Friday, February 24, 2012

പരിദേവനം


കെട്ടുപൊട്ടിച്ചങ്ങരികിലെത്തീടുവാന്‍
പാലുവലിച്ചു കുടിച്ചു രസിച്ചിടാന്‍
അമ്മതന്‍ വാത്സല്യ ധാര നുകരുവാന്‍  
എന്നിലുദിച്ചോരു മോഹം കുതിക്കുന്നു .
============================

പാത്രവും കയ്യിലങ്ങേന്തിനടക്കുന്ന
കാഴ്ചയെന്‍ ചങ്കിനെയേറെ നുറുക്കുന്നു .
കെട്ടഴിക്കാനങ്ങടുക്കുന്നതു കണ്ട്
തുള്ളിക്കുതിച്ചു ഞാനമ്മതന്നോമന        
നീട്ടിവലിച്ചു നുണഞ്ഞു ഞാന്‍ പാല്‍നുര
അമ്മ ചുരത്താന്‍ തുടങ്ങി തുരുതുരെ
അമ്മതന്‍ നാവിനാലെന്നെത്തഴുകവേ
കെട്ടിവലിച്ചിതാ ദുഷ്ടതന്‍ കൈകളും
പാത്രത്തില്‍ വീഴുന്ന പാലിന്റെ ശബ്ദവും
കത്തുമെന്‍വയറിന്റെ ഉള്‍വിളിതേങ്ങലും
പാല്‍നുരമൊത്തുവാന്‍ ഞാന്‍ തല നീട്ടവേ
എന്നുടെ ദു: ഖമോര്‍ത്തമ്മയും തേങ്ങിയോ ?

ഉള്ളിലെതേങ്ങല്‍ വഴിഞ്ഞോഴുകീടവേ
നോക്കിത്തിരിഞ്ഞമ്മ കണ്ണുനീര്‍ വാര്‍ത്തിതോ?
പാത്രം നിറച്ചിതാ പോകുന്നു ദൂരേക്ക്
കെട്ടഴിഞ്ഞെത്തി ഞാനമ്മതന്‍ ചാരത്ത് ,
ചപ്പുന്നിടിക്കുന്നൊഴിഞ്ഞോരകിട്ടിലായ്‌
എന്നിയെറിഞ്ഞമ്മ ചാടുന്നു പിന്നെയും
മാടിവിളിക്കുമാ പുല്ലില്‍ നാമ്പുകള്‍
വാടുന്നൊരെന്‍ മനം തേടുന്നൊരന്‍പുകള്‍ !


     

1 comment:

  1. കുഞ്ഞിനു നൽകുവാൻ പാലില്ലയെങ്കിലും
    സ്നേഹം ചുരത്തും മനസ്സുമായ് കുഞ്ഞിനെ
    നക്കിത്തുടക്കുന്നൊരമ്മപ്പശുവിന്റെ
    ഹൃദ്ഗദം ക്രൂരൻ നരനറിയുന്നുവോ?

    ReplyDelete