തിരിനാളം.............
പ്രിയസഖി നിന്‍ മുഖശ്രീയാണാദ്യമെന്‍
സ്മരണയില്‍ ചിത്രമായതെന്നാകിലും
ചിന്തയില്‍ നിന്നുറച്ച കാല്‍വെയ്പ്പുകള്‍
വന്‍പിയന്നൊരീ ലോകത്തിനല്‍ഭുതം
ചകിതചിത്തരാമനുജര്‍ ഒരായിരം
പുതു പരാതികള്‍ നെയ്യുമ്പൊഴൊക്കെയും
'പതി' യെ പൂജ ചെയ്താനന്ദമുള്‍ക്കൊണ്ടു
സ്ഥിതചരിത നീ ,സ്മിതവുമായ് ,മുന്നിലും
ഒരു പതിറ്റാണ്ടുമുന്‍പിലായ് ,എത്രയോ
നിറമിയലുന്നൊരു ശലഭമായ് ,പതിയുമായ്
പുതിയ വാനങ്ങള്‍ പൂകുവാന്‍ ,മോഹമായ്
ഭയമറിയാതെയാ യാത്ര തുടങ്ങവേ
നിയതിതന്‍ ക്രൂരനടനമങ്ങാവിധം
പ്രിയനു ശയ്യതാന്‍ അവലംബമാകവേ
തരളഹൃദയ നീ കരഞ്ഞു തളര്‍ന്നുവോ ?
ഗതിയറിയാതങ്ങുഴറി നടന്നുവോ ?
കുറഞ്ഞ നാളുകള്‍ കൊണ്ടങ്ങൊരു ജന്മം
മുഴുവനും പോരും മധു പകര്‍ന്നവന്‍
മതി കുഴഞ്ഞങ്ങു ,മൊഴിയുമകന്നൊരു
പുതിയ ലോകത്തിലെത്തിയ പോലിതാ !
വിരുതനാം വിധി ,വിട്ടുപോയ് ഒരു മാത്ര
ചെറിയ പൂവൊന്നുതിരുകുവാന്‍ തരുണിയില്‍
കരുതലോടെയങ്ങാവാം മിഥുനങ്ങള്‍ തന്‍
ദുരിതമൊട്ടകലെയായതിന്‍ ശേഷമായ്
ശ്രേഷ്ഠരാം പുത്രസമ്പത്തു നല്‍കുവാന്‍
പും നരകങ്ങളെയാട്ടികറ്റുവാന്‍
മാനിനിമാര്‍ക്കെന്നും മാതൃക നീ ,നിന്‍റെ
മാനമിന്നീവിധം വാനങ്ങള്‍ പൂകുന്നു
അണുവിടപോലും വീഴ്ച വരാതെ നീ
അവനിയിലശ്വമായ്, ഉയര്‍ന്ന ശിരസ്സുമായ് !
അലകടലുള്ളില്‍ അലറുന്നതാരുമെ
അറിയുന്നതില്ല., നിന്‍ പുഞ്ചിരി കാണ്‍കയാല്‍
പരിചിലിതുപോലെയുള്ള പ്രതിസന്ധികള്‍
കരുതലോടെ ചിരിച്ചു തള്ളീടുവാന്‍
അരികിലുണ്ടുദാഹരണമായി നീ
സ്മരണയില്‍ ദീപനാളം തെളിക്കുവോള്‍ !