ഊര്‍മ്മിള
ദൂരെയാ കാനനം തന്നില്‍ മരുവുന്ന
പ്രാണനാം എന്‍ പ്രിയ നാഥാ
ഊണുമുറക്കവും വിട്ടങ്ങു കണ്ണുനീര്‍
മോന്തുമൊരെന്നെ നീ കണ്ടുവോ ?
കണ്ണിമ വെട്ടാതെ, നിന്‍ വരവും കാത്തീ
ഊഷര ഭൂമിയില്‍ ഇന്നു ഞാന്‍
വീണു പലവുരു ,ദേഹം തളര്‍ന്നങ്ങു
ജീവന്‍ വെടിഞ്ഞില്ല ,ഭാഗ്യം !
കാണുവോര്‍ക്കെല്ലാമീ രാജഗൃഹത്തില്‍ ഞാന്‍
കേമിയായി വാഴുവോളല്ലോ
കാണുന്നില്ലീ മനം ;ദൂരെയായി വാഴുന്ന
കേമനെന്‍ കാന്തനോ പോലും .
പോകും വഴിക്കെന്നെ പിന്തിരിഞ്ഞൊന്നു നീ
നോക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു
എന്‍ മനം കൊണ്ടു ഞാന്‍ ,
എത്രയോ പിന്‍വിളി
ചൊല്ലീ ,നീ കേട്ടില്ലയൊന്നും
പഞ്ചവടി തന്നില്‍ ,നെഞ്ചു വിരിച്ചു നീ
അഞ്ചും അടക്കിച്ചരിക്കെ ,
പഞ്ചബാണന്റമ്പു കൊണ്ടു പുളഞ്ഞു ഞാന്‍
നെഞ്ചു തകര്‍ന്നങ്ങു തേങ്ങി .
കാവല്‍ മാലാഖയായ് ,ജ്യേഷ്ഠന്റെ -
യിച്ഛയ്ക്കു കാതു കൊടുത്തു നീ വാഴ്കെ ,
ഊര്‍മിളയുണ്ടോ മനസ്സില്‍ ,അകലേക്ക്
മായുന്ന ചിത്രമായെങ്കിലും?
കര്‍ത്തവ്യബോധം മറക്കുക വേണ്ട നീ
കാത്തങ്ങരിപ്പൂ ,ഞാന്‍ ഗേഹേ ,
ലക്ഷ്മണ രേഖ മുറിക്കൂ ,വിരഹത്തിന്‍
ഉഷ്ണമകറ്റൂ നീ നാഥാ......
ഊര്‍മിളയിന്നുമുറങ്ങാതെ നിന്നെയി -
ന്നോര്‍മ്മയില്‍ കണ്ടു ശയിക്കും
നിന്‍ മുഖം തന്നെയുഷസ്സിനുമെന്നൊരു
ചിന്തയില്‍ കണ്‍കള്‍ തുറക്കും !!
ലക്ഷ്മണന്‍
ക്ഷത്രിയനാണു ഞാന്‍ ,അച്ഛന്റെ വാക്കിന്റെ
ശക്തി ശിരസ്സില്‍ വഹിച്ചോന്‍
ഉത്തമനാമൊരു ജ്യേഷ്ഠന്റെ നിഷ്ഠകള്‍
ശ്രദ്ധയില്‍ കണ്ടു പഠിച്ചോന്‍
കര്‍മ്മമിന്നെന്റെയീ ,വാക്കില്‍ ,പ്രവര്‍ത്തിയില്‍
ധര്‍മ്മം പുലര്‍ത്തുവാന്‍ വെമ്പുവോന്‍
ഇല്ല തിരസ്ക്കരിക്കില്ല ഞാനെന്റെയീ
ധര്‍മ്മവും ,നിന്നെയും മല്‍സഖി .
