Wednesday, May 14, 2014

പ്രത്യാശ................







പ്രത്യാശ...................


വെറുക്കുവാന്‍ കഴിയുന്നില്ല , ജീവിതമേ ;
നീയെന്റെ ,ചാറുപിഴിഞ്ഞെന്നെ ചണ്ടിയാക്കീടിലും
ഓരോ തുള്ളി ,ആവിയായി പോകുമ്പോഴും 
ഒരു കടലാണെനിക്കുള്ളില്‍ നിന്നോടു പ്രണയവും !

കടലില്‍ കായം കണക്കിലെന്‍,
കര്‍മ്മകാണ്ഡങ്ങളലിഞ്ഞു മാഞ്ഞീടവേ ,
കാണാം ,കരയും ;കാതങ്ങള്‍ക്കപ്പുറ -
-മെത്ര കരണം മറിഞ്ഞു കുഴഞ്ഞു തളര്‍ന്നിടേണം

കരഞ്ഞു കരഞ്ഞു കണ്ണുനീര്‍,
കടലുപോലെ ഉയര്‍ന്നു വന്നതില്‍ 
ചുഴിയില്‍പ്പെട്ടു തിരിഞ്ഞു കറങ്ങവേ
അകലെ ,കിരണങ്ങള്‍ മിന്നി മറഞ്ഞുവോ?

എരിയുന്ന തീയില്‍ ,വീണ ശലഭമായ്‌ 
ചിറകു കരിഞ്ഞു ചലനങ്ങള്‍ നില്‍ക്കവേ 
കുമിയുന്ന ചാരത്തിനുള്ളിലെ ,
കനലുപോല്‍ എരിഞ്ഞു തിളങ്ങിയും 

ഉയരുന്ന ഫിനിക്സ് പക്ഷി പോലിന്നിതാ
ചിറകുകള്‍ വീശിയുയരും പ്രതീക്ഷകള്‍ 
കനലെരിഞ്ഞ മരുവില്‍,തെളിനീരുപോല്‍
കുളിരുപെയ്തു കിനിഞ്ഞിറങ്ങുന്നുവോ?

മുനിഞ്ഞു കത്തുന്ന മണ്‍വിളക്കായി ഞാന്‍ 
കനിഞ്ഞ ചാരുത പുലര്‍ന്നു വാഴവേ
എരിഞ്ഞടങ്ങുവാന്‍ വെമ്പുകയില്ലിനി 
ചൊരിഞ്ഞു പൊന്‍ തിരിവെട്ടം പരത്തിടും

മടിയില്‍ വിത്തുകരുതി പ്രതീക്ഷയില്‍ 
മഴ വരുമെന്നു തന്നെ നിനച്ചു ഹാ ,
ഹരിതശോഭ പരന്നൊഴുകീടുവാന്‍ 
കൊതിയൂറുന്ന ഹൃത്തുമായ്‌ ,ഭൂമി ഞാന്‍ !!

----------------------------------------------