Sunday, January 12, 2014

പണം



പണം 


എത്രയോ കൈമറിഞ്ഞെത്രയോ പാതകള്‍ 
താണ്ടിടും ഏകാന്ത യാത്രികന്‍ ഞാന്‍ 
എത്രയോ പാപങ്ങളെത്രയോ പുണ്യങ്ങള്‍ 
എന്‍ സ്പര്‍ശമേറ്റെത്ര കര്‍മകാണ്ഡം

എന്‍ ഉടയവനാരു താന്‍ ,എന്നുടെ 
അസ്തിത്വമെന്നുമങ്ങയഥാര്‍ത്ഥമോ ?
എത്ര പുണ്യ പ്രവര്‍ത്തിതന്‍ ശീതള -
സ്പര്‍ശമെന്നെത്തഴുകിക്കടന്നുപോയ്‌ 
എത്ര പാപക്കറകളങ്ങെന്റെ മേല്‍ 
നിത്യ ശാപമായ്‌ ,മുദ്രകളായിതോ ?

എത്ര പൂജ്യനായ്‌ ,'പൂജ്യ ' ങ്ങളെത്രയും
നിത്യമെന്നില്‍പ്പതിച്ചു തിളങ്ങവേ 
കാണ്മൂ കണ്‍കളില്‍ തീജ്വാല -
പാറുന്ന കാഴ്ച ,ഞാനപ്പോള്‍ ശ്രേഷ്ഠനാകുന്നിതാ !

നാരിമാര്‍ ,പച്ചമാംസം വിലയ്ക്കുവെച്ചാ-
രവം ,പശിയാറ്റുമ്പോഴൊക്കെയും 
ചോര വീഴ്ത്തുന്ന ക്രൂരത്യ്ക്കാ വില 
പേശിപ്പേശിയങ്ങേറുമ്പോഴൊക്കെയും

തൊട്ടുമുന്‍പേ പിറന്നൊരാക്കുഞ്ഞിനെ 
വിറ്റു കാശു പിടുങ്ങുമ്പൊഴൊക്കെയും 
തന്റെ പെങ്ങളെ ,പെണ്ണിനെ ,കുഞ്ഞിനെ 
കീശ വീര്‍ക്കാന്‍ ,പിണങ്ങളാക്കുമ്പൊഴും 
ഒരു താലി ചരടിന്‍ കിനാവുകള്‍ 
കനലെരിഞ്ഞാളി അമരുമ്പൊഴൊക്കെയും 
തന്റെ മണ്ണിനെ,ജീവദാതാക്കളാം
വന്മരങ്ങളെ ,ജൈവസമ്പത്തിനെ 
ഊതിയൂതിത്തെളിക്കേണ്ട നന്മയെ 
കൊള്ളചെയ്തു കരിക്കുമ്പൊഴൊക്കെയും 
സാക്ഷി ഞാന്‍,എത്ര പാപി ഞാന്‍ ,എന്‍ വില 
അക്ഷണത്തില്‍ക്കരിഞ്ഞു പോകെന്നു ഞാന്‍ !

അരികെയെത്തിമുഴങ്ങും മരണത്തിന്‍
മണിമുഴക്കങ്ങളകലെയാക്കീടവേ
ഒരു മരുന്നിന്‍ വിലയായി ,ശ്വാസമായ്
പ്രാണനൂതിത്തെളിക്കുമ്പൊഴൊക്കെയും 
അഗതികള്‍ക്കൊരുനേരത്തെയെങ്കിലും
ശരണമായങ്ങു മാറുമ്പൊഴൊക്കെയും 
അണയുവാന്‍ പോകും വിളക്കിനൊരു സ്നേഹ 
തൈലമായ്‌ ,ആശ്വാസമായങ്ങു മാറവേ
ഞാനെത്ര ധന്യന്‍ ,ധനാഡ്യനങ്ങില്ലപോല്‍
നിറവ്‌;ഞാനൊരു നാണയത്തുട്ടു താന്‍ !
ശക്തമായങ്ങുരുണ്ടിടും ഞാനഹോ ,
ചാക്രിയമായി പ്രപഞ്ചം മുഴുവനും 
ചക്രമായ്‌ ബ്രഹ്മാണ്ഡവും ,ഭൂമിയും 
ചക്രമല്ലോ ധനത്തിന്റെ സഞ്ചാരം
ധന്യത ചേര്‍ക്കുവാന്‍ വന്നതു ഞാനിതും 
ധന്യത താന്‍ ധനം എന്നു നിരൂപിക്കില്‍ 
അന്നു ധനമങ്ങീശ്വരനായിടും ,ഈശ്വരന്‍
തന്നെ ധനമായി മാറിടും!