Thursday, February 23, 2012

കഴലിണയില്‍



കഴലിണയില്‍

കരയുമെന്നകതാരിലൊരുമാത്രയെങ്കിലും
കനിവിന്റെ കുളിര്‍മഴ പെയ്തുവെങ്കില്‍
കരുണതന്‍ കാതലായ് വാണിടുന്നോന്‍
കിനിയുന്ന സാന്ത്വനം തന്നുവെങ്കില്‍
കണ്ണീര്‍ തുടയ്ക്കുന്ന കണ്ണനിന്നെന്‍ മുന്നില്‍
കനകപ്രഭയായ് നിന്നുവെങ്കില്‍
കതകുകള്‍ താനേയടഞ്ഞിടുമെന്റെയാ
കനവിയലാത്തൊരാ ശോകഗേഹം .
കാഞ്ചനകാഞ്ചികിലുക്കിയാക്കണ്ണനെന്‍
കാണിക്കയാമാശ്രുവേറ്റുവാങ്ങും
കാണിടും ഞാനപ്പോള്‍ ദ്വാരകതന്നിലെ
കാലികള്‍ കൂട്ടവും ,കേളികളും
കാലേയുണര്‍ന്നങ്ങു പാടും കിളികളും
കണ്ണനെക്കാണും കുചേലനെയും
കാറ്റിലൊഴുകുന്ന പാട്ടിന്റെ ശീലുകള്‍
കുഴല്‍വിളിയോ, കിളികൂജനമോ ?
കാര്‍വര്‍ണ്ണനൊത്തങ്ങു പാടിത്തിമിര്‍ത്തു ഞാന്‍
കേളികളാടിയലിഞ്ഞു ചേരും .
കാണാത്ത ഗേഹമാം നാകത്തിലന്നു ഞാന്‍
കാല്‍കുത്തിയൊന്നു നിവര്‍ന്നു നില്‍ക്കും
കാതും ,കരളും കവര്‍ന്നങ്ങുയരുന്ന
കീര്‍ത്തന ഗാനങ്ങള്‍ കേട്ടിടുമ്പോള്‍
കാലങ്ങളായ് നോമ്പു നോറ്റോരാ സ്വപ്നങ്ങള്‍
കാലേയടുത്തെത്തി നില്‍ക്കുവതായ്
കാണാകും കാനനം തന്നിലലഞ്ഞോരാ
കാതരയാം കൊച്ചു പൈങ്കിളിയ്ക്കും
കാതങ്ങള്‍ക്കപ്പുറമല്ലപ്പോള്‍ കണ്ണന്‍ ; തന്‍
കാലിലായ്‌ വീണു കിടന്നിടും ഞാന്‍ !

4 comments:

  1. കൃഷ്ണഭക്തി സാന്ദ്രമാക്കിയ കവിത...
    നന്നായിട്ടുണ്ട്...ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി, എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കാനും അഭിപ്രായമറിയിക്കാനും ശ്രമിച്ചതിനു വളരെ നന്ദി.

      Delete
  2. ‘കണ്ണന്റെ രാധാകുമാരി..’ നല്ല ഭാവന...ഭാവുകങ്ങൾ....

    ReplyDelete
  3. നന്ദി, എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കാനും അഭിപ്രായമറിയിക്കാനും ശ്രമിച്ചതിനു വളരെ നന്ദി.വീണ്ടും വരിക .

    ReplyDelete