Saturday, February 25, 2012

സാംസ്ക്കാരിക ഗ്രഹണം


സൂര്യന്റെ മുഖവും മൂടി
ചന്ദ്രന്റെ ഗ്രഹണം വന്നോ
നീര്‍ക്കോലികള്‍ തലയും പൊക്കി
കേമന്‍മാര്‍ ചമയുന്നോ ?
നാട്ടാരുടെ മുതുകില്‍ കേറി
ഓട്ടോകള്‍ പായുന്നേ
മോട്ടോറുകള്‍ കൊടിയും പാറി
പൊടിപാറിപ്പായുന്നേ
മൈക്കിന്റെ ബഹളം കൊണ്ട്
വെപ്രാളം കൂടുന്നേ
ചെവി പൊത്തൂ ,മൂക്കുകള്‍ പൊത്തൂ
ശ്വാസം പോയി  പിടയുന്നേ
നൂറിന്റെ ബള്‍ബുകള്‍ മിന്നും
ചിരിയെല്ലാം ഫ്യുസായി
കണ്ടാലൊട്ടറിയുന്നീലാ
മിണ്ടാനോ സമയം പോരാ .
പണ്ടത്തെ ഗാന്ധിയെ നമ്മള്‍
വെടിവെച്ചു തകര്‍ത്തില്ലേ
ഇന്നിന്റെ കാന്തിയെ നമ്മള്‍
ഇഞ്ചിഞ്ചായ് കൊല്ലുന്നോ ?
കുടിയന്മാരുടെ കാശും കൊണ്ട്
മണിമന്ദിരമുയരുന്നേ
കുടല്‍ തോറും എരിപൊരിയും
കുടില്‍തോറും നിലവിളിയും
തരികിടതാം തിത്തോം പാടി
കുടിയന്മാരലയുന്നേ
'തടി' പോയി ,കുടലുംപോയി
കരളുരുകിപിടയുന്നേ
ഓണത്തിന്‍ പൂക്കളമയ്യോ
'ടിവി 'യില്‍ തീര്‍ക്കുന്നേ
ഉപ്പേരിപപ്പടമെല്ലാം
മാസികകള്‍ തീര്‍ക്കുന്നേ
തരികിടതാം തിത്തോം പാടി
തിരുവോണം പോയല്ലോ
പിരിവിന്റെ ശല്യം തീര്‍ന്നോ
കയ്യിലുള്ള കാശും തീര്‍ന്നോ ?
'കൊലവെറി' പാടികൊണ്ട്
മുക്കവലകളാടുന്നേ
പാട്ടിന്റെ ഈണത്തില്‍
കുഞ്ഞുങ്ങള്‍ വാടുന്നേ
പിള്ളാരെ വണ്ടീലിട്ടു
നാടാകെ ചുറ്റുന്നേ
വൈകിട്ടോ ,കൂനികൂടി
കുഞ്ഞുങ്ങള്‍ തളരുന്നേ
അങ്ങേതിലെ നങ്ങേലിക്കൊരു
ചൂരിദാര്‍ വാങ്ങിച്ചേ
ഇങ്ങേലെ പെമ്പിള്ളാര്‍ക്കും
മാക്സികളും മേടിച്ചേ
പെണ്ണുങ്ങള്‍ക്കനങ്ങാന്‍ വയ്യേ
വണ്ണത്താല്‍ വിങ്ങുന്നേ
വൈദ്യന്റെ വീടിനു മുന്നില്‍
ജാഥകള്‍ പോല്‍ 'ക്യു' നീളുന്നേ
ഗള്‍ഫിലുള്ള കുഞ്ഞിനെക്കാത്തങ്ങ-
-പ്പൂപ്പന്‍ മോര്‍ച്ചറിയിലും
കരയുന്ന സിഡികളിന്നോ
വീടുകളില്‍ തേങ്ങുന്നേ
എന്തെല്ലാം കണ്ടെന്നാല്‍
ഈ ജന്മമൊടുങ്ങീടും
എന്തെല്ലാം കേട്ടെന്നലീ
ഗ്രഹണത്തിന്നിരുളുകള്‍  മാറും?

1 comment:

  1. നല്ല ആശയം .നമ്മുടെ സമൂഹത്തിലെ പൊങ്ങച്ചസഞ്ചികളെയും പുത്തന്‍ പണക്കാരെയും പച്ചപരിഷ്കാരെയും നല്ലരീതിയില്‍ കളിയാക്കുന്നുണ്ട് .
    നമ്മുടെ ഉത്സവങ്ങളെയും സാംസ്ക്കാരിക ചിഹ്ന്നങ്ങളെയും ഇന്ന് പ്രതിനിധാനം ചെയ്യുന്നത് ചാനലുകളും സിനിമക്കാരുമാണല്ലോ
    നമ്മുടെ നാടിന്റെ സാംസ്ക്കാരിക ച്യുതിയെ നല്ലരീതിയില്‍ ഈ കവിതയില്‍ വരച്ചുക്കാട്ടി.കവിതയ്ക്ക് ഒരു താളം ഉണ്ട് . ചൊല്ലുവാന്‍ പറ്റിയ കവിതയാണ് ഈ ബ്ലോഗിലെ
    മുഴുവന്‍ കവിതകളും .
    ധിക്കാരിയായ കവി ശ്രി അയ്യപ്പന്‍റെ കവിതയോട് (കോപ്പി അല്ല )സാമ്യം തോന്നുന്ന ഒരു ശൈലി "മരിക്കാതെ" എന്ന കവിതയ്ക്കുണ്ട്‌ .
    എഴുതുക എഴുതുക എഴുതുക അത് മാത്രമാണ് ഒരു നല്ല കവയിത്രിയാകുവാന്‍ വേണ്ട ശ്രമം ,ഒപ്പം കിട്ടുന്നതെന്തും വായിക്കുക ,ഒപ്പം ചിന്തിക്കുക ,ബ്ലോഗിലെ അഭിപ്രായങ്ങളില്‍ കൂടുതലും
    ഒരു നിരൂപണമല്ല, വെറും സുഖിപ്പിക്കല്‍ മാത്രം .
    ഈ കവിതയിലെ ചില പ്രയോഗങ്ങള്‍ കാവ്യമയമായി ഉപയോഗിക്കാമായിരുന്നു .ഉദാ:വണ്ണത്താല്‍ ,ടിവി,മാക്സി ,.
    (ഇ. ടി. സി.)
    പക്ഷെ ഒരു നല്ല രചന രീതി ടീച്ചര്‍ പിന്തുടരുന്നുണ്ട് .
    വായന, എഴുത്ത് ,ചിന്ത ,ഭാവന ,യാത്രകള്‍ ഇവയാണ് ജീവിതാനുഭാവങ്ങള്‍ക്കൊപ്പം ഒരു നല്ല കവിതയ്ക്ക് വേണ്ട ഒരുപ്പടികള്‍ .
    നേരുന്നു നന്മകള്‍ .ഒപ്പം ആശംസകളും .

    ReplyDelete