Monday, September 27, 2010

കവിമനം തേങ്ങുന്നതെന്തിനോ......?.



ഒരു മരം വീഴവേ ,മുറിയുന്നു മാനസം 
ഒരു മലര്‍ വിരിയവേ ,പുളകങ്ങള്‍ ചൂടുന്നു 
വിടരാന്‍ വിതുമ്പിയ മൊട്ടിന്‍ ദലങ്ങളില്‍
അറിയാത്ത നോവിന്റെ നൊമ്പരമുത്തുകള്‍
പതിരായിപ്പോകുന്നു വടവൃക്ഷമാവേണ്ട
കതിരുകള്‍ ;കനിവു തേടുന്നു 

കവിമനം കുതികൊള്ളും മലര്‍വാടിയില്ലിവിടെ
കവിത മരിക്കുന്നിതെന്നും !!
മഴമേഘമിന്നെവിടെ മയിലിന്റെ പീലികള്‍ 
മറവിതന്‍ താളുകള്‍ക്കിടയില്‍
മഴയിന്നു പനികൊണ്ട് വിറയുന്നു ചുറ്റിലും 
കരയുന്ന കടലുകള്‍ തന്നെ 

അറിയാത്ത രോഗത്തിന്‍ പിടിയിലായ്‌ വീഴുന്നു 
ചലനങ്ങളറ്റു  പോകുന്നു 
മനമിന്നു കാടായി മാറവേ ,മലകളും -
പുഴകളും വഴിമാറി നിന്നു
ആഴിയില്‍ വീണു കിടക്കുമ്പോഴും
നാഴിനീരിനായ്‌ നാവുയര്‍ത്തുന്നു


പ്രകൃതങ്ങള്‍ മാറുന്ന മനുജന്റെ -
തലയിലായ് പ്രകൃതിതന്‍ വികൃതി വിളയാട്ടം
അകമേ നിറഞ്ഞു നിന്നകലങ്ങള്‍ പൂകിയാ
കവിമനം തേങ്ങുന്നിതെന്തേ ? 
വിടരാത്തൊരായിരം മുകളങ്ങള്‍ തന്‍ താപം
ഹൃദയത്തിലേല്‍ക്കുന്നതാവാം
ദലമര്‍മരങ്ങളും ,  മൃദുമന്ദഹാസവും
അതിദൂരമായതങ്ങാവാം .

ഇവിടെ കൊടും ചൂടിലലറുന്ന കാറ്റും     
പിഴക്കുന്ന ഋതുവും,തളിര്‍ക്കാത്ത മനവും
വിലപേശി വാങ്ങുന്ന രാഗവും,മോഹവും
അഴലായി മാറുന്നതാവാം
ഒരുവട്ടം കൂടിയാ കവിമനം വെമ്പില്ലാ
ഇവിടേക്കണയുവാന്‍ മേലില്‍ !
മലരുകള്‍ വിരിയാത്ത ,നറുനിലാവൊഴുകാത്ത
കവിത ജനിക്കാത്ത മണ്ണില്‍
നിമി  നേരമെങ്കിലും കഴിയേണ്ടിവരികിലാ
വടവൃക്ഷം കടപുഴകി വീഴും !
പടുജന്മമായിടാനാകുമോ നിറവിന്റെ 
നറുനിലാവാകുമാ ജന്മം?....
                                    

Wednesday, September 22, 2010

കുട്ടിത്തൊഴിലാളികള്‍

                                       
                                      
ഇല്ലില്ല,ഞങ്ങള്‍ക്കില്ലവര്‍ണങ്ങള്‍ തുന്നിച്ചേര്‍ക്കും -
കിന്നരിക്കുപ്പായവും,കുഞ്ഞിളം കിനാക്കളും 
നഴ്സറിപ്പാട്ടിന്നീണം മുഴങ്ങും ദിനങ്ങളും 
മുത്തശ്ശി ചൊല്ലിത്തരും കുഞ്ഞിളം സ്വപ്നങ്ങളും
പുസ്തകക്കൂട്ടം തരും പുത്തനാം പ്രതീക്ഷയും 
സ്വപ്‌നങ്ങള്‍ മേയുന്നൊരാകാലത്തിന്‍ നിറങ്ങളും 
ബാല്യ കൌമാരം പാഴെ കുരുതിക്കൊടുപ്പവര്‍
കാലിലോ,കല്ലും മുള്ളും ജീവിതം വരണ്ടതോ?.

ചൂളയില്‍ ഞങ്ങള്‍ ചുടും കട്ടകള്‍ പോലെ ,മനം
മൌനമായ്‌  സ്വപ്നം കരിഞ്ഞാവിയായ്‌ പറക്കുന്നു .
നാടിന്റെ സമ്പത്തല്ലേയരുമക്കിടാങ്ങളെ -
ന്നോതുന്നു ചുറ്റും വീശും കാറ്റിലെ ശബ്ദങ്ങളും .

കൂട്ടുകാരൊത്തു പാടിക്കളിച്ചു തിമിര്‍ക്കാനും 
കാട്ടിലെപ്പൂക്കള്‍ പറിച്ചോണം  പോലൊരുങ്ങാനും
മോഹങ്ങള്‍ കൊരുക്കവേയിറുത്തു മാറ്റും ലോകം
സ്കൂളിന്റെ ചുറ്റും കൂടി വേഷങ്ങളണിഞ്ഞാടാന്‍-
കൊതിക്കെ,അടുപ്പിന്റെ ചൂടെറ്റു  കരിയുന്നു .
ഹോട്ടലില്‍ പാത്രം തേച്ചും,മോട്ടറിന്‍ പുറം തേച്ചും 
ആട്ടുകള്‍ കേട്ടുമന്നം തേടുന്നീ കിശോരകര്‍

അങ്ങതാ ചാച്ചാജി തന്‍ സ്വപ്നമാം കിടാങ്ങളോ
ഉത്സവം തിമിര്‍ക്കുന്നു ,സോത്സാഹം ഗമിക്കുന്നു .
റോസാപ്പൂ തോല്‍ക്കും ചിരിവിടര്‍ത്തി കൊഞ്ചും മൊഴി 
നാളത്തെ പ്രതീക്ഷകള്‍ ,ഇന്നത്തെ കുരുന്നുകള്‍ 
എരിയും വയര്‍പൊത്തി,ഉരുകും സ്വപ്നം പേറി 
അലയാന്‍ വിധിച്ചതോ,ഏഴയായ്‌ പിറന്നവര്‍
അഴിയാക്കുരുക്കുപോല്‍ ,ഇഴയും ചട്ടത്തിന്റെ 
അഴികള്‍ തേടിത്തേടിക്കൊഴിയും വസന്തങ്ങള്‍ 
ഇവിടെതളിര്‍ക്കില്ല , പുതുനാമ്പുകള്‍ ;ഞങ്ങള്‍ -
എവിടെത്തേടിപ്പോകും ;മരുവില്‍  തെളിനീരോ ?.