പ്രവാസ സ്വപ്നം
ചോര്‍ന്നൊലിക്കുന്ന കൂരതന്‍ മൂലയ്ക്ക്
വയറുപൊത്തി ഞാന്‍ ചാരിയിരിക്കവേ
ദൂരെയാകാശം ,മാടിവിളിക്കുന്നു
സ്വപ്നമെന്നെപ്പറവയാക്കീടുന്നു
ചുറ്റും കടങ്ങള്‍ ,ചുഴലി പോല്‍ നിത്യവും
ചുറ്റിപ്പിടിച്ചു കഴുത്തില്‍ മുറുക്കവേ
ഗത്യന്തരങ്ങള്‍ക്കുമപ്പുറം ലോകങ്ങള്‍ ;
സ്വപ്നച്ചിറകില്‍ കരേറി ,പ്രവാസി ഞാന്‍
നാടിന്‍ സുഗന്ധമാ സ്വപ്നത്തില്‍ പേറിയാ
ചൂഴും മണല്‍ക്കാറ്റില്‍ ,പൊള്ളും മണലിലും
ഈ പ്രവാസം പ്രയാസമെന്നാകിലും
ഇപ്പോഴെന്നെ നയിക്കുന്നതൊന്നു താന്‍
നാടിന്റെ നന്മമഴയില്‍ കുളിക്കുവാന്‍
ആ നദിയിലൊന്നൂളിയിട്ടീടുവാന്‍ !!
എത്രപേര്‍ മാഞ്ഞുപോയൊരാ പാതകള്‍
അത്ര കണ്ണീരുണങ്ങും മനസ്സുകള്‍
എത്ര കണ്ണീര്‍ത്തടങ്ങളോ വറ്റാതെ
പൊള്ളുന്ന മണ്ണില്‍ പിടഞ്ഞു തിളങ്ങവേ
കാത്തിരിക്കും പ്രിയജന നിശ്വാസമത്രേ
ഉയരുന്ന മേഘപടലവും !
ഉത്ക്കടാവേശത്തിമിര്‍പ്പിലങ്ങെത്തുമ്പോള്‍
നിഷ് പ്രഭമാകും മോഹത്തിരകളും
എന്റെ നാടും കപടതയ്ക്കുള്ളൊ -
രീറ്റില്ലമായി ചമഞ്ഞുകഴിഞ്ഞെന്നോ ?
ഇല്ലയിന്നു സുഹൃദ്‌സംഗമങ്ങളാ ,
നല്ല ഭൂമികയ്ക്കുള്ളൊരു നന്മകള്‍ !
ഇന്നിവിടെ അകലങ്ങളില്ലാതെ
ഒത്തുകൂടും പ്രിയജന വ്യൂഹമാ -
നല്ല നാടിന്റെ നഷ്ട സൗഭാഗ്യങ്ങള്‍
ഉണ്മയോടെ പകര്‍ന്നു കഴിയുന്നു
നിന്നു മെഴുകായ് ഉരുകിയൊഴുകവേ
പെയ്തുതീര്‍ന്നെന്റെ മോഹക്കടലുകള്‍
അങ്ങു ദൂരെയിരിക്കുവോര്‍ സ്വപ്നങ്ങള്‍
നെയ്തുകൂട്ടി തിരികെയങ്ങെത്തവേ
ശൂന്യമായൊരാ ഭാണ്ഡവും ,ശക്തിയും ,
ഉറ്റുനോക്കുന്നനാരോഗ്യവും ,ഭാവിയും
ഞാനും ഒരു പ്രവാസി
ഓര്‍മകളില്‍ ,സ്വപ്നങ്ങളില്‍ ജീവിക്കുന്നു
ഏകനായി
ഭയത്തിന്‍ തേരില്‍
ഇരുട്ടില്‍ , ഭയത്തിന്‍ നിഴലുകള്‍
പകലില്‍ ,ചുവപ്പു രാശികള്‍
വെളിച്ചം മങ്ങുന്നു കണ്‍കളില്‍
ഭയത്തിന്‍ നീരാളിപ്പിടുത്തങ്ങള്‍ !!
