Friday, January 20, 2012

ഞാനുമൊരമ്മ

ഞാനുമൊരമ്മ ,രണ്ടു പെണ്‍മക്കളെ 
നോവറിഞ്ഞങ്ങു ഭൂജാതയാക്കിയോള്‍ .
ഈശ്വരന്റെയപാരമാം സൗന്ദര്യ - 
സൃഷ്ടിയാം സ്ത്രീകുലത്തെ ചുമന്നവള്‍
ഏറിടുന്നോരഭിമാനബോധമായ് 
വാണിടാന്‍വേണ്ട വൃത്തികള്‍ ചെയ്യുവോള്‍ !
*************************************
ഭൂമി ;ഞാനിന്നിങ്ങെന്നില്‍ കുരുത്തൊരീ 
പൂഞ്ചെടികളിവ,വാടിക്കരിയാതെ 
പാരിനാകവേ , പൂമണം ,  നന്മയായ് 
വീശുവാന്‍ , വളം എന്നുപദേശമായ്
നോമ്പു നോല്‍ക്കുന്നു ഞാന്‍ , ചോര ; നീരാക്കിയെന്‍ 
പൂഞ്ചെടികള്‍ ; തളിര്‍ക്കുവാന്‍ ,പൂക്കുവാന്‍ !
*************************************
എന്‍ പ്രതീക്ഷയ്ക്കുമാശയ്ക്കുമപ്പുറം
ഏറെയാശങ്കയെന്നെ ഭരിക്കവേ
കണ്ണൂതെറ്റിയാല്‍ , എന്‍ ശ്രദ്ധ പാളിയാല്‍ 
എന്തു താനിന്നു വന്നു ഭവിച്ചിടും?
ഇന്നു കണ്‍കളില്‍ ഉറക്കം വഴിമാറ്റി 
എണ്ണയിട്ടു തുറന്നു വെയ്ക്കുന്നു ഞാന്‍ 
*************************************
എത്ര ' സൗമ്യ ' കുസുമങ്ങള്‍ തന്‍ ദലം
തത്ര വീണു കിടക്കുന്നു ഭൂമിയില്‍ 
അത്ര തന്നെ വിടരാന്‍ ഭയന്നിതാ 
കൂമ്പി നില്‍ക്കുന്നൊരായിരം മൊട്ടുകള്‍ 
*************************************
കണ്ണൂപെട്ടങ്ങു വാടിക്കരിയുമോ ?
പൂവിതള്‍ ; പ്രതീക്ഷകള്‍ കൊഴിയുമോ ?
ആക്കഴുകന്‍മാര്‍ കൂര്‍ത്ത നഖവുമായ് 
എത്തിടാം പിന്നെ കൊമ്പുകളാഴ്ത്തുവാന്‍ 
എത്രയാര്‍ത്തിയോടെത്തിടാം പ്രാണികള്‍ 
വന്നു ത്രാണിയകറ്റിക്കടന്നിടാം
**************************************
കര്‍മ്മമാണെന്‍ ;ധര്‍മ്മവും ,മക്കളില്‍ 
ധര്‍മ്മബോധമുണര്‍ത്തി വലുതാക്കി 
കര്‍മ്മ പാതയില്‍ വീണൂകിടക്കാതെ 
വര്‍ണ്ണമോടെ വിടര്‍ന്നങ്ങു നില്‍ക്കുവാന്‍ 
**************************************
ഏതു കാറ്റിലുമാടാതെ ,ഭൂമിയില്‍ 
വേരുറപ്പിച്ചു നില്‍ക്കുവാന്‍ പോന്നോരാ 
വീര്യവും നേരും സൂര്യകിരണമായ് 
നേരേ വന്നു പതിച്ചുല്ലസിക്കട്ടെ 
***************************************
ചുട്ടുപൊള്ളും മനവുമായിന്നു ഞാന്‍ 
നില്‍പ്പു... കാക്കുവാന്‍ മേനിയും മാനവും 
എന്റെ നോവറിഞ്ഞങ്ങു മഴയായി 
പാരിനുടയോന്‍ കനിഞ്ഞങ്ങണഞ്ഞെങ്കില്‍ .... !!
***************************************





1 comment:

  1. കവിത വായിച്ചു .ഇഷ്ടപ്പെട്ടു .ഒരു അമ്മയുടെ വേദന ... വളരെ നോവുളവാക്കുന്ന രീതിയില്‍ അനുവാചകന് അനുഭവപ്പെടുന്നു. നമ്മുടെ സമൂഹത്തിന്റെ നേര്‍ചിത്രമാണ് ഈ കവിത. നേരുന്നു എല്ലാ ഭാവുകങ്ങളും ഹൃദയത്തിന്റെ ഭാഷയില്‍... ........ .
    നന്മയുടെ വിജയം എപ്പോഴും ഉണ്ടാകട്ടെ .

    ReplyDelete