Monday, February 27, 2012

വൃന്ദാവനം ഇന്ന് വിധവാവനം.

 • 2012 - ജനുവരി , 22  - ലെ  മാതൃഭൂമി  വാരാന്തപ്പതിപ്പിലെ അഡ്വക്കേറ്റ് -രാധികയുടെ 
 • വിധവകളുടെ സ്വന്തം വൃന്ദാവനം  എന്ന ലേഖനം പ്രചോദനമായത്  • വൃന്ദാവനം ; ഇന്ന്  വിധവാവനം.
 • ചൂഴ്ന്നുനില്‍ക്കുന്നോരിരുളിലെ മോക്ഷപഥം
 • ഗതിതെറ്റിയുഴറുന്നോരായിരം വിധവകള്‍ 
 • വിജനതയിലേക്കുറ്റു നോക്കുന്നിടം 
 • സ്മൃതിയിലും,ഗോപുരച്ചുമരിലും തെളിയുന്ന 
 • കൃഷ്ണ-രാധാ  ലീലാ  കേളികളും 
 • അവിടെക്കവിയുന്ന നേര്‍ച്ച  ണ്ഡാരങ്ങൾ. 
 • അനവദ്യസുന്ദര ദൃശ്യങ്ങളും..’
 • തിലകക്കുറിയും ,തിളങ്ങുന്ന വസ്ത്രവും 
 • അണിയുന്ന മൂര്‍ത്തികള്‍ ,അത്ഭുതങ്ങള്‍ !

 • """"""""""""""""""""""""""""""""

 • ഇവിടെ ,ഈ തെരുവില്‍ ,തിരസ്കൃതരായിതാ
 •  കഴിഞ്ഞ കാലത്തിന്‍ വിഴുപ്പുഭാണ്ഡം
 • അണിയുവാനാകില്ല,ചമയങ്ങള്‍ ,ഇന്നവര്‍ 
 • മരണം കൊതിക്കുന്ന മാംസപിണ്ഡം 
 • .ബാല്യത്തിലേ ,അമ്മയായവര്‍ ,മാരന്റെ ;
 • മരണത്തിലൂടെ പെരുവഴിയിലായവര്‍ 
 • ആര്‍ത്തിയോടെത്തും കഴുകര്‍തന്‍ കണ്ണില്‍ -
 • നിന്നാഞ്ഞു മറയ്ക്കും മുഷിഞ്ഞ വേഷം .
 • പിന്നെയൊരുവേള വിലപേശി വിറ്റുപോം
 • ജഢരാഗ്നി കത്തിയുയര്‍ന്നിടുമ്പോള്‍

 • """"""""""""""""""""""""""""""""""
 • യമുനയിലൊഴുകുന്ന മാംസപിണ്ഡങ്ങളില്‍
 • യദുകുലസ്ത്രീകള്‍ തന്‍ രോദനങ്ങള്‍ 
 • യമനെത്തിയണയുവോളം വരെ ജീവനെ-
 • -യതിരറ്റു  കാമിച്ച കാമിനികള്‍
 • കമനീയ വര്‍ണ്ണനാ കേളികളാടിയ
 • വൃന്ദാവനം തന്നില്‍ ശോകമൂകം  !
 • കാഞ്ചനകാഞ്ചി കിലുക്കുന്ന കണ്ണനിന്നാ-
 • -മയം തീര്‍ക്കാന്‍ വരുന്നതല്ല 
 • പാടിക്കഴിയും ഭജനതന്നന്ത്യത്തില്‍ 
 • വീണു കിലുങ്ങുന്ന തുട്ടുമാത്രം ,
 • കാതില്‍ മുഴങ്ങുന്നു ,പോയജന്മത്തിലെ 
 •  കാര്‍മുകില്‍ വര്‍ണ്ണന്റെ രാധകള്‍ക്കും .

Saturday, February 25, 2012

മഴയ്ക്കും പനി


പുകയും ഗോപുരങ്ങളാ
കുടയില്‍ വിള്ളല്‍ വിഴ്ത്തവേ
മഴയ്ക്കും താപം ,തുള്ളലായ്‌
വിറച്ചും ,ചുമ; ഇടിമിന്നലായ് 

തിളയ്ക്കും സാഗരങ്ങളില്‍ 
തളിയ്ക്കും അമ്ലതുള്ളികള്‍ 
പുളയ്ക്കും ജീവരേണൂവിന്‍
തപിക്കും ധാതുവേരുകള്‍ 

പ്രകൃത്തിന്‍ ശ്വാസകോശത്തിന്‍ 
വമിക്കും വിഷധൂപികള്‍ 
മഴയ്ക്കും വര്‍ണ്ണമേറെയായ്
കുഴയ്ക്കും ശാസ്ത്ര ചിന്തയില്‍ 
ഗണിച്ചും കിഴിച്ചുമാ 'ക്ലോണ്‍ '
കളത്തില്‍ കരുക്കളാകവേ
കഴുത്തില്‍ കുരുക്കു വീണപോല്‍
കരയാന്‍ കരുത്തു പോയിപോല്‍

മഴയെ ശപിയ്ക്ക വയ്യ .മേല്‍ 
മഴയും പനിച്ചു വീണുപോയ്!!!

