രാപ്പകലുകള്‍ കാവലിരുന്ന്‍,
വിളവോളമെത്തിച്ചവ;
ജൈവ -രാസ കീടങ്ങള്‍ കാര്‍ന്നു തിന്നവേ,
ആറ്റുനോറ്റിരുന്ന്‍,തന്നോളമെത്തിച്ച
മക്കളെ ;യന്ത്ര -കാമ വെറിയന്മാര്‍
മുറിവേല്‍പ്പിച്ചു നശിപ്പിക്കെ ,
ജീവവായുവുമന്നപാനവും നിറച്ചുയിര്‍ -
കാക്കുന്ന ഭൂമിയെ ;
നഖമാഴ്ത്തി കീറിമുറിക്കവെ,
സത്യത്തെ ,ഈശ്വരനെ ,നന്മയെ
കാട്ടുന്ന ഗുരുവിനെ ;നിന്ദിക്കെ ,ദക്ഷിണയായി
കൈപ്പത്തി ചേദിച്ചെടുക്കെ,
മുറവിളികളില്‍ ;ബധിരരായ് ,നടുക്കുന്ന
കാഴ്ചയിലന്ധരായി,പ്രതികരണങ്ങള്‍ക്കു
മൂകരായി ;'മുന്നോട്ട് 'പായവേ ,
മുറിവേറ്റ് ,ചോരവാര്‍ന്നൊലിച്ചറിയാ
ത്താഴങ്ങളില്‍ നദികള്‍ വിറങ്ങലിക്കെ
കാല്‍ച്ചുവട്ടിലെ,മണ്ണൊലിച്ചു പോകെ
വേരുകള്‍ക്ക് നീരും ,നീരിനെത്തേടാന്‍
വേരുക്കള്‍ ക്കസ്തിത്വവും നശിക്കെ
'കാടു'കള്‍ അന്തരംഗത്തിലാവാഹിക്കെ
തരിശായ് ,ഭൂമിയും ,മനവും
ഗര്‍ഭ പാത്രങ്ങളും വരളവേ
വിണ്ടു കീറവേ
മത്സരങ്ങളില്‍ ,ലേലങ്ങളില്‍ ,
പഠനം ,വൈകല്യങ്ങളാകവേ
യന്ത്രങ്ങളായ്,
ബന്ധങ്ങള്‍ ;ചരടഴിഞ്ഞ്
പൊരുള്‍ മറന്ന്,
മേച്ചില്‍പ്പുറങ്ങള്‍ തേടവേ,
മാസ്മരികത;മയക്കും മരുന്നും
'നെറ്റും'ഭ്രമകല്പനകള്‍ തീര്‍ക്കവേ,
ഓരോ അണുവിലും ക്യാന്‍സര്‍ രുചിക്കെ ,
ഒരു മഴയ്ക്കായ് ,ആര്‍ദ്രതയ്ക്കായ് ,
ചെറുപുഞ്ചിരിക്കായ്, സാന്ത്വനസ്പര്‍ശത്തിനായ്
ഒരു പിന്‍വിളിക്കായ്,ഒരു പൂവിനായ് ,
പൂ നിലാവിനായ് ,രസനയില്‍
ഇറ്റുവീഴുന്ന നീരിനായ് ,പച്ചപ്പിനായ്
സുഗന്ധവാഹിയാം ,കാറ്റിനായ്
ഒരു കല്പനക്കായ്, കാവ്യത്തിനായ്
കിളികൊഞ്ചലിനായ് ,നീരൊഴുക്കിനായ്
ഒരു നല്ല നാളെയ്ക്കായ്
ആശിക്കാതിരിക്കുവതെങ്ങനെ ............?