Wednesday, March 22, 2017

തണല്‍

തണല്‍ ...
---------

എനിക്കും  നിനക്കും
തണല്‍ തരാനൊരേ മരം
ഒരു കനല്‍ ചൂടില്‍
എരിയുമ്പോള്‍ ഇരുവരും
എരിയുന്നൊരുള്‍ക്കാമ്പ്
നനയുവാനൊരു തുള്ളി
അമൃതമായ് തണലിന്നു
സുഖദമായ് കിനിയവേ
ദലമര്‍മ്മരങ്ങളില്‍
കുസൃതിക്കു വഴിയൊത്തൊ-
-രിളമുറക്കാരനാം
കാറ്റു വന്നെത്തിയോ?
ജനനമരണങ്ങള്‍ തന്‍
കഥ ചൊല്ലി ഇലകളും
ചിരിയാര്‍ത്തു മഴയായി
താഴേക്കു പോരവേ
നിറമോലും പൂക്കളും
കനികളും മധുരമായ്
സ്മൃതികളില്‍ കുളിരുള്ളൊ-
-രോര്‍മ നിറയ്ക്കവേ....


അകലെയായ് എരിയും മരങ്ങളോ
നെടുവീര്‍പ്പില്‍
ഗതകാലസ്മരണ തന്‍
ഉയരും പുകച്ചുരുള്‍
പുഴകള്‍ മരിച്ചു
മണല്‍ത്തടം വെറിവീണു
വയലുകള്‍ കനലാളി
വെണ്ണീറിന്‍ കൂനകള്‍
മണ്ണിന്‍റെ ഉള്ളറ പോലും
ജലം വറ്റി
മനസ്സുകള്‍ തരിശു നിലങ്ങളായ്
നന്മ മരിയ്ക്കവേ
മഴമേഘമണയുവാന്‍
കൊതിയോടെ  വേഴാമ്പല്‍
മിഴികളില്‍ കണ്ണീര്‍പ്പുഴകളും കരുതവേ
പകതെല്ലുമില്ലാതീ
മരമെങ്കിലും പാരില്‍
കരുതുവാന്‍ കൈകോര്‍ത്തു
നില്‍ക്കുകീ നമ്മളും ..!!

Monday, March 14, 2016

അമൃതുതാനായ്‌.....

അമൃതുതാനായ്‌
------------------------

ഉള്ളില്‍ കനലെരിയുന്നതിന്റെയാവി
നുരയായ് പതഞ്ഞു പൊങ്ങുമ്പൊഴും 

തിങ്ങും വിഷാദം വിമൂകമായ് 
അലകള്‍ തീര്‍ത്തലയുമ്പൊഴും 
എന്നും ഭയങ്ങള്‍ തീര്‍ത്തു രവങ്ങള്‍ 
അണിയായ് മുഴങ്ങുമ്പൊഴും
മുന്നില്‍ തേറ്റ കാട്ടി ഭ്രമങ്ങള്‍ 
കോലങ്ങളായ് ഉറയുമ്പൊഴും


ഏതോ ജന്മസുകൃതഫലമോ
സുകൃതികള്‍ ജന്മം തരികയാലോ 
ഉള്ളില്‍ തീര്‍ത്തു കഴിയുന്നുണ്ടൊരു ലോകം 
പ്രശാന്തിതന്‍ വള്ളിക്കുടിലുകള്‍പോലിതാ
തള്ളിക്കേറുന്ന ചിന്തകള്‍ സ്വയം
പാഞ്ഞു മണ്ടുന്നകലത്തിലും
ബന്ധം വിട്ടലയാഴിതന്‍ 
ഗുഹരവാതില്‍ കടക്കുന്നിതാ

ഉള്ളില്‍ മുരളികയൊന്നു മധുരമായ് 
ശ്രുതി മീട്ടുന്നു താഴ്സ്ഥായിയില്‍ 
താനേ ജലധാര വന്നു പതിയുന്നു 
സുഖദമായ് ശിരസ്സിങ്കലും 
വെക്കം വന്നു നിറഞ്ഞു വെളിച്ചവും 
കുഭം തുളുമ്പും വിധൌ
നൃത്തം ചെയ്തു മോദിച്ചിടുന്നൊരു
മയിലുതാനായ് മനമിന്നിതാ
ചുറ്റും വിഭൂതി നിറഞ്ഞു സുഗന്ധവും 
പേറുന്നിതാത്മരേണുക്കള്‍ 
പൊക്കം തന്നിലേറിയാത്മരതിതന്‍ 
അമൃതം നുകരുന്നിതാ .......!!!!!