രാഗം"അല്ല മാംസ നിബദ്ധമല്ല രാഗം"
            ഇതു  പഴമൊഴി .

രാഗം മാംസനിബദ്ധം,യാന്ത്രികം
ഇതു പുതുയുഗത്തിന്‍ പുതുമൊഴി 
"""""""""""""""""""""""""""""""""""""""""""
അന്ന് ;ചിന്തയില്‍ ,ഗോപ്യമായ് 
രാഗരേണുയണയവേ,ജാള്യത!
ഇന്ന് ;ഭാജനം, ആയിരം
മൊബൈല്‍ വിളികള്‍ ,ചാറ്റിംഗ് 
പ്രണയത്തിന്നുത്സവം !!
""""""""""""""""""""""""""""""""""""""""""
ഇന്നെനിക്കു "ലൈനുകള്‍ "  ആയിരം നാളെ വേറെ
മെസേജിന്‍ ;വാചക -
ഘടനയല്‍പ്പം മാറ്റാം ,മിനുക്കാം
പ്രണയത്തിന്‍ മസാല ,ചേര്‍ത്തരച്ചു ചാലിക്കാം
കൂടെ കൊച്ചുപുസ്തകമൊന്നു ചേര്‍ക്കാം ,സിഡി
ധൈര്യമുണ്ടെങ്കില്‍ നോട്ടുബുക്കില്‍ തിരുകാം
രാത്രി ;"മിസ്കോളടിച്ചു"കളിയ്ക്കാം ,പിടിക്കില്‍
പേരുമാറ്റിപ്പറഞ്ഞിടാം
"നെറ്റില്‍ " 'ചാറ്റ് 'ചെയ്തു രസിച്ചിടാം
മൊബൈല്‍ ലേറ്റസ്റ്റു തന്നെ വാങ്ങിടാം 
ഫോട്ടോ ,മോര്‍ഫിങ്ങിനായ്ക്കൊടുത്തിടാം 
പിന്നെ,ബ്ലാക്മെയിലു  ചെയ്തു  രസിച്ചിടാം 
ഏറെ വാര്‍ത്ത വരികില്‍ 'ഹീറോ'ചമഞ്ഞീടാം
നാളെ ;ലൈനുകള്‍ കൂട്ടാന്‍ അതുമതി !


   

പരീക്ഷ


അന്നൊരിക്കലാ മാര്‍ച്ചില്‍ ,പരീക്ഷാ ഹാളില്‍
ചുട്ടുപൊള്ളുന്ന ചൂടിലായ് നില്‍ക്കവേ
ഒന്നുകണ്‍ചിമ്മി നോക്കിയതോ ദൂരെ
മരക്കമ്പുകള്‍ പൂത്തു നില്‍ക്കുമതു തന്നില്‍

ആ നയനമാനോഹരമാം കണിക്കൊന്ന
പൂക്കുവതെങ്ങനെയെന്നൊക്കെ
ചിന്തചെയ്കയും ,പേപ്പര്‍ കൊടുക്കയും 
ഹാളിലൂടെ ബെഞ്ചുകള്‍ക്കിടയിലായ്
ഏറെ നേരം നടന്നു വീക്ഷിച്ച ഞാന്‍
കൂട്ടിയും കിഴിച്ചും വെട്ടിത്തിരുത്തിയും
ഓര്‍മഞെക്കിപ്പിഴിഞ്ഞു ചാറെടുത്താ-
പേപ്പറില്‍ തേച്ചു മിനുക്കും  കൂട്ടത്തിന്റെ
കനത്ത നിശ്ശബ്ദതക്കുള്ളിലായാമഗ്നയായ്.

കൊടുക്കും പേപ്പറിന്നെണ്ണം  കൃത്യമായെഴുതിയും
ഒരിക്കല്‍പോലും ശ്രദ്ധ തെറ്റാതെയിരുത്തിയും
തിടുക്കം ചെന്നു പേപ്പര്‍ കൊടുത്തു നടക്കുമ്പോള്‍
പുറത്തു പൂത്തുനിന്നാമരക്കൊമ്പതിന്റെ
കഴുത്തില്‍ കത്തിവീണ വാര്‍ത്ത ഞാനറിഞ്ഞില്ല .
ഇടയ്ക്കെന്‍ കണ്ണുമേലേയുയര്‍ത്തി നോക്കിയപ്പോള്‍
കടയ്ക്കല്‍ വെട്ടുവീഴും കനത്ത ഞരക്കങ്ങള്‍ .

സമയം കിട്ടാതേറെയുഴഞ്ഞു മാറ്റിവെച്ച
എഴുതാന്‍ ബാക്കിയായ ചോദ്യത്തിനുത്തരം പോല്‍
വലിയ വിടവുകള്‍ തീര്‍ക്കുമീക്കശാപ്പുകള്‍
ശൂന്യമാം കടലാസായ് മാറ്റുമീ പ്രപഞ്ചത്തെ !!