ഞാനറിഞ്ഞെത്രയോ രാത്രികള്‍ നിന്റെയാ
വിങ്ങും മനോഗതം നാഥേ
കോമളഗാത്രി ,ഞാന്‍ നിന്റെയാ
പൂവിതള്‍ മാനസമിത്ര നോവിച്ചോ ?
ഈ വിദൂരസ്ഥലിയിലിരുന്നു ഞാന്‍
വേദന പുഞ്ചിരിയാക്കും
നിശ്ചയം നിന്നിലെന്‍ സ്നേഹം
പ്രകാശമായ് നിന്നു ജ്വലിപ്പതു കാണും
പിന്തിരിഞ്ഞന്നു ഞാന്‍ നോക്കുകില്‍
നീയെന്റെ കണ്ണുനീര്‍ച്ചാലു കണ്ടേനെ
പോകും വഴിക്കെല്ലാമെന്നശ്രൂ വീണതു
താപമായി ,ആവിയായി വാനില്‍
ഏതു മനോഹര രൂപികള്‍ ,എന്‍ മുന്നില്‍
നാട്യങ്ങളാടി നിന്നാലും
താടക ,താഡനം ചെയ്യാന്‍ തുനിഞ്ഞാലും
കാമിനീ നീ മാത്രമെന്നും
മോഹനരൂപമായി ,തിങ്ങും പ്രകാശമായ്
ആകെ നിറയുന്നിതെന്നും !!
ആ പുളിനങ്ങളിലെത്രയോ ഹംസങ്ങള്‍ ,
പൂമരച്ചില്ലയില്‍ പൈങ്കിളിപ്പാട്ടുകള്‍
ആകെ വസന്തം നിറച്ചാര്‍ത്തു പൂകവേ
ആലസിക്കുന്നു നീ എന്നില്‍ വസന്തമായ്
ഓരോരോ മാത്രകള്‍ സംവത്സരങ്ങളായ്
തോന്നും ദിനങ്ങളിലെല്ലാം
സംഗമിക്കുന്നൊരാ പുണ്യ ദിനത്തിന്റെ
വര്‍ണ്ണമാണിന്നെന്റെ മുന്നില്‍ .....!!
ഇന്ന്
എത്ര മരുഭൂവിന്‍ ,മനസ്സില്‍ തപിക്കുന്നു
ലക്ഷ്മണ നിശ്വാസമിന്നും .....
അക്കരെയത്രേ വഴിക്കണ്ണുമായൊരാള്‍
വിങ്ങും മനസ്സുമായെന്നും ......
ആ മണല്‍ കാറ്റിലും ചുട്ടുപൊള്ളുന്നൊരാ
കൂറ്റന്‍ മണിമേട തന്നിലും
വിണ്ടു കീറുന്നൊരാ ചിത്തവുമായിതാ
ഊര്‍മിള .ലക്ഷ്മണന്‍ ,എത്രപേര്‍ ....
ദൂരെ മരുപ്പച്ച ,കാണുമ്പോള്‍ ഉള്‍ത്തടം
കോരിത്തരിക്കാന്‍ തുടങ്ങും
അക്കരെയെത്തിയാ
നാടിന്റെ നന്മയില്‍
മുങ്ങി കുളിക്കാന്‍ തുടങ്ങും !!
അക്കരെയെത്തിയാ
ReplyDeleteനാടിന്റെ നന്മയില്‍
മുങ്ങി കുളിക്കാന്‍ തുടങ്ങും !!
നന്നായിരിയ്ക്കുന്നു വരികളും വാക്കുകളും ആശയവും
ഹലോ അജിത് സാര്‍
Deleteഎന്റെ രചനയില്‍ എത്തി ഈ അഭിപ്രായം കുറിച്ചതില്‍ വളരെ നന്ദി
പ്രാവസത്തിന്റെ പച്ചപ്പ് ...
ReplyDeleteആശയത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന
അന്നിന്റെ ചിത്രങ്ങളുടെ മുഴുപ്പില്‍
ഇന്നിന്റെ നരച്ച യാന്ത്രികത വന്നു മുട്ടുന്നു ..
