Friday, August 15, 2014

പടിയിറക്കം ......



പടിയിറക്കം 






ചിറകെട്ടി നിര്‍ത്തിയെന്‍ കണ്ണുനീര്‍ച്ചാലുകള്‍ 
ഒരു രൗദ്ര നദിയായ് കുതിക്കാതിരിക്കുവാന്‍ 
ഒരുള്‍പൊട്ടിയകലേക്കു നിപതിച്ചിതെന്‍ 
വിയര്‍പ്പുച്ചാല്‍ ,നനവുപകര്‍ന്ന കതിരു,പച്ചപ്പുകള്‍ 

ഇരുപതിറ്റാണ്ടു പണിഞ്ഞു കരങ്ങളില്‍ ചെളി 
പുരണ്ടാശു വിളഞ്ഞ നെല്‍പ്പാടവും 
നനവു ലവലേശമേല്‍ക്കാത്ത പാറതന്‍
മനമതില്‍ കനിവു കിളിര്‍ത്തൊരാ വിത്തുകള്‍ ......

വിളവുകള്‍ നിറവിന്റെ പൊന്‍കതിരൊളി വീശി 
വയലുകള്‍ മഞ്ഞ പുതച്ചു നില്‍ക്കെ 
പ്രകൃതി കനിഞ്ഞെന്റെ മനമതില്‍ മഴവില്ലും 
മയിലും നിറഞ്ഞാടി കുളിരു പെയ്തു 

ഒരു പുറം ശാന്തമായൊഴുകുന്ന പുഴ തന്റെ 
ജലദര്‍പ്പണത്തിലെന്‍ മുഖദര്‍ശനം
വനഭംഗിതന്നിലാ കിളിമൊഴികളുയരവേ 
അകദര്‍പ്പണത്തിലെന്‍ നവ ദര്‍ശനം !

മുളതന്നിലൂയലിട്ടകമേ നിറഞ്ഞൊരാ 
സ്വരഗംഗയൊഴുകുന്ന നിമിഷങ്ങളില്‍ 
ഒരു തൂവല്‍പോലെ ഞാനുയരത്തില്‍, ഗഗനത്തിന്‍
ഗിരിമകുടമേറിയുയര്‍ന്നു നിന്നു


ഇരുപതിറ്റാണ്ടുകള്‍ക്കിപ്പുറം  പുഴ തന്റെ 
പ്രകൃതവും മാറി മറിഞ്ഞു പോയി 
നദിതന്‍ വരണ്ടമുഖമൊന്നിടയ്ക്കിടെ
വറുതിതന്‍ തീയും പുകയുമായി

അണയാത്തപക തന്നുരുള്‍പൊട്ടലായങ്ങു 
മഴയും തിമിര്‍ത്തങ്ങു താണ്ഡവമായ്‌ 
ഇരുള്‍ വിണ്ടലത്തിനെ ചൂഴ്ന്നുനില്‍ക്കുപോലെ 
അഴല്‍ വന്നു ,മരണങ്ങള്‍ നിഴലുകളായ്...

കടപുഴകി വീണ മരങ്ങളങ്ങകലേക്കു
പുതിയ നദികളില്‍ പാഞ്ഞു പോകെ 
ഇരു കയ്യില്‍ തൂങ്ങുന്നൊരരുമക്കിടാങ്ങളെന്‍
പിടിവിട്ടു പോകാതെ കാത്തു ഞാനും 

ഉരുള്‍പൊട്ടി ചുഴികളിലമര്‍ന്ന നെല്‍വയലുകള്‍
മിഴികളില്‍ നദികളുതിര്‍ത്തു നില്‍ക്കെ  
അണയാത്തൊരാധിയങ്ങാളുന്നൊരെന്‍ മനം 
വിറപൂണ്ടു ചകിതമായ്‌ നിന്നു പോയി 

ഇവിടെയെന്‍ നിണമൊഴുകി പച്ചപ്പുതച്ചതാം 
ഉയിരിന്റെ നനവാര്‍ന്ന ഭൂവില്‍ നിന്നും 
ഭാണ്ഡങ്ങളൊന്നുമെന്‍ കൈകളിളില്ലാതെ 
പടിയിറങ്ങുന്നു ഞാനവസാനമായ്‌ .......

മുഖമൊന്നു ചായ്ചിതങ്ങകലേക്കു നോക്കുമെന്‍ 
ഓര്‍മതന്‍ മഴപെയ്തു മനമൊഴുകി
ഒഴുകുന്ന നദിയിലാ സ്മരണതന്‍ തോണിയില്‍ 
അകലേക്കു പാഞ്ഞു കുതിക്കുന്നു ഞാന്‍ ..........