നിരത്തുകള്‍ കുരുതിക്കളങ്ങളായ്
ഭയത്തിന്‍ തേരിലായ് യാത്രകള്‍
നിയമക്കുരുക്കുകള്‍ ഭയന്നിതാ ,ചോര -
യൊഴുക്കും കാഴ്ചകള്‍ക്കന്ധരായി
ജനിക്കും മുന്‍പുതന്നുള്‍ഭയം ,മാതൃ
സിരയില്‍ നുരഞ്ഞു പൊന്തുന്നതും
വമിക്കും രാസവസ്തുക്കളാല്‍ ,കുഞ്ഞു
ജനിക്കുമോ ,ജീവന്‍ തളിര്‍ക്കുമോ ?
അകലെപ്പോയാല്‍ മനം ഉമിത്തീയില്‍
വൈകി വരുമെന്നാകിലോ ദഹിക്കുവതും
ചതിക്കുഴിയിലോ ജീവന്‍ ?കഴുകര്‍ തന്നുടെ
നഖങ്ങള്‍ , ദംഷ്ട്രകള്‍ ,സ്മൃതിയിലും !
ഭയം ; പിന്നൊരു കരത്തിലേല്‍പ്പിക്കെ ,
അവിടെ സൗഖ്യമോ ,പീഡനങ്ങളോ ?
ഒരിക്കലും അന്തമില്ലാ ഭയങ്ങളില്‍
കൊരുത്തെടുത്തതാണിവിടെ ജീവിതം !
കരുത്തു നല്‍കി വളര്‍ത്തുവാന്‍ ,മക്കള്‍
ഭയങ്ങളില്ലാതെ ചരിക്കുവാന്‍
പഠിച്ച പാഠങ്ങള്‍ കൊടുക്കവേ , ഉള്ളില്‍
രഹസ്യമായ് മറ്റു ഭയങ്ങളും !
അറബിപ്പൊന്നിനങ്ങകലെ പോയവര്‍
നിയമക്കുരുക്കിന്റെ പിടിയിലായ്
തിരികെപ്പോരുവാനാകുമോ ,വന്നാല്‍
ഇവിടെ ജീവിതം തളിര്‍ക്കുമോ ?
കുടിക്കും നീരതില്‍ പുഴുക്കള്‍ കാണ്‍കവേ
അരിച്ചാക്കില്‍ പട്ടി പുഴുത്തു നാറവേ
ശ്വസിക്കും വായുവില്‍ മരണം മണക്കവേ
മരുന്നുകള്‍ ,രോഗം ; ആയിരങ്ങളായി
പെരുത്തു കേറുവാന്‍ വളങ്ങളാകവേ
അറുത്തു കൊല്ലുവാന്‍ 'വിപണി' നില്‍ക്കവേ
പോരടിക്കുന്നോരാടുകള്‍ക്കിടയിലായ്
ചോരവാര്‍ന്നു യുവത്വം നശിക്കവേ
നീരുവറ്റും വയോജന വ്യൂഹമാ
സേവനത്തിന്‍ കരത്തിനായി കേഴവേ
വികിരണം 'കൂടുംകുള'ത്തിലുയരുമോ ?
അവിടെ , 'മുല്ലപ്പെരിയാര്‍ ' പൊട്ടുമോ?
പൊരിഞ്ഞ ചൂടിലായ് ഋതുക്കള്‍ മാറുമോ
ഹരിത ഭൂമിയങ്ങോര്‍മ്മയാകുമോ ?
ഒരുത്തരും ദൈവ ഭയങ്ങളില്ലാതെ മറ്റു
ഭയങ്ങളില്‍ ഏറെ വിറങ്ങലിക്കവേ
ഇനിയൊരു യുദ്ധം ജലത്തിനാകുമോ
പരസ്പരം വെട്ടിത്തകരുമോ മര്‍ത്ത്യര്‍ ?
ഭയങ്ങളെല്ലാമെന്‍ ,വരുന്ന തലമുറയ്ക്ക -
ണയുമാ ദൂഷ്യ ഫലങ്ങളോര്‍ത്തിതാ
ജനനി ഭൂമിതന്‍ ഹൃദയഭേദകമുറവിളി
ഞാന്‍ ഉരുകി നില്‍പ്പിതാ.........
ഹരിപ്പാട് ഗീതാകുമാരി