ഒരൊ പച്ചപ്പിന്റെ യാത്രയും , ഒട്ടേറെ നെഞ്ചില്‍
കനല്‍കൂട് തീര്‍ക്കുന്നു , നല്ല വരികള്‍ എല്ലാം തന്നെ ..
ഇഷ്ടമായി ..
റിനി
Deleteഎന്റെ ഈ രചനയില്‍ വന്നു വിശദമായ ഒരു അനുവാചക കുറിപ്പ് എഴുതിയതിന് വളരെ നന്ദി
അച്ഛന്‍റെ വാക്കിന്റെ ശക്തി ശിരസ്സില്‍ വഹിച്ചോരും..
ReplyDeleteഇന്നിന്‍റെയും,നാളെയുടെയും തുമ്പുകള്‍ കൂട്ടിമുട്ടിക്കാന്‍ വെമ്പുന്നോരും..
അനുഭവിച്ച,അനുഭവിക്കുന്ന വേദനകളും,യാതനകളും,വിരഹദുഃഖങ്ങളും
ഉള്ളില്‍ തട്ടുംവിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍ ടീച്ചറെ.
തങ്കപ്പന സാര്‍
Deleteഎന്റെ രചനകളുടെ സ്ഥിരം വായനക്കാരനും പ്രചോദകനും ആയ അങ്ങേയുടെ വാക്കുകള്‍ക്ക് ഞാന്‍ എന്നും വിലകല്പ്പിക്കുന്നു
വളരെ നല്ല അവതരണം.സാധാരണഗതിയിൽ, കാമുകന്റെ,അല്ലെങ്കിൽ കാമുകിയുടെ വിരഹം.ഇതേതെങ്കിലും ഒന്നാണ്,കവിതകളിൽ പ്രതിപാദിച്ചു കാണാറുള്ളത്.ഇതിൽ, രണ്ടും ഒന്നു പോലെ, ഇതിഹാസ പശ്ചാത്തലത്തിൽ..
ReplyDeleteഒപ്പം പ്രവാസവിരഹ മാനസങ്ങളേയും സന്നിവേശിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ..
ശുഭാശംസകൾ....
സൗഗന്ധികം
Deleteഈ വിലയിരുത്തലുകള്‍ക്ക് വളരെ നന്ദിയുണ്ട്
ഈ വാക്കുകള്‍ പ്രചോദനമാകും
രാമായണം എത്ര അര്ത്വതാണ് ആ നാമം പോലും ഓരോ കഥാപാത്രങ്ങളും
ReplyDeleteഅവരുടെ നോവും രാമന്റെ യാത്രയിലൂടെ മനുഷ്യന്റെ യാത്ര തുടരുന്നു. രാമനിൽ സീതയും ലക്ഷ്മണനും ഊര്മിളയും മണ്ടോധരിയും താരയും രാവനന്മാരും ഒരിക്കലും തീരുന്നില്ല കഥാപാത്രങ്ങൾ യാത്രയും.. അതിനു എത്രയോ മനോഹരമായ വ്യാഖ്യാനങ്ങൾ വാല്മീകി ഇന്നും ജീവിക്കുന്നത് രാമായണം ത്തിലൂടെ മാത്രം അല്ല ഇത് പോലുള്ള രചനകളിലൂടെയും കൂടി തന്നെ
അവസാനത്തെ അഞ്ചു വരികളിലെ കുറ്റബോധം മനോഹരമായി
സമൂഹത്തിന്റെ കുറ്റം ഏറ്റെടുക്കാൻ നാം ഓരോരുത്തരും ബാധ്യസ്തർ എന്ന ഒര്മാപെടുത്തൽ നന്നായി
കവിതയെ ഒന്നുകൂടി മനസ്സിരുത്തി വായിക്കാൻ എന്നെ പ്രേരിപ്പിച്ച അഭിപ്രായങ്ങള കൂടി ഓര്ക്കാതെ എന്റെ അഭിപ്രായം പൂരത്തി ആവുന്നില്ല കവിതയിലെ പൂര്ന്നതയാണ് പല അഭിപ്രായങ്ങളും(റിനി, സൌഗന്ധികം, അജിത്, CV Thankkappan ) എന്ന് ഞാൻ തിരിച്ചറിയുന്നു
ആശംസകൾ
ഹായ് ബൈജു
Deleteഈ തികച്ചും വസ്തുനിഷ്ഠമായ വിലയിരുത്തലുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി
താങ്കളെ പോലെ കവിതയെ ഗൗരവത്തില്‍ എടുക്കുന്ന ആളുകള്‍ ആണ് എന്നെപോലെയുള്ള കൊച്ചു എഴുത്തുകാരുടെ പ്രചോദനം
നന്ദി
ഊർമ്മിളയുടെയും ലക്ഷ്മണനെയും കവിതയിലെത്തിച്ച് ഇന്നിന്റെ കഥാപത്രങ്ങളെ തുറന്നുകാട്ടിയ ഈ കവിത വളരെ നന്നായി.
