Wednesday, March 22, 2017

തണല്‍

തണല്‍ ...
---------

എനിക്കും  നിനക്കും
തണല്‍ തരാനൊരേ മരം
ഒരു കനല്‍ ചൂടില്‍
എരിയുമ്പോള്‍ ഇരുവരും
എരിയുന്നൊരുള്‍ക്കാമ്പ്
നനയുവാനൊരു തുള്ളി
അമൃതമായ് തണലിന്നു
സുഖദമായ് കിനിയവേ
ദലമര്‍മ്മരങ്ങളില്‍
കുസൃതിക്കു വഴിയൊത്തൊ-
-രിളമുറക്കാരനാം
കാറ്റു വന്നെത്തിയോ?
ജനനമരണങ്ങള്‍ തന്‍
കഥ ചൊല്ലി ഇലകളും
ചിരിയാര്‍ത്തു മഴയായി
താഴേക്കു പോരവേ
നിറമോലും പൂക്കളും
കനികളും മധുരമായ്
സ്മൃതികളില്‍ കുളിരുള്ളൊ-
-രോര്‍മ നിറയ്ക്കവേ....


അകലെയായ് എരിയും മരങ്ങളോ
നെടുവീര്‍പ്പില്‍
ഗതകാലസ്മരണ തന്‍
ഉയരും പുകച്ചുരുള്‍
പുഴകള്‍ മരിച്ചു
മണല്‍ത്തടം വെറിവീണു
വയലുകള്‍ കനലാളി
വെണ്ണീറിന്‍ കൂനകള്‍
മണ്ണിന്‍റെ ഉള്ളറ പോലും
ജലം വറ്റി
മനസ്സുകള്‍ തരിശു നിലങ്ങളായ്
നന്മ മരിയ്ക്കവേ
മഴമേഘമണയുവാന്‍
കൊതിയോടെ  വേഴാമ്പല്‍
മിഴികളില്‍ കണ്ണീര്‍പ്പുഴകളും കരുതവേ
പകതെല്ലുമില്ലാതീ
മരമെങ്കിലും പാരില്‍
കരുതുവാന്‍ കൈകോര്‍ത്തു
നില്‍ക്കുകീ നമ്മളും ..!!

3 comments:

  1. നല്ല കവിത
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  2. പകതെല്ലുമില്ലാതീ
    മരമെങ്കിലും പാരില്‍
    കരുതുവാന്‍ കൈകോര്‍ത്തു
    നില്‍ക്കുകീ നമ്മളും ..!!
    What is the essence of life except hope? You have expressed it well. Congratulations.

    ReplyDelete