സാംസ്ക്കാരിക ഗ്രഹണം


സൂര്യന്റെ മുഖവും മൂടി
ചന്ദ്രന്റെ ഗ്രഹണം വന്നോ
നീര്‍ക്കോലികള്‍ തലയും പൊക്കി
കേമന്‍മാര്‍ ചമയുന്നോ ?
നാട്ടാരുടെ മുതുകില്‍ കേറി
ഓട്ടോകള്‍ പായുന്നേ
മോട്ടോറുകള്‍ കൊടിയും പാറി
പൊടിപാറിപ്പായുന്നേ
മൈക്കിന്റെ ബഹളം കൊണ്ട്
വെപ്രാളം കൂടുന്നേ
ചെവി പൊത്തൂ ,മൂക്കുകള്‍ പൊത്തൂ
ശ്വാസം പോയി  പിടയുന്നേ
നൂറിന്റെ ബള്‍ബുകള്‍ മിന്നും
ചിരിയെല്ലാം ഫ്യുസായി
കണ്ടാലൊട്ടറിയുന്നീലാ
മിണ്ടാനോ സമയം പോരാ .
പണ്ടത്തെ ഗാന്ധിയെ നമ്മള്‍
വെടിവെച്ചു തകര്‍ത്തില്ലേ
ഇന്നിന്റെ കാന്തിയെ നമ്മള്‍
ഇഞ്ചിഞ്ചായ് കൊല്ലുന്നോ ?
കുടിയന്മാരുടെ കാശും കൊണ്ട്
മണിമന്ദിരമുയരുന്നേ
കുടല്‍ തോറും എരിപൊരിയും
കുടില്‍തോറും നിലവിളിയും
തരികിടതാം തിത്തോം പാടി
കുടിയന്മാരലയുന്നേ
'തടി' പോയി ,കുടലുംപോയി
കരളുരുകിപിടയുന്നേ
ഓണത്തിന്‍ പൂക്കളമയ്യോ
'ടിവി 'യില്‍ തീര്‍ക്കുന്നേ
ഉപ്പേരിപപ്പടമെല്ലാം
മാസികകള്‍ തീര്‍ക്കുന്നേ
തരികിടതാം തിത്തോം പാടി
തിരുവോണം പോയല്ലോ
പിരിവിന്റെ ശല്യം തീര്‍ന്നോ
കയ്യിലുള്ള കാശും തീര്‍ന്നോ ?
'കൊലവെറി' പാടികൊണ്ട്
മുക്കവലകളാടുന്നേ
പാട്ടിന്റെ ഈണത്തില്‍
കുഞ്ഞുങ്ങള്‍ വാടുന്നേ
പിള്ളാരെ വണ്ടീലിട്ടു
നാടാകെ ചുറ്റുന്നേ
വൈകിട്ടോ ,കൂനികൂടി
കുഞ്ഞുങ്ങള്‍ തളരുന്നേ
അങ്ങേതിലെ നങ്ങേലിക്കൊരു
ചൂരിദാര്‍ വാങ്ങിച്ചേ
ഇങ്ങേലെ പെമ്പിള്ളാര്‍ക്കും
മാക്സികളും മേടിച്ചേ
പെണ്ണുങ്ങള്‍ക്കനങ്ങാന്‍ വയ്യേ
വണ്ണത്താല്‍ വിങ്ങുന്നേ
വൈദ്യന്റെ വീടിനു മുന്നില്‍
ജാഥകള്‍ പോല്‍ 'ക്യു' നീളുന്നേ
ഗള്‍ഫിലുള്ള കുഞ്ഞിനെക്കാത്തങ്ങ-
-പ്പൂപ്പന്‍ മോര്‍ച്ചറിയിലും
കരയുന്ന സിഡികളിന്നോ
വീടുകളില്‍ തേങ്ങുന്നേ
എന്തെല്ലാം കണ്ടെന്നാല്‍
ഈ ജന്മമൊടുങ്ങീടും
എന്തെല്ലാം കേട്ടെന്നലീ
ഗ്രഹണത്തിന്നിരുളുകള്‍  മാറും?

Friday, February 24, 2012

പരിദേവനം


കെട്ടുപൊട്ടിച്ചങ്ങരികിലെത്തീടുവാന്‍
പാലുവലിച്ചു കുടിച്ചു രസിച്ചിടാന്‍
അമ്മതന്‍ വാത്സല്യ ധാര നുകരുവാന്‍  
എന്നിലുദിച്ചോരു മോഹം കുതിക്കുന്നു .
============================

പാത്രവും കയ്യിലങ്ങേന്തിനടക്കുന്ന
കാഴ്ചയെന്‍ ചങ്കിനെയേറെ നുറുക്കുന്നു .
കെട്ടഴിക്കാനങ്ങടുക്കുന്നതു കണ്ട്
തുള്ളിക്കുതിച്ചു ഞാനമ്മതന്നോമന        
നീട്ടിവലിച്ചു നുണഞ്ഞു ഞാന്‍ പാല്‍നുര
അമ്മ ചുരത്താന്‍ തുടങ്ങി തുരുതുരെ
അമ്മതന്‍ നാവിനാലെന്നെത്തഴുകവേ
കെട്ടിവലിച്ചിതാ ദുഷ്ടതന്‍ കൈകളും
പാത്രത്തില്‍ വീഴുന്ന പാലിന്റെ ശബ്ദവും
കത്തുമെന്‍വയറിന്റെ ഉള്‍വിളിതേങ്ങലും
പാല്‍നുരമൊത്തുവാന്‍ ഞാന്‍ തല നീട്ടവേ
എന്നുടെ ദു: ഖമോര്‍ത്തമ്മയും തേങ്ങിയോ ?

