Sunday, January 22, 2012

സമസ്യ

അരികിലോടിയണഞ്ഞ പൈതല്‍ തന്‍ 
ചൊരിമലര്‍ചുണ്ടു പാതി വിടര്‍ത്തിയിന്ന 
രുമയായ് , നിന്നു മൊഴിയുവതൊക്കെയും
ചകിത ചിത്തയായ് കേള്‍ക്കുവതിങ്ങനെ ...

നിനവിലിന്നലെ കണ്ടു ഞാന്‍ സുന്ദരം 
കിളി വിളിക്കുന്ന കാട്ടുപൂഞ്ചോലകള്‍ 
തരുവിലാകെ തളിര്‍ത്തോരാ പൂക്കളും 
നറുനിലാവെഴും മോഹന രാത്രിയും 

കമുകിനോല വലിച്ചൊരാ കൂട്ടുകാര്‍ 
സകലദൂരം കളിച്ചു പായുന്നതും 
ഇടമെടഞ്ഞോരാ പ്ലാവിലത്തൊപ്പികള്‍
ചടുലവേഗത്തില്‍ തലയിലേറ്റുന്നതും
കറികളങ്ങനെ കണ്ണന്‍ ചിരട്ടയില്‍ 
നിറമിയന്നങ്ങു മാടിവിളിപ്പതും 
അരികിലോലക്കുടക്കീഴില്‍ തോഴിമാര്‍ 
പെരിയൊരോലയെ കുഞ്ഞായ് ഗണിപ്പതും
നിറമിയലും ചെറു കടലാസുതോണികള്‍ 
ഗതിയറിയാതങ്ങുഴറുന്ന കാഴ്ചയും 
സുഖദ സ്വപ്നമായ് കണ്ടു ഞാനിന്നലെ 
ഇനിയിതൊക്കെയും തിരികെയിങ്ങെത്തുമോ ?

തിരികെയുത്തരം ചൊല്ലുവാനാകാതെ
കനലെരിഞ്ഞങ്ങുനിന്നുപോയ് ഞാനിതാ 
പുതുയുഗത്തിന്റെ നോവുന്ന ഹൃത്തുമായ് 
പുതിയ മാനവന്‍ മുന്നില്‍ നില്‍ക്കുന്നുവോ ?

സ്മ്രിതിപഥങ്ങളില്‍ കുളിരു പെയ്യുന്നൊരാ
പഴയകാലത്തിന്‍ തള്ളിക്കയറ്റമോ,
ഇവിടെ തെല്ലുമേ നുണയുവാനില്ലാത്ത 
മധുമയങ്ങുന്ന കാറ്റിന്റെ തേങ്ങലായ്
പുതിയ ചോദ്യശരങ്ങളായിന്നെന്റെ 
വ്രണിത ചിന്തയില്‍ കുത്തിനോവിക്കുന്നു .

വിഷമണം പേറും കാറ്റിന്നിരമ്പലും
മണമിയലാത്തൊരാ കടലാസു പൂക്കളും 
ചിതറി മാറുന്ന ഭരണ ചക്രങ്ങളും 
അവിടെ കാര്‍ഗിലിന്‍ പൊട്ടിത്തെറികളും
ത്വരിതമൂരുന്ന വസ്ത്രങ്ങള്‍ പോലവേ 
ദൂരെയെറിയും മനുഷ്യബന്ധങ്ങളും 
പുതുയുഗത്തിന്റെ മാത്സര്യ ഭാഷ്യവും
ഇവിടെ ഇന്നിവനാകെ പരിചയം .!

തിരികെയോതുന്നതൊക്കെയും പൈതലിന്‍ 
ചിറകുതല്ലിക്കൊഴിക്കലായേക്കുമോ !
പാറിടട്ടവന്‍ തന്നുടെ ഭാവന 
ചിറകുയര്‍ത്തുന്ന സ്വപ്നത്തിലെങ്കിലും 
വാണിടട്ടവന്‍ നവ്യ കുസുമങ്ങള്‍ 
സുഖദമുണരുന്ന ജാഗ്രത്തിലെങ്കിലും !

2 comments:

  1. പുതുകാലത്തിന്റെയെല്ലാ നോവുകളും അനുവാചകന് അനുഭവപ്പെടുന്ന അര്‍ത്ഥവര്‍ത്തായ കവിത .
    ആശംസകള്‍

    ReplyDelete
  2. എന്റെ കവിത വായിച്ചതിനും അഭ്രിപ്രായമാറിയിച്ചതിനും നന്ദി . ഇനിയും എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുമല്ലോ

    ReplyDelete