ReplyDeleteആശംസകൾ
Kalavallabhan
Deleteഈ കൈയ്യോപ്പിന് വളരെ നന്ദി
വിരഹ ദു:ഖത്തിൻ തീവ്രത എനിക്കും മനസിലാവും കവിതയായാലും കഥയായാലും.. കാരണം ഞാനുമൊരു പ്രവാസിയാണ്.. കവിത ഇഷ്ടമായി..ആശംസകൾ
ReplyDeleteബഷീര്‍ പി.ബി.വെള്ളറക്കാട് ഈ കൈയ്യോപ്പിന് ഹൃദയം നിറഞ്ഞ നന്ദി
Deleteഊര്‍മിളയിന്നുമുറങ്ങാതെ നിന്നെയി -
ReplyDeleteന്നോര്‍മ്മയില്‍ കണ്ടു ശയിക്കും ഇതിനുളള മറുപടി ദുര്‍ബലമാകുന്നത് ഊര്‍മിള ശക്തയായതു കൊണ്ടാകാം. നന്നായി
Kaladharan TP ഈ അനുവാചക കുറിപ്പിന് വളരെ നന്ദി
Deleteനന്നായിരിയ്ക്കുന്നു ...... ഈ കവിത വളരെ നന്നായിരിയ്ക്കുന്നു
ReplyDeleteniDheEsH kRisHnaN @ ~അമൃതംഗമയ~
Deleteഈ വാക്കുകള്‍ക്ക് വളരെ നന്ദി
വിരഹത്തിന്റെ കാലഭേദങ്ങള്‍ ... നന്നായി എഴുതി
ReplyDeleteഅശ്വതി ഈ രചനയില്‍ എത്തി ഈ കൈയ്യൊപ്പ് ചാര്‍ത്തിയതില്‍ വളരെ നന്ദി
Deleteപോകും വഴിക്കെന്നെ പിന്തിരിഞ്ഞൊന്നു നീ
ReplyDeleteനോക്കാന്‍ കൊതിച്ചു ഞാന്‍ നിന്നു
പിന്തിരിഞ്ഞന്നു ഞാന്‍ നോക്കുകില്‍
നീയെന്റെ കണ്ണുനീര്‍ച്ചാലു കണ്ടേനെ
തീര്ച്ചയായും അന്ന് ഊര്മിളയും ലക്ഷ്മണനും ഇങ്ങനെ പറഞ്ഞിരിക്കാം.
എന്ന് തോന്നിപ്പിക്കുന്ന വരികൾ..
ഒരുപാട് ഇഷ്ടമായി.
എല്ലാ ഭാവുകങ്ങളും നേരുന്നു
നളിന ചേച്ചി
Deleteവളരെ സന്തോഷം നന്ദി ഈ വാക്കുകള്‍ക്ക്