ഉള്ളിലെതേങ്ങല്‍ വഴിഞ്ഞോഴുകീടവേ
നോക്കിത്തിരിഞ്ഞമ്മ കണ്ണുനീര്‍ വാര്‍ത്തിതോ?
പാത്രം നിറച്ചിതാ പോകുന്നു ദൂരേക്ക്
കെട്ടഴിഞ്ഞെത്തി ഞാനമ്മതന്‍ ചാരത്ത് ,
ചപ്പുന്നിടിക്കുന്നൊഴിഞ്ഞോരകിട്ടിലായ്‌
എന്നിയെറിഞ്ഞമ്മ ചാടുന്നു പിന്നെയും
മാടിവിളിക്കുമാ പുല്ലില്‍ നാമ്പുകള്‍
വാടുന്നൊരെന്‍ മനം തേടുന്നൊരന്‍പുകള്‍ !


     

Thursday, February 23, 2012

കഴലിണയില്‍കഴലിണയില്‍

കരയുമെന്നകതാരിലൊരുമാത്രയെങ്കിലും
കനിവിന്റെ കുളിര്‍മഴ പെയ്തുവെങ്കില്‍
കരുണതന്‍ കാതലായ് വാണിടുന്നോന്‍
കിനിയുന്ന സാന്ത്വനം തന്നുവെങ്കില്‍
കണ്ണീര്‍ തുടയ്ക്കുന്ന കണ്ണനിന്നെന്‍ മുന്നില്‍
കനകപ്രഭയായ് നിന്നുവെങ്കില്‍
കതകുകള്‍ താനേയടഞ്ഞിടുമെന്റെയാ
കനവിയലാത്തൊരാ ശോകഗേഹം .
കാഞ്ചനകാഞ്ചികിലുക്കിയാക്കണ്ണനെന്‍
കാണിക്കയാമാശ്രുവേറ്റുവാങ്ങും
കാണിടും ഞാനപ്പോള്‍ ദ്വാരകതന്നിലെ
കാലികള്‍ കൂട്ടവും ,കേളികളും
കാലേയുണര്‍ന്നങ്ങു പാടും കിളികളും
കണ്ണനെക്കാണും കുചേലനെയും
കാറ്റിലൊഴുകുന്ന പാട്ടിന്റെ ശീലുകള്‍
കുഴല്‍വിളിയോ, കിളികൂജനമോ ?
കാര്‍വര്‍ണ്ണനൊത്തങ്ങു പാടിത്തിമിര്‍ത്തു ഞാന്‍
കേളികളാടിയലിഞ്ഞു ചേരും .
കാണാത്ത ഗേഹമാം നാകത്തിലന്നു ഞാന്‍
കാല്‍കുത്തിയൊന്നു നിവര്‍ന്നു നില്‍ക്കും
കാതും ,കരളും കവര്‍ന്നങ്ങുയരുന്ന
കീര്‍ത്തന ഗാനങ്ങള്‍ കേട്ടിടുമ്പോള്‍
കാലങ്ങളായ് നോമ്പു നോറ്റോരാ സ്വപ്നങ്ങള്‍
കാലേയടുത്തെത്തി നില്‍ക്കുവതായ്
കാണാകും കാനനം തന്നിലലഞ്ഞോരാ
കാതരയാം കൊച്ചു പൈങ്കിളിയ്ക്കും
കാതങ്ങള്‍ക്കപ്പുറമല്ലപ്പോള്‍ കണ്ണന്‍ ; തന്‍
കാലിലായ്‌ വീണു കിടന്നിടും ഞാന്‍ !

മുട്ടകള്‍ ,കുപ്പികള്‍


ദുഷ്ടരാം മര്‍ത്യരെന്‍ മുട്ടകള്‍ കക്കവേ 
തപ്പുന്നു ഞാനിതാ കുപ്പികള്‍ ചുറ്റിലും 
മുട്ടകള്‍ തിന്നു മദിക്കുന്നു നിങ്ങളും 
കുപ്പികള്‍ തട്ടിക്കളിക്കുന്നു ഞങ്ങളും 
മുട്ടകള്‍ തിന്നവര്‍ 'വട്ട'ത്തിലാകുന്നു 
ഊണിന്റെ മേശ ബലിക്കളം തീര്‍ക്കുന്നു 
'അട'യായിയെന്നു പറയുന്നു മാനവര്‍ 
'ജാട'യായത്രേ പഴിയ്ക്കുന്നു കൂട്ടരും 
കുപ്പിയൊരു നല്ല കുട്ടിയായ്‌ തീരുന്നു 
കുട്ടിയെ മാറോടടുപ്പിച്ചു നിര്‍ത്തുന്നു
തട്ടുപലതും കൊടുക്കുന്നു ഞാനെന്നും 
കുട്ടിക്കളിയാലുരുണ്ടു കളിക്കവേ 
കുപ്പിയും ,ഭിത്തിയും കൂട്ടിയുരസുന്ന 
പാട്ടുകള്‍ കേട്ടിന്നും കൂട്ടര്‍ ചിരിക്കുന്നു 
നിങ്ങള്‍ ചിരിക്കുവിന്‍ കൂട്ടരെ ,ഞങ്ങളോ 
ഞങ്ങള്‍ തന്‍ കുട്ടിയാം കുപ്പിയെ മുത്തട്ടെ!!!

