Saturday, February 1, 2014

സുകൃതം

സുകൃതം 


മൃതനായ്,അശരീരിയായ്‌ 
ആശ; തീരാത്തനുരാഗിയായ്‌ 
അണയാത്താധിയായ്‌ ,ഹൃത്തില്‍ 
ഒരു നിലവിളിത്തേങ്ങലായ്‌ മാറവേ ,

ഒരു പുണ്യപ്രവൃത്തിതന്‍ 
ഹസ്താക്ഷരമുദ്ര ,നിയമക്കുരുക്കിലായ്‌ 
ഒരു ഗദ്ഗദമോടെ,പിരിയുന്നജീവനില്‍ 
ഒരു തുടിപ്പായ്‌ ,ഉണരുവാന്‍ വെമ്പവേ,

ഒരു മസ്തിഷ്കമരണം ,മനസ്സാക്ഷികള്‍
മറയുമാ ലോകജനതയ്ക്കു വഴികാട്ടിയായ്‌ 
ചടുലതാളം കുറഞ്ഞു ,പാരവശ്യം 
കഠിനമായ ഹൃദയത്തിനു പകരമായ്‌

അണയുമാ മോഹവലയമങ്ങാഴ്ന്നുപോം 
ഒരു കുടുംബത്തിനാശ്വസ ധാരയായ്‌ 
ഇനിയുമേറെത്തുടിക്കുവാന്‍ കെല്‍പ്പുമായ്‌ 
ഇവിടെ 'സുരക്ഷിതവലയ'ത്തിലായി ഞാന്‍ 

ഇനിയുമേറെ ദൂരം കടന്നു ചെന്നാവണം
അധികമാം കടമ്പകള്‍ താണ്ടിയാവണം
കടമെടുക്കുമാ രൂപത്തിലേറുവാന്‍ 
അവിടെ വിപ്ലവം കലകളിലേറ്റുവാന്‍ !

ജനിതകരേണുവിന്‍ സൂക്ഷ്മകണങ്ങളില്‍ 
അണുവിടപോലും ദോഷമില്ലാതെയാ 
പുതിയ ചട്ടകൂട്ടിനുള്ളിലായ്‌ നാളെ ഞാന്‍ 
ജനിമൃതികള്‍ക്കര്‍ത്ഥങ്ങള്‍ തേടിടും!

ഒടുവിലൊരു നിശ്വാസം;ആശ്വാസമായിതാ 
അനുമതി;പത്രത്തില്‍ മുദ്രയായ്‌ മാറവേ
ഇനി ശേഷിപ്പതില്ല സമയവും 
ഒരു മിന്നല്‍പ്പിണരുപോല്‍ അവിടെയായെത്തണം

ഒരു മാത്രയില്‍ ചക്രം തിരിക്കുമാ-
പുണ്യവാനും മതിയിലായ്‌ വിഭ്രമം 
വ്യതിചലിക്കുമോ ശക്തി;മനസ്സിന്റെ 
ബലമാതൊക്കെ കരത്തിനു കിട്ടുമോ ?

ഗതി നിയന്ത്രണം വിഫലമായ്‌ത്തീരുമോ 
ഒരു കുതിപ്പിലായ്‌ ലക്ഷ്യത്തിലെത്തുമോ ?
വഴി മനപ്പാഠമാം ചാടുകള്‍ ,ഇവിടെ 
പാത ;ചരടില്‍ കോര്‍ത്ത മുത്തുകള്‍ 

വരുമേറെക്കടമ്പകള്‍ വഴിയിലായ്‌ 
ഗതിതിരിച്ചങ്ങു മാറ്റേണ്ടി വന്നീടാം 
അതിദൂരമീ ലക്‌ഷ്യം പലപ്പോഴും
ഒരു ചക്രവാളമകലേക്കു നീണ്ടിടാം 

ഒരു ജന്മമെടുത്തു സ്വന്തമാം 
ജനിഭാണ്ഡത്തിലണഞ്ഞ പുണ്യവും 
കരുണയോടീശന്‍ ചൊരിയുമാ ശക്തിയും
ആവഹിച്ചാ കരത്തിലായേറ്റി ഞാന്‍ !

ഒടുവില്‍ ,പടികടന്നെത്തുന്ന ജീവനെ 
കരുതലോടാ ഭിഷഗ്വരവ്യൂഹവും 
ഒരു മാത്ര കൂടി തുടിക്കുമാ ,ഹൃദയവും 
വരവേറ്റിതാമോദം!

ഒരു വാതിലടഞ്ഞടുത്തതായ്‌ 
മറു വാതില്‍ തുറന്നൊരാശ്വാസമായ്‌ 
ഒരു കര്‍മ്മകാണ്ഡം തുടങ്ങുവാന്‍ 
ഒരു ജ്വാലയായ്‌ മാറുവതിന്നു ഞാന്‍ !!