയൊപ്പമായ് പാടുവാന്‍ ആടുവാന്‍ 
ഗോക്കളില്ലൊട്ടു ഗോകുലബാലരും 
ഒഴുകുമീയിളം തണ്ടിന്റെ ഗദ്ഗദം 
നുകുരുവാനില്ല കോകിലവൃന്ദവും 


യമുന പോലൊഴുകിയെത്തുന്നു നിന്റെയാ   
ഉരുകിയൊഴുകുന്ന ചോരയും കണ്ണീരും
ഉഴറും ജീവിതം തന്നിലുയിരാര്‍ന്ന 
ജഡില മോഹവും സംസാരദു :ഖവും 

വയറു കരിയവേ ;വിശപ്പടക്കീടുവാന്‍ 
കരയും കുഞ്ഞുങ്ങള്‍ക്കാശ്വാസ ധാരയായ്   
ചിറ തകര്‍ത്തു കുതിച്ചു പായുന്നുവോ 
തിരകളാര്‍ത്തു കുതിക്കുന്ന മോഹവും ?

   

നമുക്കെന്തുപറ്റി

ഞാനെന്നഭാവം നടപ്പിലും ,നോക്കിലും 
ജ്ഞാനത്തിനായാശലേശമില്ലാതെയും 
ജ്ഞാനമുണ്ടെങ്കിലും ന്യായമില്ലാതെയും 
നേരതിന്‍ നേരെയായി പുച്ചിച്ചു തള്ളിയും 
നേരിന്റെ വേരു വലിച്ചു കീറി വെറും 
നാരെന്നു മാത്രം ഉയര്‍ത്തികാട്ടി 
ഞാന്‍ മാത്രം നല്ലതെന്നാര്‍ത്തു നടക്കുമീ 
നമ്മുടെ പ്രജ്ഞക്കിതെന്തു പറ്റി ?

അപ്രമേയങ്ങളിലാ പ്രമാദം 
പ്രശ്നമുണ്ടാക്കലില്‍ ലക്ഷ്യ മാത്രം 
ഒക്കെ നടത്തുന്നതെന്റെ ശക്തി
മറ്റുള്ളതൊക്കെയും തെറ്റുമാത്രം
ഇത്തരം ചിന്തകള്‍ മാത്രമായി 
ഉത്തരമില്ലാത്ത ചോദ്യമായി 

മുറ്റുംചരിക്കുന്ന മര്‍ത്യരെല്ലാം
ഒട്ടും ശരിയായ കൂട്ടമല്ലന്നൊ -
 -റ്റയ്ക്കു ഞാന്‍ മാത്രം നല്ലവനായ് 
ഊറ്റമുള്‍ക്കൊണ്ടങ്ങു വാണിടുന്നു 
"  വീഴ്ച"എനിക്കിന്നു പ്രശ്നമല്ല 
"  വീഴ്ച "   ഞാന്‍ വാഴ്ചയായി മാറ്റിടുവോന്‍
മറ്റുള്ളവര്‍ തന്റെ വീഴ്ചയെല്ലാം 
പൊട്ടിച്ചിരിച്ചങ്ങു തള്ളിടുന്നോന്‍ 

മര്‍ത്യ ,നിനക്കിന്നിതെന്തു പറ്റി ?
മാനുഷികങ്ങളകന്നിതെന്നോ ?
ആത്മപരിശോധന മാര്‍ഗമതൊന്നാ 
ണാത്മനെയാകെയറിഞ്ഞീടുവാന്‍ !!

Thursday, January 19, 2012

യഥാര്‍ത്ഥ മുഖം

വക്കുപൊട്ടിയ കണ്ണാടിയില്‍
മുഖം വ്യക്തമല്ലാത്തവര്‍
സൗന്ദര്യം നോക്കി നിന്നു !
മുഖങ്ങള്‍ ,ഏറെയാകുമ്പോള്‍ 
കണ്ണാടിയുടെ ചട്ടക്കൂട്ടില്‍ 
ഒന്നിനെ തളയ്ക്കുവതെങ്ങനെ ?

മുഖം മനസ്സിന്റെ കണ്ണാടിയാകുവാന്‍
പൊയ്മുഖങ്ങള്‍ തടസ്സം നില്‍ക്കവേ 

അര്‍ത്ഥമില്ലാത്ത ചങ്ങാത്തങ്ങള്‍ 
നിറമടിച്ച കണ്ണാടികളാകുന്നു 

ചിരിച്ച മുഖത്തിനു പിന്നില്‍ 
തിക്കിതിരക്കുന്നൊരായിരം മുഖങ്ങള്‍ 
മരിച്ച മനസ്സാക്ഷികള്‍ , വികാരം ;
തരിശുമണ്ണില്‍ കുരുത്ത നാമ്പുകള്‍ !

പ്രതിബിംബങ്ങള്‍ മരിച്ചു ;
കറുത്തു പോയ ജലസ്രോതസ്സുകള്‍ 
മുഖം നോക്കുവതെങ്ങനെ ?
നോക്കുവതേതു മുഖം ?