പുഞ്ചിരി -എത്രമുഖങ്ങള്‍


                                    
                                      

                                                    "പുഞ്ചിരിക്കൊണ്ടു പുറം

                                                                                 ചട്ടയിട്ടേതു
                                          വഞ്ചനകള്‍ക്കും നടന്നിടാം നിര്‍ദയം"
                                                        ( -ചങ്ങംമ്പുഴ -)
                                           "പുഞ്ചിരി,ഹാ  കുലീനമാം കള്ളം
                                               നെഞ്ചു കീറി  ഞാന്‍  നേരിനെക്കാട്ടാം "
                                                       ( -വൈലോപ്പള്ളി-)
                                             (((()))))((((((())))))(((((((())))))(((((())))


                           എത്രയെത്ര മുഖങ്ങള്‍ , മാനങ്ങളാ
                         പുഞ്ചിരിയില്‍ വരയ്ക്കുന്നു  മാനവന്‍ !!


     പേറ്റുനോവിന്നവസാനമാപ്പാല്‍ -
     പുഞ്ചിരിതാന്‍ നോവാറ്റുന്നിതമ്മയെ!
     എത്ര ദീപങ്ങള്‍ തെളിയ്ക്കുമൊരുദീപം
     അത്ര തന്നെ തെളിയ്ക്കുന്നു പുഞ്ചിരി.


     ഉള്ളിലെക്കനലണയ്ക്കുവാന്‍ പുഞ്ചിരി 
     നന്മതന്‍ കടല്‍ ; പുഞ്ചിരിപ്പൂമഴ 
     പൂവിതള്‍ ;പുഞ്ചിരിക്കൊണ്ടു പോരുന്നു 
     പൂവിറുക്കുന്നവരിലും പുഞ്ചിരി 
     ചൂടുമാപ്പെങ്കിടാവിനും പുഞ്ചിരി 
     ഗന്ധമൂറുന്നവരിലും പുഞ്ചിരി 
     കാമിതങ്ങളില്‍  പുഞ്ചിരിക്കൊള്ളവേ
     കാമനെയ്യുന്നു പുഞ്ചിരിപ്പൂവമ്പ്
     വിങ്ങിവിങ്ങിക്കരയ്യുമാ മന്നനെ 
     തിങ്ങും മോദാല്‍ നിറയ്ക്കുവാന്‍ പുഞ്ചിരി 
     അങ്ങുമിങ്ങുമലയുവോരെപ്പോലും
     മോദമോടങ്ങടുപ്പിക്കും പുഞ്ചിരി 
     പ്രിയമേറുന്നോരോര്‍മകള്‍ , വാക്കുകള്‍ 
     നിറവായങ്ങു നിറയുന്നു ചുണ്ടിലായ്


     അറിയുന്നവരിലും നിറയുമാ        
     അറിവിന്നമൃതമാം  പുഞ്ചിരി
     ഹൃദയം നിറഞ്ഞു പകരവേ 
     നേടുന്നവരിലും  പുഞ്ചിരി 


     ഇരുട്ടില്‍ ;പുഞ്ചിരി ;പൂവിതള്‍ 
     കൂടെച്ചിരിക്കുവാന്‍ ചന്ദ്രിക !
     പകലില്‍ ; പുഞ്ചിരി ;പൂത്തിരി 
     പകരുന്നതോ നിറപ്രകൃതിയും


     വികൃതിയില്‍പ്പോലുമാ പുഞ്ചിരി 
     പ്രകൃതങ്ങള്‍ മാറ്റുന്ന തേന്‍കണം 
     വദനത്തിനാകൃതി മാറ്റുമാ
     അഴകായ്പ്പടരുന്ന പുഞ്ചിരി !!!   
     
