Friday, January 20, 2012

വിധി

ഞെട്ടലോടിന്നു പത്രത്തില്‍ ,കണ്ടു ഞാന്‍ 
കോടതി ; കുട്ടികള്‍ക്കു 'വളം ' വെച്ചു ,നില്‍പ്പതായ്
ഇന്നു കൈ വിലങ്ങുമായ് ക്ലാസ്സിലായ്
ചെന്നു നില്‍ക്കുവാന്‍ ഞങ്ങളെ വിട്ടിതോ ?

ഇല്ല, ചൂരല്‍ തൊടുവാന്‍ കഴിയില്ല ,നല്ല 
കൂച്ചു വിലങ്ങതു നാവിനും 
ഇന്നു വിങ്ങും മനവുമായ്‌ ഞങ്ങളോ 
ചൂണ്ടി നില്‍ക്കും വിരലുകള്‍ തന്‍ മുന്നില്‍ !

തൂങ്ങി നില്‍ക്കും ഡെമോക്ലസ്സിന്‍ വാളുകള്‍  
വാക്കുപോലും ; ഞാന്‍ തൂക്കി മൊഴിയവേ.
ഇല്ല ചൊല്ലുവാന്‍ ' മക്കളെ ' എന്നതും
ആ വാക്കിനും മറ്റോരര്‍ത്ഥമുണ്ടാകുമൊ ?

'കോപ്പി ' ഞാന്‍ കണ്ടു 'പൊക്കു ' കില്‍
നാളെയോ , 'തൂങ്ങി' നില്‍പ്പതു കാണേണ്ടി വന്നിടും 
പിന്നെ കോടതി കേറി നിരങ്ങി ഞാന്‍ 
കോടി ജന്മത്തിന്‍ പാപങ്ങളേറ്റിടും

അപ്പോഴും വിരല്‍ ചൂണ്ടി സമൂഹവും 
ചുറ്റുമെത്തിയെന്‍ പത്തിയോ താഴ്ത്തിടും 

നല്‍ക്കുലത്തിലെ നായ്ക്കളെപ്പോലവേ 
കാണിടാം ഞങ്ങള്‍ തന്നുടെ കൂട്ടരില്‍ 
എങ്കില്‍പ്പോലുമേ പങ്കിലമാകില്ല ,
തങ്കം പോലെ ജ്വലിച്ചു നില്‍ക്കും 'ഗുരു'

എത്രനാള്‍ ചെയ്ത പുണ്യത്തിന്‍ നേട്ടമോ 
അത്ര തന്നെ വിയര്‍ത്തു പണിഞ്ഞതോ ?
എത്ര സ്വപ്നങ്ങള്‍ നെയ്തു തീര്‍ത്തിതോ 
തത്ര ലോകം പണിഞ്ഞങ്ങെടുക്കുവാന്‍ 


വാക്കും നോക്കുമായന്നും വിദ്യാര്‍ത്ഥിതന്‍ 
കൂടെയെന്നും 'ഗുരു' നിന്ന കാരണം 
ഇന്നിതു പോലെയെങ്കിലും ഈ ലോകം 
നില്പതല്ലേ ,മന:സാക്ഷി , ചൊല്ലുക .

ഇന്നു ലോകം 'ഗുരുനിന്ദ' യാലേറെ 
തിന്മ കൊണ്ടു നിറയ്ക്കുവതിപ്പൊഴും
വന്നു ചേരുമാ നല്ല ദിനങ്ങള്‍ക്കായ് 
നോമ്പു നോറ്റു ഞാന്‍ കാത്തു നില്‍ക്കുന്നിതാ 

1 comment:

  1. പുതുകാലത്തിന്റെയെല്ലാ നോവുകളും അനുവാചകന് അനുഭവപ്പെടുന്ന അര്‍ത്ഥവര്‍ത്തായ കവിത .
    ആശംസകള്‍

    ReplyDelete