Saturday, October 19, 2013

കാത്തിരിപ്പിന്‍റെ അന്ത്യം


കാത്തിരിപ്പിന്റെ അന്ത്യം 


ഒരു മയില്‍പ്പീലി തന്‍ മൃദുലതയാലെന്റെ 
ഹൃദയത്തില്‍ വന്ന വസന്തം 
വിരിയിച്ചൊരായിരം വര്‍ണ്ണങ്ങള്‍ 
എന്നെയന്നുയരത്തിലെത്തിച്ച നേരം 
പ്രണയത്തിന്നുറവകള്‍ പൊട്ടിപ്പുറപ്പെട്ടു
വിലയിച്ച സാഗരം തന്നില്‍ 
അതിരറ്റ മോഹങ്ങള്‍ തുള്ളിക്കുതിച്ചപ്പോള്‍ 
ലയനത്തിന്‍ ഉത്സവമേളം !
ഒരു നൂറു സംവത്സരങ്ങള്‍ക്കുമപ്പുറം
ഉയിര്‍ക്കൊണ്ട ചേതനയാണോ 
മുകുളമായിന്നെന്റെയകതാരില്‍ കുളിരായി 
ഒരു ജീവല്‍സ്പന്ദനമായി 
ഇനിയെത്ര സ്വപ്‌നങ്ങള്‍ ,തിങ്ങും പ്രതീക്ഷകള്‍ 
ചിറകു മുളച്ചങ്ങു പൊങ്ങും 
ഒരു നവലോകത്തിനുദയം കൊതിച്ചതു-
വിരിയുമാമധു തൂകി നില്‍ക്കും 
ഉള്ളില്‍ക്കിടന്നു നീ കൈകാല്‍ കുടയുമ്പോള്‍ 
ഉള്‍ക്കുളിരായിരമാകും !
ആഗതമാമൊരു വേദന ;നിന്നുടെ 
ആദ്യ ചിരിയില്‍ മറക്കും 
നുണയുവാന്‍ നീ നാവു നീട്ടുന്ന നേരം 
ഞാന്‍ നറുനിലാവായിച്ചൊരിയും
പിടയുമെന്‍ നെഞ്ചകം ;നിന്നകം പുകയുമ്പോള്‍ 
ഒരു കുളിര്‍ കാറ്റായ്‌ ഞാന്‍ മാറും
അറിയുന്നു ഞാന്‍ ;മെല്ലെ ആരോരുമറിയാതെ
നിന്‍ ശ്രമം ,താഴേക്കു പോരാന്‍ 
അറിയാതിരിക്കുവതെങ്ങനെ നീയെന്റെ 
ഉയിര്‍തന്നെ മുറിയുന്നതല്ലേ ?
ഒരു കോടി നാഡീഞരമ്പുകള്‍ ,ഒരു നാരായ്‌ 
ചെഞ്ചോരമുത്തുകള്‍ കോര്‍ത്തു
ഒരു വിസ്ഫോടനത്തിന്റെ അന്ത്യത്തില്‍ 
ഒരു സൂര്യപ്രഭയില്‍ നീ വന്നു !
വേദന നിറയുന്ന നിദ്രയില്‍ ഞാനെത്ര 
സൗരയൂഥങ്ങള്‍ ഗമിച്ചു !
നിറയുന്ന കണ്ണുകള്‍ കൊണ്ടു ഞാന്‍ 
എന്റെയാ പുതിയ ഗ്രഹത്തിനെ കണ്ടു 
വിരിയുന്ന കൗതുകം കണ്ണൊന്നു ചിമ്മിയാ 
നവജീവന്‍ ചിരി തൂകി വന്നു 
സുഖദ സ്വകാര്യമായ്‌ ,സൃഷ്ടിതന്‍ ഉന്മാദ -
ലഹരിയില്‍ ഞാന്‍ ,അമ്മയായി !!
അലയടിച്ചെത്തുന്നൊരാഹ്ലാദമെന്നി-
ലങ്ങതിരറ്റ രോമാഞ്ചമായി 
അമൃതകുംഭങ്ങളില്‍ നിറയുന്നൊര-
മൃതമിന്നരുവിയായ് ,വാത്സല്യമായി 
നിറവാര്‍ന്ന പ്രകൃതിതന്‍ കുളിരാര്‍ന്ന മേനിയില്‍ 
നവജീവന്‍ തളിരിട്ട പോലെ 
സുകൃതിയായ് ,ജന്മാന്തരങ്ങള്‍ തന്‍ പുണ്യമായ്
പ്രകൃതിയായ്‌ മാറിയീ ഞാനും !!
ഹരിപ്പാട്ടു ഗീതാകുമാരി