                        *അദ്ധ്യാപിക*അന്നെനിയ്ക്കെപ്പോഴും
                      ചിരിയ്ക്കും മുഖം 
അന്യമാകാത്തഭിവാഞ്ചകളും
എന്‍ മുന്നില്‍ , കുതുകികള്‍ ,
നിഷ്കളങ്കര്‍ ,ചേതന;
കണ്‍കളില്‍ സൂക്ഷിക്കുവോര്‍ 
സര്‍വ്വം ശ്രദ്ധയിലാര്‍ജജിച്ചവര്‍
'ഗുരുത്വം' ഇരുത്തമായ് 
പാലിച്ചവര്‍ അന്ന് ;
നിറഞ്ഞ മനസ്സുമായ് പോയി 
ഞാനാ കഴിഞ്ഞ -
കാലത്തിലെയദ്ധ്യാപിക!.
*********************


 കരഞ്ഞു കലങ്ങിയ കണ്ണുമായ് 
 ഉറഞ്ഞു തുള്ളുന്ന കോലമായ്
 പ്രകമ്പനങ്ങളില്‍ കാതടയ്ക്കും 
 പുതിയ കാലത്തിന്റെ ശാപമെന്നോ?
 *****************************


ഇല്ല കുഞ്ഞേ .നീയിന്നിവിടെയില്ല 
ചിന്തയിന്നെവിടെയോ പാഞ്ഞിടുന്നു 
ഇല്ല,കണ്‍കോണിലായാത്തിളക്കം 
ഉള്ളതായെപ്പോഴുമാമയക്കം
***********************


ഇല്ലതെല്ലും ഭയഭക്തി ബഹുമാനം 
താഴ്ന്നു നീ പോവതായറിയുന്നുവോ?
ഗൗരവത്തില്‍ പടച്ചട്ടയിലെന്‍ സ്നേഹ-
വാത്സല്യങ്ങളകന്നുവെന്നോ?
***********************


പുസ്തകകൂട്ടത്തില്‍ ഭാരമാണോ 
ശക്തിയില്ലാതണയ്ക്കയാണോ?
കൊക്കിലൊതുങ്ങാത്ത മോഹവുമായ് 
തിക്കിത്തിരക്കും പിതാക്കളാണോ
***************************


ചുറ്റും മഥിക്കുന്ന ജീവിതത്തില്‍ 
അര്‍ത്ഥമില്ലായ്മകള്‍ കാണ്‍കയാലോ
എന്തു നീയിത്രയ്ക്കു ക്ഷീണിതനായ് 
ശ്രദ്ധയില്ലാതങ്ങുഴറൂകയായ് ?
***********************
ചിത്തഭ്രമത്തിന്നടിമകളായ് 
ചത്തു ജീവിയ്ക്കുക വേണ്ട മേലില്‍ 
സത്തു കൈമോശം വരുത്തിടാതെ
വിദ്യയില്‍ വിത്തവും നേടുക നീ!
**************************
ഇല്ല,കൈപ്പത്തികള്‍ ചെത്തിയാലും 
ചൂരലൊടിച്ചു കടത്തിയാലും 
വയ്യ,പറയാതെവയ്യ മേലില്‍ 
ഞാനും,വിദ്യ -വിളമ്പുകാരി !!
**********************
   

Wednesday, February 22, 2012

മനസ്സ്

മനസ്സ് ,ഒരാകാശം!
അറ്റമേതെന്നറിയാത്ത .
അനന്തവേഗങ്ങള്‍ ഒളിപ്പിച്ച
അപ്രമേയ വിഹായസ്സ്.


ഇടയ്ക്കു കറുത്തും .തെളിഞ്ഞും
വര്‍ണങ്ങളില്‍ വിചിത്രമായ്
ജ്വലിച്ചും ജ്വലിപ്പിച്ചും
വിങ്ങിവിങ്ങി വിമ്മിട്ടമായ്
ഇടയ്ക്കു ചാറിതെളിഞ്ഞും
ഇടിമിന്നലായ് പൊട്ടിത്തെറിച്ചും
ചുറ്റുമുള്ളവയെരിച്ചും,
കൊള്ളിമീനാല്‍ മുറിഞ്ഞും
ആര്‍ത്തലച്ചു പെയ്തൊഴിഞ്ഞും
പിടിതരാതെ പമ്മിക്കളിച്ചും
പതിവായ്‌ പലതുമൊളിച്ചും
പലകുറി താരങ്ങള്‍ മറഞ്ഞും
പിന്നെ ഉണര്‍ന്നും ജ്വലിച്ചും
ഇടയ്ക്കു വെറും തരിശു മണ്ണുപോല്‍
പിന്നെ,മഴയില്‍ നനഞ്ഞു കുതിര്‍ന്നും
ബീജമേതും നാമ്പെടുക്കും വിധം
മേനി ,ഭുമിതാനായ് ചമഞ്ഞും
അറിയാത്താഴങ്ങളില്‍ ലസിച്ചും


ഒച്ചിനെപ്പോലിഴഞ്ഞും
ഒച്ചയില്ലാതെ കിടന്നും
അറിയാതെ ചലിച്ചും ,പിന്നെ
കുതിരശക്തിയില്‍ കുതിച്ചും


ഭോഗിയായ് രമിച്ചും ,പിന്നെ
ത്യാഗിയായ്, ഇടയ്ക്കു യോഗിയായ്
രോഗിയെപ്പോല്‍ കിതച്ചും ,കാറ്റില്‍    
ചേതന ചിതറിത്തെറിച്ചും
മുറിഞ്ഞു ചോരവാര്‍ന്നോലിച്ചും
കൊഞ്ചുപോല്‍ ചുരുങ്ങിവിങ്ങിയും
നിറങ്ങളഴിഞ്ഞോരീ വാനിനെ
വാക്കിനാല്‍ വരയ്ക്കുവതെങ്ങനെ ?

