Thursday, March 21, 2013

വിത്തും കൈക്കോട്ടും



വിത്തും കൈക്കോട്ടും  
"നെല്ല് ഇതേതു മരത്തിലുണ്ടാവണൂ 
ചൊല്ലൂ മാഷേ........
വിഷമത്തിലാഴ്ന്നു ഞാന്‍ "!! 
കുഞ്ഞിനാകെയിന്നന്യമാം സുന്ദര 
ലോകമെന്തു വരച്ചോന്നു കാട്ടുവാന്‍ ?
ഞാനുമൊന്നങ്ങു കുററമെല്‍ക്കുന്നിതിന്‍
കാരണങ്ങള്‍ ചികയുന്ന നേരവും
ഇന്നു പാണ്ടിയില്‍ നിന്നിങ്ങു വണ്ടികള്‍
വന്നു ചേര്‍ന്നാല്‍ നിറയും വയറുകള്‍
നിന്നു വീര്‍പ്പിട്ടു നില്‍ക്കും കളപോലും 
ചെന്നു ചേര്‍ന്നാ തരിശാo വയലതില്‍ !
ഇന്നു കാതുകള്‍ക്കന്യമാം പാട്ടിന്റെ 
നല്ല ശീലുകള്‍ കേള്‍ക്കും സ്മൃതിയിലും 
ഒന്നു ചെന്നാ കലപ്പതന്‍ തുമ്പത്തു
നിന്നു തള്ളിക്കുതിക്കുവാന്‍ വെമ്പി ഞാന്‍ 
പിന്നില്‍ നിന്നും ,വരിയായ്‌ വിതറിയ 
പൊന്‍മണികളില്‍ സ്വര്‍ണ്ണം വിളങ്ങവേ ,
തേക്കൊട്ടയും ചക്രവും ,ചേലുള്ള 
ഞാറ്റുപാട്ടിന്നകമ്പടിത്താളവും !
ഊറ്റമായ്‌ ,നിന്നു കെട്ടുതലയിലായ്‌
ഏറ്റിവന്നു വരമ്പിന്‍ നിരത്തവേ
മുറ്റിനില്‍ക്കും കുസൃതിയാലാകവേ
ചേറു തെറ്റിയെന്‍ തോഴന്‍ , ചെറുമനും 
കൊച്ചു തൂമ്പയീ കയ്യിലും വെച്ചു കൊണ്ട -
-ച്ഛനൊപ്പം കിളയ്ക്കാന്‍ കുതിക്കവേ 
മഞ്ഞുതുള്ളിയാ തുമ്പിലായ് തുള്ളുന്ന 
ഞാറതിന്‍ ചേലു കണ്ടു കൊതിച്ചു ഞാന്‍ !
ആ കളകള്‍ ,പറിച്ചങ്ങു നീക്കിയാ കൊച്ചു -
തെങ്ങതിന്‍ ചോട്ടില്‍ നിരത്തവേ 
മെച്ചമായ്‌ വരും തെങ്ങിന്‍ കുലകള്‍ തന്‍ 
കൃത്യമെണ്ണം പറയും പണിക്കരും 
ആ ചെറുമികള്‍ ,നീങ്ങി നിരകളായ്
കൊയ്തുപാട്ടിന്റെയിമ്പം മുഴങ്ങവേ 
പൊങ്ങിയാര്‍ത്തു തിളങ്ങുന്നരിവാളിന്‍
വായ്ത്തലകള്‍ വിളങ്ങും വെയിലതില്‍ !
കറ്റക്കെട്ടുകള്‍ ,കണ്ടാല്‍ ഉരല്‍പോല്‍ 
തൂങ്ങിയാടും കതിരോ മണികളും 
അങ്ങകലേക്കു നീളും വരമ്പതിന്‍ മേലെ 
നീങ്ങുന്നു കറ്റതന്‍ കെട്ടുകള്‍ 
മുറ്റമെത്തി ,നിരത്തി വരികളായ്‌
ചാരി വച്ചു വിയര്‍പ്പു തുടയ്ക്കവേ 
മോരുമെത്തി ,മുളകങ്ങുടച്ചിട്ടൊ-
-രുപ്പു ചേര്‍ത്തു രസിച്ചു കുടിക്കുവാന്‍ !
കറ്റ മെതിക്കാനൊരുക്കും കളങ്ങളില്‍
ശബ്ദഘോഷങ്ങളുല്‍സവമാകവേ
ചുറ്റുമെത്തിയങ്ങാര്‍ത്തു കളിക്കുവാന്‍ 
കച്ചിമേലേ മറിഞ്ഞു രസിക്കുവാന്‍ 
നീളമേറും കയറ്റുപായൊന്നതില്‍
നീളെ ചങ്ങഴി ,നാഴി ,പറകളും
ആ പതങ്ങള്‍ അളക്കും കരങ്ങളില്‍ 
ലക്ഷ്മിതാനും നിറഞ്ഞു കളിപ്പതും 
ലക്ഷണങ്ങള്‍ നിറഞ്ഞ പത്തായവും 
ലക്ഷദീപം കൊളുത്തും പ്രതീക്ഷയും 
ഈക്ഷണത്തില്‍ മനസ്സില്‍ കുളിരുമായി 
ഉത്സവങ്ങള്‍ നിറയുന്ന ബാല്യവും !
നൂറുമേനി വിളഞ്ഞ വയലതില്‍
അംബരത്തോളമെത്തുന്ന 'ഫ്ലാറ്റുകള്‍ '
മേനിയിന്നു പറഞ്ഞു നടക്കുവാന്‍ 
മാനമത്രേ പണയം കൊടുപ്പു നാം 
മാനസങ്ങളില്‍ നന്മതന്‍ വിത്തുകള്‍ 
പാകിയെങ്കിലും പാപമകറ്റിടാം
ഈ വിളറി വെളുത്തൊരീ ഭൂമിയില്‍ 
ഒത്തുചേര്‍ന്നങ്ങു പച്ച പുതച്ചിടാം !!