ഊര്‍മ്മിള
ദൂരെയാ കാനനം തന്നില്‍ മരുവുന്ന
പ്രാണനാം എന്‍ പ്രിയ നാഥാ
ഊണുമുറക്കവും വിട്ടങ്ങു കണ്ണുനീര്‍
മോന്തുമൊരെന്നെ നീ കണ്ടുവോ ?
കണ്ണിമ വെട്ടാതെ, നിന്‍ വരവും കാത്തീ
ഊഷര ഭൂമിയില്‍ ഇന്നു ഞാന്‍
വീണു പലവുരു ,ദേഹം തളര്‍ന്നങ്ങു
ജീവന്‍ വെടിഞ്ഞില്ല ,ഭാഗ്യം !
കാണുവോര്‍ക്കെല്ലാമീ രാജഗൃഹത്തില്‍ ഞാന്‍
കേമിയായി വാഴുവോളല്ലോ
കാണുന്നില്ലീ മനം ;ദൂരെയായി വാഴുന്ന
കേമനെന്‍ കാന്തനോ പോലും .
പോകും വഴിക്കെന്നെ പിന്തിരിഞ്ഞൊന്നു നീ
നോക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു
എന്‍ മനം കൊണ്ടു ഞാന്‍ ,
എത്രയോ പിന്‍വിളി
ചൊല്ലീ ,നീ കേട്ടില്ലയൊന്നും
പഞ്ചവടി തന്നില്‍ ,നെഞ്ചു വിരിച്ചു നീ
അഞ്ചും അടക്കിച്ചരിക്കെ ,
പഞ്ചബാണന്റമ്പു കൊണ്ടു പുളഞ്ഞു ഞാന്‍
നെഞ്ചു തകര്‍ന്നങ്ങു തേങ്ങി .
കാവല്‍ മാലാഖയായ് ,ജ്യേഷ്ഠന്റെ -
യിച്ഛയ്ക്കു കാതു കൊടുത്തു നീ വാഴ്കെ ,
ഊര്‍മിളയുണ്ടോ മനസ്സില്‍ ,അകലേക്ക്
മായുന്ന ചിത്രമായെങ്കിലും?
കര്‍ത്തവ്യബോധം മറക്കുക വേണ്ട നീ
കാത്തങ്ങരിപ്പൂ ,ഞാന്‍ ഗേഹേ ,
ലക്ഷ്മണ രേഖ മുറിക്കൂ ,വിരഹത്തിന്‍
ഉഷ്ണമകറ്റൂ നീ നാഥാ......
ഊര്‍മിളയിന്നുമുറങ്ങാതെ നിന്നെയി -
ന്നോര്‍മ്മയില്‍ കണ്ടു ശയിക്കും
നിന്‍ മുഖം തന്നെയുഷസ്സിനുമെന്നൊരു
ചിന്തയില്‍ കണ്‍കള്‍ തുറക്കും !!
ലക്ഷ്മണന്‍
ക്ഷത്രിയനാണു ഞാന്‍ ,അച്ഛന്റെ വാക്കിന്റെ
ശക്തി ശിരസ്സില്‍ വഹിച്ചോന്‍
ഉത്തമനാമൊരു ജ്യേഷ്ഠന്റെ നിഷ്ഠകള്‍
ശ്രദ്ധയില്‍ കണ്ടു പഠിച്ചോന്‍
കര്‍മ്മമിന്നെന്റെയീ ,വാക്കില്‍ ,പ്രവര്‍ത്തിയില്‍
ധര്‍മ്മം പുലര്‍ത്തുവാന്‍ വെമ്പുവോന്‍
ഇല്ല തിരസ്ക്കരിക്കില്ല ഞാനെന്റെയീ
ധര്‍മ്മവും ,നിന്നെയും മല്‍സഖി .
ഞാനറിഞ്ഞെത്രയോ രാത്രികള്‍ നിന്റെയാ
വിങ്ങും മനോഗതം നാഥേ
കോമളഗാത്രി ,ഞാന്‍ നിന്റെയാ
പൂവിതള്‍ മാനസമിത്ര നോവിച്ചോ ?
ഈ വിദൂരസ്ഥലിയിലിരുന്നു ഞാന്‍
വേദന പുഞ്ചിരിയാക്കും
നിശ്ചയം നിന്നിലെന്‍ സ്നേഹം
പ്രകാശമായ് നിന്നു ജ്വലിപ്പതു കാണും
പിന്തിരിഞ്ഞന്നു ഞാന്‍ നോക്കുകില്‍
നീയെന്റെ കണ്ണുനീര്‍ച്ചാലു കണ്ടേനെ
പോകും വഴിക്കെല്ലാമെന്നശ്രൂ വീണതു
താപമായി ,ആവിയായി വാനില്‍
ഏതു മനോഹര രൂപികള്‍ ,എന്‍ മുന്നില്‍
നാട്യങ്ങളാടി നിന്നാലും
താടക ,താഡനം ചെയ്യാന്‍ തുനിഞ്ഞാലും
കാമിനീ നീ മാത്രമെന്നും
മോഹനരൂപമായി ,തിങ്ങും പ്രകാശമായ്
ആകെ നിറയുന്നിതെന്നും !!
ആ പുളിനങ്ങളിലെത്രയോ ഹംസങ്ങള്‍ ,
പൂമരച്ചില്ലയില്‍ പൈങ്കിളിപ്പാട്ടുകള്‍
ആകെ വസന്തം നിറച്ചാര്‍ത്തു പൂകവേ
ആലസിക്കുന്നു നീ എന്നില്‍ വസന്തമായ്
ഓരോരോ മാത്രകള്‍ സംവത്സരങ്ങളായ്
തോന്നും ദിനങ്ങളിലെല്ലാം
സംഗമിക്കുന്നൊരാ പുണ്യ ദിനത്തിന്റെ
വര്‍ണ്ണമാണിന്നെന്റെ മുന്നില്‍ .....!!
ഇന്ന്
എത്ര മരുഭൂവിന്‍ ,മനസ്സില്‍ തപിക്കുന്നു
ലക്ഷ്മണ നിശ്വാസമിന്നും .....
അക്കരെയത്രേ വഴിക്കണ്ണുമായൊരാള്‍
വിങ്ങും മനസ്സുമായെന്നും ......
ആ മണല്‍ കാറ്റിലും ചുട്ടുപൊള്ളുന്നൊരാ
കൂറ്റന്‍ മണിമേട തന്നിലും
വിണ്ടു കീറുന്നൊരാ ചിത്തവുമായിതാ
ഊര്‍മിള .ലക്ഷ്മണന്‍ ,എത്രപേര്‍ ....
ദൂരെ മരുപ്പച്ച ,കാണുമ്പോള്‍ ഉള്‍ത്തടം
കോരിത്തരിക്കാന്‍ തുടങ്ങും
അക്കരെയെത്തിയാ
നാടിന്റെ നന്മയില്‍
മുങ്ങി കുളിക്കാന്‍ തുടങ്ങും !!