എന്‍ഡോസള്‍ഫാന്‍ -ഒരു ജിഹ്വ

കാസര്‍ഗോഡുമവിടെയിടുക്കിയും 
കേരളത്തിന്‍ കരയുന്ന ഭുപടം 
എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചു പുകയു- 
ന്നൊരായിരങ്ങള്‍ ചലിക്കുന്ന നേര്‍പടം  !!

നാവുതന്നവന്‍ ,കൈമലര്‍ത്തീടവെ 
നാവിതെന്തിനു പുറത്തേക്കു നീണ്ടുപോയി
നോവൊരായിരമുള്ളില്‍ ജ്വലിക്കവേ
നീറിഞാന്‍ ,പുകഞ്ഞാവിയായി,   ഭസ്മമായി !!
                                        

നാവൊരായിരമുള്ളോരനന്തനും 
നീറിടുന്നോരി രാസവിക്രിയകളില്‍
ഊറിടുന്നൊരാ രസനയില്‍പ്പോലുമേ 
നാറിടും ജീര്‍ണ മജ്ജയും മാംസവും !!

ഏറിടും നന്മ,വാണിടും മാനവന്‍ 
ഏറ്റു ചൊല്ലിയ ശാസ്ത്രപുരോഗതി !!
ഊറ്റം കൊള്ളൂവതെന്തിലായി ? നീറ്റലായ്
നേട്ടമൊക്കെയും കാറ്റില്‍പ്പറക്കവേ !!

ആറ്റവും വരും മാറ്റവും നേട്ടവും 
തേറ്റ കാട്ടി ചിരിച്ചു തുള്ളൂന്നതാം
തോറ്റമായെന്‍ മറിയുന്ന ചിന്തയില്‍ 
കൂട്ടമായി പുതുസൗരയൂഥങ്ങളായ്


പുള്ളിക്കുത്തിക്കുമിളകള്‍ പൊങ്ങിയി -
വിങ്ങും നാവും ,വരണ്ടൊരിമേനിയും
ഏങ്ങിയേങ്ങി വലിഞ്ഞും പൊലിഞ്ഞുമി-
ന്നെങ്ങു ചാഞ്ഞോന്നിരിക്കുവാന്‍ ?വയ്യ ,മേല്‍ !

ജീവരേണൂവായമ്മതന്‍ ഉള്ളില്‍ ഞാന്‍ 
വാഴ്കവേകൂടെ വീണൊരിമൂലകം 
പഞ്ചഭൂതമായിപ്പോകുവോളം വരെ 
എന്റെ കൂടെ ചരിപ്പാന്‍ വിധിച്ചിതോ?

അന്നു പെയ്തൊരാ രാസവര്‍ഷത്തിലെന്‍ 
അന്നപാനം മുടക്കാന്‍ കുരുത്തിത് 
കാമനയോ ,കരുത്തോ ,തകര്‍ന്നൊരാ 
സ്വപ്നമോ, മര്‍ത്യ ചെയ്തിതന്‍ ശാപമോ ?


അറിവ്

എനിക്കൊന്നും അറിയില്ലയെന്നു ഞാനറി 
യുന്നിടത്തെന്റെയറിവു തുടങ്ങന്നു . 
നടന്നു ഞാനടുത്തുചെല്ലുമ്പോളകലേക്ക് 
കടന്നു മാറുന്നതാണതിന്‍ ചക്രവാളം !

ഇരുന്നു ഞാനൊരുശിശുവിനെപ്പോലവേ
നിരന്ന പുസ്തകക്കോട്ടകള്‍ക്കിടയിലായ് 

നനഞ്ഞു ഞാനിന്നിങ്ങറിഞ്ഞ മഴയിലായ് 
ആ നദിയിലേക്കിനിയിറങ്ങി നോക്കണം 

കരയിലിരുന്നതിവിചിത്രമെന്നോര്‍ത്തു   ഞാന്‍ 
ഈ നദിയിതെങ്കിലാ സാഗരമെന്തു താന്‍ !
പലതുള്ളികള്‍ ,പുഴകളങ്ങായിതാ
തിരയിളക്കുന്ന കടലുതാനാവതും !

പൊതിച്ചനല്‍കേരഫലത്തിനുള്ളിലെ  
മതിമയക്കുന്നമധുവിന്‍ മാധുര്യമോ 
അറിഞ്ഞുപകരവേ നിറഞ്ഞു തുളുമ്പുമാ
പ്രവാഹമാണതിന്‍  പരിമാണമെത്രയോ!

ഗതിയറിയാതങ്ങുഴറുന്ന മാത്രയില്‍ 
അറിവുതാനഥ ,വെളിച്ചമങ്ങാവതും
ചെറുതതില്ല ,വലുതുമിങ്ങില്ലപോല്‍ 
അറിവുതാനങ്ങണുവിലും പൊരുളിലും 
അറിവിതിങ്ങനെയനന്തമങ്ങാകയാല്‍ 
ഇരുകരങ്ങളും കൂപ്പിഞാന്‍  നില്പ്പിതാ !
അറിവുകൊണ്ടെന്നകതാര്‍ ഉദിക്കുകില്‍
ശിശുവിതെന്റെയിജന്മവും സഫലമായി !!