കൊതുക് ,ഞാനിന്ന് കൌതൂഹലത്തോടെ
രുധിരമെവിടെയെന്നോതി പറക്കുന്നു .
കതക് കൊട്ടിയടയ്ക്കാന്‍ ശ്രമിക്കവേ
ചിറകുയര്‍ത്തി ഞാനുയരത്തിലാകുന്നു !
ഇന്നിതെന്‍ വിഹാരഭൂമികക്കന്യമല്ലൊരു
രാത്രിയും പകലുമേ ,
ചെന്നു ചെരുന്നിടങ്ങളിലെല്ലാമങ്ങെന്റെ
രാജ്യം പടുത്തുയര്‍ത്തുന്നു ഞാന്‍ !
കുന്നുകൂടുന്ന മാലിന്യമാകെയിന്നെന്റെ
-യുള്ളിലായ് കുളിരു കോരീടുന്നു.
എന്റെ പേരതങ്ങോര്‍ക്കവേ, ചിന്തയില്‍
തീ പിടിക്കുന്നു ,'തിരി' കളോ പുകയുന്നു
എത്ര 'ശുഭരാത്രി' തിരികളാല്‍ പുകയവേ
ഭുമിതന്‍ ശ്വാസകോശമങ്ങെരിയുന്നു !
കൊതുകു ഞാനോ ? വിചിന്തനം ചെയ്യണം
ചോരയാകെയിന്നൂറ്റുന്നതീ ഞാനോ ?
എന്റെ നാവിലായ് പോയ രുചി മാത്രം !
ചോര വറ്റിയ നീരിന്‍ ചുവ മാത്രം !
ചോരയാകെയിന്നൂറ്റി കുടിപ്പതോ ,ഏറെ
ആര്‍ത്തിയില്‍ വീറു കാണിക്കുവോര്‍
വിദ്യ വിറ്റങ്ങു കീശ വീര്‍പ്പിക്കുവോര്‍
അക്രമങ്ങള്‍ക്കു 'കൈവളം' നല്‍കുവോര്‍ ,
പച്ചയായി ചിരിതൂകി ,മനുജന്റെ
കണ്‍ഠനാളം മുറിച്ചു പുഴകളായ് , വെട്ടി
വെന്നിക്കൊടികള്‍ പാറിക്കുവോര്‍ !
അമ്മതന്‍ മടിയിലുറങ്ങുന്ന പൈതലിന്‍
മാനം പോലും കടിച്ചു പറിക്കുവോര്‍
അമ്മ ; ഭൂമിതന്‍ മാറു പിളര്‍ന്നുള്ള
നീരതൂറ്റി മദിച്ചു നടക്കുവോര്‍ ,
ചോര വാര്‍ന്നങ്ങു വഴിയില്‍ കിടക്കുന്ന
സാധുവിന്റെയാ ഭാണ്ഡമഴിക്കുവോര്‍ ,
ഭൂമിയാകെ കുലുങ്ങി ,സൌധങ്ങളും
സാഗരങ്ങളുമിളകി മറിയവേ
ഒത്തുകിട്ടിയ നേരമതു തന്നില്‍
ഒക്കെ തക്കത്തില്‍ സ്വന്തമാക്കുന്നവര്‍
ഇത്ര ,കണ്‍കളില്‍ ചോരയില്ലാത്തവര്‍
തത്ര ,നാട്യങ്ങള്‍ ,നടനങ്ങളാടവേ
ക്ഷീരമേറെയങ്ങുള്ളോരകിട്ടിലായ്
ചോരയൂറ്റിക്കുടിക്കുവതീ ഞാനോ ?