Tuesday, February 21, 2012

കിടാവും , പിറാവും

ഒറ്റയ്ക്കിതെത്രയോ നേരമായെന്‍ മുന്നില്‍
തത്തിക്കളിക്കുമരുമപ്പിറാവേ
എത്രയോ ശക്തമാം കുറ്റിയില്‍ ഞാന്‍ സ്വയം
മുക്തിയെഴാ പ്രാണി ,നീയോ വിഹംഗിണി

നെറ്റിമേല്‍ സൂര്യന്‍പ്പതിച്ചപ്പോള്‍ തന്നെയാ
ശക്തന്‍ കയറില്‍ക്കുരുക്കിയെന്‍ ജീവിതം
ഉച്ചിപൊട്ടും കൊടും വെയിലിലായ് നിന്നു ഞാന്‍
തുച്ചം മമജന്മമാകെക്കരിയുന്നു

ഒറ്റയ്ക്കിതെത്രെയോ നാളുകള്‍ പച്ചയാമി 
പ്പുല്‍പ്പരപ്പിലായ് മേയുന്നു നിത്യവും
ആശിച്ചിരുന്നു ഞാനന്നൊക്കെയെന്നൊപ്പം.
കൂടെച്ചരിക്കാനൊരാള്‍ കൂടിവന്നെങ്കില്‍

മുറ്റുമേകാന്തമാം ദുഃഖത്തിലാഴ്ന്നു ഞാന്‍
ചുറ്റും വിഹംഗങ്ങള്‍ , ഭാഗ്യത്തിടമ്പുകള്‍
പാറിപ്പറന്നവ പോകുമ്പോഴൊക്കെയും
ഞാന്‍ ചൊല്ലി ' ശപ്തം' മമജന്മവൈകൃതം .


ഇന്നു ഞാനോര്‍ക്കുന്നിതന്നൊരു നാളിലെന്‍
ചിന്തയിലര്‍ദ്ധവിരാമാമായ് നീ വന്നു
വായില്‍ പകുതി ചവച്ചു ചതച്ചോരാ
നാമ്പില്‍ നറുമണമൊന്നുമറിയാതെ.


അകലെത്തെവിടെയോ നില്‍ക്കുമെന്നമ്മ -
തന്നരികത്തണയുവാന്‍ വെമ്പല്‍ ഞാന്‍ കൊള്ളവേ
തിങ്ങുന്നമോദത്തോടെന്‍ മുന്നിലന്നു നീ
പാറിപ്പറന്നങ്ങു നിന്നതല്ലേ ?


കൂട്ടുകാരൊക്കെയും താന്താക്കള്‍ വാനങ്ങള്‍
തേടിപ്പറന്നങ്ങകന്നനേരം
നീ മാത്രമെന്തിനോ, നീ മാത്രമപ്പൊഴും
ചാരത്തു പാറിപ്പറന്നില്ലേ പൈങ്കിളി ?


എത്രനാള്‍ പിന്നെയും ,നിത്യം വരുന്നൊരാ
മൌനയാം സന്തതചാരിണിയായതും
അമ്മ പറഞ്ഞു നീയെന്നില്‍ ചരിക്കുന്ന
പ്രാണിപറ്റങ്ങളെ തിന്നാന്‍ വരുന്നതായ്


ഇല്ല ,വിശ്വസിക്കില്ലെന്‍ നിഴലായ് നീ
നില്‍ക്കുന്നു പാടത്ത്, ചാരത്ത് ,കൂട്ടിനായ്
മൌനം നടക്കാം ,നമുക്കീ പെരുംവെയില്‍
മങ്ങി മയങ്ങി തളര്‍ന്നുറങ്ങും വരെ .

Sunday, February 5, 2012

ഇന്നലെ ,ഇന്ന് ,നാളെ

     ഇന്നലെ 
     ***********                                              

 ഏറെ തിളങ്ങും സ്വപ്‌നങ്ങള്‍ 
 പ്രതിക്ഷകള്‍ക്ക് പച്ചപ്പ്‌ 
 ചാറ്റല്‍ മഴയായ് വികാരം ,ഭ്രമകല്‍പ്പന 
 വാക്കുകള്‍ക്കു മുഴക്കം 
 ചിന്തകള്‍ക്കാര്‍ജ്ജവം
 ശരീരത്തിനൂര്‍ജ്ജം 
 വഴികള്‍ ,വലകളായ് മുന്നില്‍ ,
 ആവേശം ;അറിയാത്ത വഴികളില്‍ 
 മസ്തിഷ്ക്കത്തിലണയാത്ത തീയ്
 മുറുകെപ്പുണരും തത്വങ്ങള്‍ !
        
