Wednesday, December 19, 2012

ചിത്രം






ചിത്രം 


വെയില്‍ വന്നൊരു മുത്തമിടുമ്പോള്‍

മിഴിവാര്‍ന്നൊരു പാരിതു തന്നില്‍ ,

സമദൂരമളന്നു നടക്കും 
നിഴലിന്നൊരു ഭംഗിയതൊന്നേ!

മഴവന്നു വിളിച്ചതു കേട്ടി
ട്ടഴകാര്‍ന്നു ചിരിച്ചു രസിക്കും 

പുതുനാമ്പുകള്‍ തന്നുടല്‍ തന്നില്‍ 
ജലകേളികള്‍ മുത്തുകളായി!

കരിമേഘക്കടലുകളാകെ,
മയിലിന്നുള്‍പ്പുളകവുമായി

തിരതന്നില്‍ ചലനവുമായി 
അലസം മൃദു മാരുതനെത്തി!

സിരതന്നില്‍ പടരുന്നഗ്നി
ജനിമൃതികള്‍ക്കര്‍ത്ഥം തിരയെ 

ഇണചേര്‍ന്നു കിടക്കും വള്ളികള്‍ 
അകലത്താ മൃഗതൃഷ്‌ണകളും !

വിടരും നറുമുകുളങ്ങളിലായി
ഭ്രമരങ്ങള്‍ മൂളിനടക്കെ 

അടരുന്ന ദളങ്ങള്‍ക്കുള്ളില്‍
അണയാത്തൊരു മോഹമിരിക്കെ

പുതുമഴയാ മണ്ണു കുളിര്‍ക്കെ 
ഉയരുന്നൊരു ഗന്ധവുമെന്നില്‍

അറിയാത്തനുഭൂതി നിറയ്ക്കെ 
കുളിരാര്‍ന്നു  വിറയ്ക്കും ദേഹം !

വിജയത്തിന്‍ പടഹധ്വനിയായി 
ഇടിമിന്നലൊളിച്ചു കളിയ്ക്കെ 

സടപോയൊരു സിംഹമതൊന്നില്‍
ജഡരാഗ്നിയുയര്‍ന്നു ജ്വലിയ്ക്കെ,

ഫലമേറെ നിറഞ്ഞങ്ങണിയായി
തരുശാഖികള്‍ മുട്ടിയുരുമ്മും

വിരിയും മഴവില്ലിന്നൊപ്പം
ഉയരും ശലഭങ്ങള്‍ ചിത്രം !

ഒഴുകിന്നിതു നദിയായി ഞാനും 
അഴിയുന്നിങ്ങെന്നില്‍ കാലം 

ഒടുവില്‍ പല ദൂരം താണ്ടി 
അണയുന്നാ കടലതു തന്നില്‍ !!





10 comments:

  1. ഭാവന ചിറകു വിടര്‍ത്തി പറന്നുയരുമ്പോള്‍ നല്ലൊരു ചിത്രം മനസ്സില്‍ വിടരുന്നു. അത് അതേപടി വായനക്കാരില്‍ എത്തിക്കുവാന്‍ സാധിക്കുക എന്നത് എത്ര ആനന്ദകരം! അവര്‍ക്കും അത് എത്തിക്കുന്ന ആള്‍ക്കും. ടീച്ചറുടെ ഈ രചന വായിച്ചപ്പോള്‍ - അല്ല പാടിയപ്പോള്‍ - അതാണ്‌ എനിക്ക് തോന്നിയത്. ശ്രുതി മധുരം, ശ്രവണ മധുരം, സന്തോഷ ദായകം!

    ReplyDelete
    Replies
    1. Premakumaran Nair Malankotന്റെ ഈ അനുവാചക കുറിപ്പിന് വളരെ നന്ദി

      Delete
  2. ഒഴുകുന്ന നദിയായ് ദൂരം താണ്ടി അവസാനം കടലില്‍ പതിക്കുമ്പോള്‍ അതുവരെയുള്ള കാഴ്ചകള്‍ ഒരു ചിത്രം പോലെ മനസ്സില്‍ പതിപ്പിച്ച വരികള്‍

    ReplyDelete
    Replies
    1. പട്ടേപ്പാടം റാംജി അങ്ങെയുടെ ഈ പ്രോത്സാഹനം എന്നും നന്ദിയോടെ സ്മരിക്കും

      Delete
  3. നന്നായിരിക്കുന്നു കവിത.
    ഭാവസുന്ദരമായ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ സര്‍
      ഈ പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  4. Replies
    1. ഇലഞ്ഞിപ്പൂക്കള്‍ ഈ നല്ല വാക്കിന് വളരെ നന്ദി

      Delete
  5. മുമ്പുള്ള വിവര്‍ത്തനങ്ങള്‍ വായിച്ചപ്പോഴെ അറിയാമായിരുന്നു മികവോടെ തനതുകവിതകള്‍ ചമയ്ക്കാനും കഴിയുമെന്ന്.


    അതിമനോഹരം

    ReplyDelete
  6. വളരെ മനോഹരമായ കവിത .പ്രകൃതിയുടെ മനോഹാരിത ചാലിച്ച വരികള്‍ .മനസ്സിലേക്ക് ഒഴുകി വരുന്നു രചന .ആശംസകള്‍

    ReplyDelete