Tuesday, September 23, 2014

ഗഹനതയുടെ വാതില്‍ ................




ഗഹനതയുടെ വാതില്‍ ................

പുറത്തെ വെള്ളിവെളിച്ചത്തില്‍ 
കണ്ണു മഞ്ഞളിച്ചപ്പോള്‍ 
വായനശാലയില്‍ ഇരുട്ടായിരുന്നു 
തടിച്ച അലമാരകള്‍ക്കിടയിലെ മൂകത 
ഭയം ജനിപ്പിക്കുന്നതായിരുന്നു....
അടഞ്ഞ പുസ്തകങ്ങളില്‍ നിറയെ 
വെളിച്ചമായിരുന്നുവെങ്കിലും 
ഗഹനതയുടെ വാതായനങ്ങള്‍ 
അവിടെ തുറക്കുന്നതറിഞ്ഞു
കാലത്തിന്റെ കോറിയിടലുകള്‍ 
കിരുകിരെ ശബ്ദത്തില്‍ തുറന്നടഞ്ഞു .
വരികള്‍ക്കിടയിലെ നിശ്ശബ്ദ വിപ്ലവങ്ങള്‍ 
നെടുവീര്‍പ്പുകളായ് കാതിലലച്ചു.
ചിരിച്ച മുഖങ്ങള്‍ മുന്നിലെ ഇടനാഴികളില്‍ 
പ്രതിധ്വനികള്‍ സൃഷ്ടിച്ചു
പതിഞ്ഞ കാല്‍വെയ്പ്പുകള്‍,പുറകില്‍ 
അകന്നു പോകുന്നതറിഞ്ഞു.
ചിലമ്പിച്ച സ്വരങ്ങള്‍ എന്തൊക്കെയോ 
പരിഭവങ്ങള്‍ ചൊല്ലുന്നതറിഞ്ഞു
കരഞ്ഞിട്ടും ,പറഞ്ഞിട്ടും തീരാതെ ,
ഹൃദയങ്ങള്‍ വിങ്ങി വിതുമ്പുന്നതറിഞ്ഞു 
ഉറച്ച കാല്‍വയ്പ്പുകള്‍,മുന്നില്‍ 
അടിപതറുന്നതറിഞ്ഞു ..
അകലുന്ന ചക്രവാളങ്ങള്‍ 
ഭ്രമങ്ങള്‍ സൃഷ്ടിച്ചു..
നീണ്ടുപോകുന്ന ഇടനാഴികള്‍ 
കടലിലവസാനിക്കുകയാവാം 
അലകളില്‍ ..അലിയുകയാവാം......!!!!!