പല്ലന കുമാരനാശാന്‍ സ്മാരക സമതിയുടെയും കേരള സാംസ്ക്കാരിക വകുപ്പിന്റെയും സംയുക്തമായി ഉള്ള ആഭിമുഖ്യത്തില്‍ ദ്വിദിന കവിത ക്യാമ്പും കവിതപരിശീലന കളരിയും പല്ലന കുമാരകോടിയില്‍ മെയ് 29 ,30 തിയതികളില്‍ നടന്നു.അവിടെ നടന്ന ആള്‍ കേരള കവിതാരചന മത്സരത്തില്‍ സമ്മാനര്‍ഹമായ എന്റെ കവിതയാണിത് .ഏവരുടെയും ആസ്വാദനത്തിനായി സമര്‍പ്പിക്കുന്നു .
പല്ലനയാറ്റില്‍ അമര്‍ന്ന സര്‍ഗ്ഗ വൈഭവം .
ദീപശിഖയായ്......
ആശയറ്റു വിലപിക്കുന്നിതൊരായിരം ;
ആഴി തന്നില്‍ പതിച്ചപോലായിതാ
'ആശയ ' ങ്ങളകന്നോരു ഭൂവില്‍ നീ
ആ 'ശയന' ത്തിന്നു ഗമിച്ചതങ്ങോര്‍ക്കയാല്‍ !
അങ്ങു തന്‍ കാവ്യ പുളിനങ്ങളിങ്ങിതാ
പല്ലനതന്‍ കൊച്ചു കല്ലോലിനിയിങ്കല്‍
സംഗമിച്ചു ലസിച്ചങ്ങോഴുകാനായ്
വന്നിതോ ,സര്‍ഗ്ഗ ചേതനേ ,ചൊല്ലുക !
അന്നു 'ഷെല്ലിയും' പോയതിങ്ങാറ്റിലായ്
ചെന്നു ചേര്‍ന്നിതാ പഞ്ചഭൂതങ്ങളില്‍
എന്തിതിങ്ങനെ പകുതിക്കു വെച്ചോരീ
സര്‍ഗ്ഗ ചേതനയടര്‍ന്നങ്ങു പോവതും ?
ആഴമേറും മഹസ്സിന്‍റെയാഴിയില്‍
ചെന്നു ചേര്‍ന്നു ലയിച്ചങ്ങിരിപ്പതോ
താണു പോകും 'ചെറുമനെ ' താങ്ങിയോന്‍
സ്നേഹ ഗീതികള്‍ പാടിയ പൂങ്കുയില്‍ !
ആ മഹാ 'ഗുരു'വിന്‍ ചരണെ 'കുമാരു' വായ്
ആയിരം തിരി നീട്ടും പ്രകാശമായ്
ആമയങ്ങളകറ്റുന്ന കാവ്യമായ്
നീ വിളങ്ങുന്നു കാവ്യനഭസ്സിലായ് !
തിരിയാ ലോക രഹസ്യമാരാഞ്ഞ നീ
ആലസിച്ചു ചുഴിയിലമര്‍ന്നിതോ?
അണയാതിന്നു ജ്വലിച്ചങ്ങു നില്‍പ്പതീ
വിരിയും കാവ്യ ദളങ്ങള്‍ക്കു ശക്തിയായ് !
ഇന്നു വന്നു നിന്‍ 'സ്നേഹ കൂടിര'ത്തില്‍
വന്നു കൈത്തിരി നാളവുമേന്തിയീ
ഉന്നതമാം കാവ്യ നഭസിങ്കല്‍
ചെന്നു ചേരുവാന്‍ കാവ്യ തീര്‍ഥാടകര്‍ !!
എത്രയോ 'വീണ പൂവു'കള്‍തന്നിലാ
ദര്‍ശനങ്ങളങ്ങുത്തുങ്ക ശോഭയാര്‍ന്നു -
-ല്‍ഭവിച്ചു തെളിഞ്ഞു ലസിക്കുന്ന
സര്‍ഗ്ഗ വീണ ;നീ തന്ത്രികള്‍ മീട്ടുക !