        ഇന്ന് 
       *********

 മുറിയുന്ന സ്വപ്‌നങ്ങള്‍ 
 കാലം തെറ്റിയ മഴകള്‍ 
 ഇടയ്ക്കു തെളിയുമാകാശം 
 അലറിപ്പെയ്യും വികാരം 
 കിതച്ചു തളരും യന്ത്രം ;ശരീരം
 ഇന്ധനം;പ്രതീക്ഷകള്‍ !
 തത്വങ്ങള്‍ ;കാറ്റിലും
 ഇടര്‍ച്ച ,വാക്കിനും 
 തിരിച്ചറിയലിന്‍ ഞെട്ടലുകള്‍ 
 തളര്‍ച്ച ,വീണ്ടും മരീചിക 
 ഊര്‍ജ്ജമൂറ്റിക്കൊടുത്തുണര്‍ത്തും പ്രതീക്ഷ 
 ഊതിതെളിക്കുമുണര്‍വ്,
 ജാഗ്രത ; വാക്കിലും ,നോക്കിലും !


         നാളെ
         *********


 ചെയ്തികളുടെ ബാക്കിപത്രം !
 കാലില്‍ ചുറ്റിപ്പടരും വഴികള്‍ ,
 പുകയും ചിന്തകള്‍
 എന്തിലും ആശയക്കുഴപ്പങ്ങള്‍
 അനുഭവങ്ങള്‍ ,നെടുവീര്‍പ്പുകള്‍
 ആവേശങ്ങളില്‍ അര്‍ത്ഥരാഹിത്യം .
 ഇന്ധനം വറ്റിവരണ്ട യന്ത്രം 
 എണ്ണയിട്ടു മിനുക്കും'വസന്തങ്ങള്‍ '
 പൊയ്പ്പോയ പച്ചപ്പ്തേടും കണ്ണുകള്‍
 മഞ്ഞളിച്ച സ്വപ്‌നങ്ങള്‍
 കണ്ണടവെച്ചു തെളിക്കും പ്രതിക്ഷകള്‍
 മുത്തുകള്‍ തിരഞ്ഞഴിക്കും ഭാണ്ഡങ്ങള്‍
 ഇടയ്ക്കു തെളിയും ചിത്രങ്ങള്‍ ,അനുഭവങ്ങള്‍ !
 ഉള്‍വലിയും ചിന്തകള്‍ .ഓര്‍മ്മകള്‍ .
 ഇനി ; ചാക്രികവലയം പൂര്‍ത്തിയാക്കും വരെ
 നേര്‍ത്ത രേഖയായ് കാണും പ്രകാശത്തില്‍
 ഊര്‍ദ്ധന്‍ വലിച്ചും ,കിതച്ചും തളര്‍ന്നും
 പിന്നെയനാദിയാം ഊര്‍ജ്ജ പ്രവാഹത്തില്‍
 ജന്മദൗത്യങ്ങള്‍ , അവിടെ സമര്‍പ്പിതം !

Saturday, February 4, 2012

കഴലിണയില്‍കരയുമെന്നകതാരിലൊരുമാത്രയെങ്കിലും
കനിവിന്റെ കുളിര്‍മഴ പെയ്തുവെങ്കില്‍
കരുണതന്‍ കാതലായ് വാണിടുന്നോന്‍
കിനിയുന്ന സാന്ത്വനം തന്നുവെങ്കില്‍
കണ്ണീര്‍ തുടയ്ക്കുന്ന കണ്ണനിന്നെന്‍ മുന്നില്‍
കനകപ്രഭയായ് നിന്നുവെങ്കില്‍
കതകുകള്‍ താനേയടഞ്ഞിടുമെന്റെയാ
കനവിയലാത്തൊരാ ശോകഗേഹം .
കാഞ്ചനകാഞ്ചികിലുക്കിയാക്കണ്ണനെന്‍
കാണിക്കയാമാശ്രുവേറ്റുവാങ്ങും
കാണിടും ഞാനപ്പോള്‍ ദ്വാരകതന്നിലെ
കാലികള്‍ കൂട്ടവും ,കേളികളും
കാലേയുണര്‍ന്നങ്ങു പാടും കിളികളും
കണ്ണനെക്കാണും കുചേലനെയും
കാറ്റിലൊഴുകുന്ന പാട്ടിന്റെ ശീലുകള്‍
കുഴല്‍വിളിയോ, കിളികൂജനമോ ?
കാര്‍വര്‍ണ്ണനൊത്തങ്ങു പാടിത്തിമിര്‍ത്തു ഞാന്‍
കേളികളാടിയലിഞ്ഞു ചേരും .
കാണാത്ത ഗേഹമാം നാകത്തിലന്നു ഞാന്‍
കാല്‍കുത്തിയൊന്നു നിവര്‍ന്നു നില്‍ക്കും
കാതും ,കരളും കവര്‍ന്നങ്ങുയരുന്ന
കീര്‍ത്തന ഗാനങ്ങള്‍ കേട്ടിടുമ്പോള്‍
കാലങ്ങളായ് നോമ്പു നോറ്റോരാ സ്വപ്നങ്ങള്‍
കാലേയടുത്തെത്തി നില്‍ക്കുവതായ്
കാണാകും കാനനം തന്നിലലഞ്ഞോരാ
കാതരയാം കൊച്ചു പൈങ്കിളിയ്ക്കും
കാതങ്ങള്‍ക്കപ്പുറമല്ലപ്പോള്‍ കണ്ണന്‍ ; തന്‍
കാലിലായ്‌ വീണു കിടന്നിടും ഞാന്‍ !