Wednesday, July 3, 2013

ഭുവനം മനോജ്ഞം




ഭുവനം മനോജ്ഞം 
'''അനന്തം അജ്ഞാതം അവര്‍ണ്ണനീയം 
ഈ ഭൂലോകഗോളം തിരിയുന്നമാര്‍ഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു 
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു !'

*********************************

ഭുവനം;മനോജ്ഞം ,മനോരഥ ദായകം 
വിപുല ചൈതന്യത്തിന്‍ വിന്യാസനം 
വിപിനങ്ങള്‍ ,നദികള്‍ ;തന്‍ വിപലായനങ്ങളും
ഗതികള്‍ ലയിക്കും മഹാസാഗരം 
വിഫലങ്ങളാകാത്ത നിയതിതന്‍ നിയമങ്ങള്‍ 
ഭുവനൈക ശില്പിതന്‍ വിളയാടലും

പവനന്‍ ചലിയ്ക്കെയങ്ങൊരുമാത്ര വിസ്മയ-
-ചരിതം രചിക്കുന്ന മുകുളങ്ങളില്‍ 
ഭ്രമരങ്ങള്‍ മധുവുണ്ടു മതിവിഭ്രമങ്ങളാല്‍
ഗതിതെറ്റിയറിയാതെയുഴറുന്നതും 
ഉരഗങ്ങള്‍ ,ഉര്‍വരത നിറയുന്ന ഭൂമിയില്‍ 
ഇഴയുന്നു ,ചിത്രങ്ങള്‍ ,വിസ്മയങ്ങള്‍ !

വീര്യ ശൌര്യങ്ങളാല്‍ വിളയുന്നൊരടവികള്‍ 
വിനയം വിതയ്ക്കുന്ന നറുനിലാവും 
ഈറ്റക്കുഴലിലാ നാദം മുഴങ്ങവേ 
ഈശന്‍ ,ജഗത്‌നാഥനാഗതനായ്‌
ഈ ചരാചര മാതാ ജഗത്മയീ 
ഈ വിധം ഏറെ ജഗത്‌മോഹിനി 

********************************
കാലുറപ്പിച്ചു നില്‍ക്കും പ്രകൃതിതന്‍
താളമെന്തെന്നറിയാന്‍ മറക്കവേ 
പച്ചപ്പട്ടിനാല്‍ ചേലയുടുത്തങ്ങു
നിന്ന സൗഭഗം കീറിപ്പറിഞ്ഞുപോയ്‌ 

**************************************
പ്രകൃതിതന്‍ പ്രകൃതവും മാറുന്നു കാലത്തിന്‍
വികൃതികള്‍ കണ്ടു മനം കലങ്ങി 
ഇടി പടഹങ്ങളായ്,അലകടല്‍ രോഷമായ്‌ 
ചടുലമായ്‌ നടനങ്ങള്‍ ,രോദനങ്ങള്‍ 
അതി പാതകങ്ങള്‍ക്കു,മറുപടിയായവള്‍
അലയടിച്ചെത്തുന്നു ഭീകരിയായ്‌ 
കലിയടങ്ങാതെയങ്ങൊരുവേള മനുജന്റെ 
കുലവും മുടിച്ചവള്‍ നൃത്തമാടും 
അതി ദൂരമില്ല,ആ വിധിയും,പ്രതീക്ഷതന്‍ 
അതിരുകള്‍ക്കപ്പുറമായിരിക്കും.
കതിരവന്‍ പോലും വിറച്ചുപോം,ഒരു 
മാത്ര മുഖമൊന്നു ചായ്ച്ചങ്ങിരുട്ടിലാക്കും 

ഇരുളില്‍ക്കിടന്നു കൈകാല്‍ കുടഞ്ഞൊരു 
പതിതനെപ്പോലെ നാം കേണിടേണോ
സമയം കഴിഞ്ഞില്ല,മറയുമീ സൗഭഗം
തിരികെപ്പിടിക്കുവാന്‍ ഒത്തു ചേര്‍ന്നാല്‍ 
ശിശുവിന്റെ തെറ്റു പൊറുക്കുന്നപോലമ്മ-
പ്രകൃതിയും നമ്മളെ മാറില്‍ ചേര്‍ക്കും 
ഒരു കുളിര്‍കാറ്റായി ,സാന്ത്വന സ്പര്‍ശമായ് 
താരാട്ടു പാട്ടായി കൂടെനില്‍ക്കും.
ഇവിടെയീ മധുവുണ്ടു,നന്മതന്‍ പൂമ്പൊടി 
പേറുന്ന മധുപമായ്‌ പാട്ടുമൂളാം
ഒരു നൂറു പുഷ്പങ്ങള്‍ വിരിയുന്ന വാടിയെ
നിനവിലായ്‌ കണ്ടങ്ങു കണ്‍നിറയ്ക്കാം .