Tuesday, February 21, 2012

കിടാവും , പിറാവും

ഒറ്റയ്ക്കിതെത്രയോ നേരമായെന്‍ മുന്നില്‍
തത്തിക്കളിക്കുമരുമപ്പിറാവേ
എത്രയോ ശക്തമാം കുറ്റിയില്‍ ഞാന്‍ സ്വയം
മുക്തിയെഴാ പ്രാണി ,നീയോ വിഹംഗിണി

നെറ്റിമേല്‍ സൂര്യന്‍പ്പതിച്ചപ്പോള്‍ തന്നെയാ
ശക്തന്‍ കയറില്‍ക്കുരുക്കിയെന്‍ ജീവിതം
ഉച്ചിപൊട്ടും കൊടും വെയിലിലായ് നിന്നു ഞാന്‍
തുച്ചം മമജന്മമാകെക്കരിയുന്നു

ഒറ്റയ്ക്കിതെത്രെയോ നാളുകള്‍ പച്ചയാമി 
പ്പുല്‍പ്പരപ്പിലായ് മേയുന്നു നിത്യവും
ആശിച്ചിരുന്നു ഞാനന്നൊക്കെയെന്നൊപ്പം.
കൂടെച്ചരിക്കാനൊരാള്‍ കൂടിവന്നെങ്കില്‍

മുറ്റുമേകാന്തമാം ദുഃഖത്തിലാഴ്ന്നു ഞാന്‍
ചുറ്റും വിഹംഗങ്ങള്‍ , ഭാഗ്യത്തിടമ്പുകള്‍
പാറിപ്പറന്നവ പോകുമ്പോഴൊക്കെയും
ഞാന്‍ ചൊല്ലി ' ശപ്തം' മമജന്മവൈകൃതം .


ഇന്നു ഞാനോര്‍ക്കുന്നിതന്നൊരു നാളിലെന്‍
ചിന്തയിലര്‍ദ്ധവിരാമാമായ് നീ വന്നു
വായില്‍ പകുതി ചവച്ചു ചതച്ചോരാ
നാമ്പില്‍ നറുമണമൊന്നുമറിയാതെ.


അകലെത്തെവിടെയോ നില്‍ക്കുമെന്നമ്മ -
തന്നരികത്തണയുവാന്‍ വെമ്പല്‍ ഞാന്‍ കൊള്ളവേ
തിങ്ങുന്നമോദത്തോടെന്‍ മുന്നിലന്നു നീ
പാറിപ്പറന്നങ്ങു നിന്നതല്ലേ ?


കൂട്ടുകാരൊക്കെയും താന്താക്കള്‍ വാനങ്ങള്‍
തേടിപ്പറന്നങ്ങകന്നനേരം
നീ മാത്രമെന്തിനോ, നീ മാത്രമപ്പൊഴും
ചാരത്തു പാറിപ്പറന്നില്ലേ പൈങ്കിളി ?


എത്രനാള്‍ പിന്നെയും ,നിത്യം വരുന്നൊരാ
മൌനയാം സന്തതചാരിണിയായതും
അമ്മ പറഞ്ഞു നീയെന്നില്‍ ചരിക്കുന്ന
പ്രാണിപറ്റങ്ങളെ തിന്നാന്‍ വരുന്നതായ്


ഇല്ല ,വിശ്വസിക്കില്ലെന്‍ നിഴലായ് നീ
നില്‍ക്കുന്നു പാടത്ത്, ചാരത്ത് ,കൂട്ടിനായ്
മൌനം നടക്കാം ,നമുക്കീ പെരുംവെയില്‍
മങ്ങി മയങ്ങി തളര്‍ന്നുറങ്ങും വരെ .

2 comments: