Friday, April 12, 2013

ഭയത്തിന്‍ തേരില്‍



ഭയത്തിന്‍ തേരില്‍ 


ഇരുട്ടില്‍ , ഭയത്തിന്‍ നിഴലുകള്‍ 
പകലില്‍ ,ചുവപ്പു രാശികള്‍ 
വെളിച്ചം മങ്ങുന്നു കണ്‍കളില്‍ 
ഭയത്തിന്‍ നീരാളിപ്പിടുത്തങ്ങള്‍ !!

നിരത്തുകള്‍ കുരുതിക്കളങ്ങളായ് 
ഭയത്തിന്‍ തേരിലായ് യാത്രകള്‍ 
നിയമക്കുരുക്കുകള്‍ ഭയന്നിതാ ,ചോര -
യൊഴുക്കും കാഴ്ചകള്‍ക്കന്ധരായി 

ജനിക്കും മുന്‍പുതന്നുള്‍ഭയം ,മാതൃ 
സിരയില്‍ നുരഞ്ഞു പൊന്തുന്നതും 
വമിക്കും രാസവസ്തുക്കളാല്‍ ,കുഞ്ഞു 
ജനിക്കുമോ ,ജീവന്‍ തളിര്‍ക്കുമോ ?

അകലെപ്പോയാല്‍ മനം ഉമിത്തീയില്‍ 
വൈകി വരുമെന്നാകിലോ ദഹിക്കുവതും 
ചതിക്കുഴിയിലോ ജീവന്‍ ?കഴുകര്‍  തന്നുടെ 
നഖങ്ങള്‍ , ദംഷ്ട്രകള്‍ ,സ്മൃതിയിലും !

ഭയം ; പിന്നൊരു കരത്തിലേല്‍പ്പിക്കെ ,
അവിടെ സൗഖ്യമോ ,പീഡനങ്ങളോ ?
ഒരിക്കലും അന്തമില്ലാ ഭയങ്ങളില്‍ 
കൊരുത്തെടുത്തതാണിവിടെ ജീവിതം !

കരുത്തു നല്‍കി വളര്‍ത്തുവാന്‍ ,മക്കള്‍ 
ഭയങ്ങളില്ലാതെ ചരിക്കുവാന്‍ 
പഠിച്ച പാഠങ്ങള്‍ കൊടുക്കവേ , ഉള്ളില്‍ 
രഹസ്യമായ് മറ്റു ഭയങ്ങളും !

അറബിപ്പൊന്നിനങ്ങകലെ പോയവര്‍ 
നിയമക്കുരുക്കിന്റെ പിടിയിലായ്‌
തിരികെപ്പോരുവാനാകുമോ ,വന്നാല്‍ 
ഇവിടെ ജീവിതം തളിര്‍ക്കുമോ ?

കുടിക്കും നീരതില്‍ പുഴുക്കള്‍ കാണ്‍കവേ
അരിച്ചാക്കില്‍ പട്ടി പുഴുത്തു നാറവേ
ശ്വസിക്കും വായുവില്‍ മരണം മണക്കവേ
മരുന്നുകള്‍ ,രോഗം ; ആയിരങ്ങളായി 
പെരുത്തു കേറുവാന്‍ വളങ്ങളാകവേ
അറുത്തു കൊല്ലുവാന്‍ 'വിപണി' നില്‍ക്കവേ 
പോരടിക്കുന്നോരാടുകള്‍ക്കിടയിലായ്‌ 
ചോരവാര്‍ന്നു യുവത്വം നശിക്കവേ 
നീരുവറ്റും വയോജന വ്യൂഹമാ 
സേവനത്തിന്‍ കരത്തിനായി കേഴവേ
വികിരണം 'കൂടുംകുള'ത്തിലുയരുമോ ?
അവിടെ , 'മുല്ലപ്പെരിയാര്‍ ' പൊട്ടുമോ?
പൊരിഞ്ഞ ചൂടിലായ്  ഋതുക്കള്‍ മാറുമോ 
ഹരിത ഭൂമിയങ്ങോര്‍മ്മയാകുമോ ?

ഒരുത്തരും ദൈവ ഭയങ്ങളില്ലാതെ മറ്റു 
ഭയങ്ങളില്‍ ഏറെ വിറങ്ങലിക്കവേ
ഇനിയൊരു യുദ്ധം ജലത്തിനാകുമോ
പരസ്പരം വെട്ടിത്തകരുമോ മര്‍ത്ത്യര്‍ ?

ഭയങ്ങളെല്ലാമെന്‍ ,വരുന്ന തലമുറയ്ക്ക -
ണയുമാ ദൂഷ്യ ഫലങ്ങളോര്‍ത്തിതാ
ജനനി ഭൂമിതന്‍ ഹൃദയഭേദകമുറവിളി
ഞാന്‍ ഉരുകി നില്‍പ്പിതാ.........


ഹരിപ്പാട് ഗീതാകുമാരി





















19 comments:

  1. അറബിപ്പൊന്നിനങ്ങകലെ പോയവര്‍
    നിയമക്കുരുക്കിന്റെ പിടിയിലായ്‌............. ....
    ....
    എന്തെല്ലാം ഭയങ്ങൾ.... എഴുതിയതെല്ലാം ഭയവിഹ്വലമായവ.
    ഭാവുകങ്ങൾ.

    ReplyDelete
    Replies
    1. ഡോ. പി. മാലങ്കോട്
      ഈ അനുവാചക കുറിപ്പിന് വളരെ നന്ദി

      Delete
  2. കരുത്തു നല്‍കി വളര്‍ത്തുവാന്‍ ,മക്കള്‍
    ഭയങ്ങളില്ലാതെ ചരിക്കുവാന്‍
    പഠിച്ച പാഠങ്ങള്‍ കൊടുക്കവേ , ഉള്ളില്‍
    രഹസ്യമായ് മറ്റു ഭയങ്ങളും !

    ഇന്നുള്ള ഓരോ മനുഷ്യന്‍റെയും ഉള്ളിലുള്ള വേവലാതികളെ തന്മയത്വത്തോടെ പകര്‍ത്താന്‍
    കഴിഞ്ഞിരിക്കുന്നു ടീച്ചര്‍ക്ക്‌.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ സാര്‍
      ഈ അവലോകനത്തിന് വളരെ നന്ദി

      Delete
  3. ഭയമിതൊക്കെയും കവിതയാക്കുവാന്‍
    സ്വയമിതേറെത്തടുത്തു മാറ്റണം!

    ReplyDelete
    Replies
    1. ഷാജി നായരമ്പലം
      ഈ വരികള്‍ക്ക് നന്ദി

      Delete
  4. ഒരുത്തരും ദൈവ ഭയങ്ങളില്ലാതെ മറ്റു
    ഭയങ്ങളില്‍ ഏറെ വിറങ്ങലിക്കവേ
    ഇനിയൊരു യുദ്ധം ജലത്തിനാകുമോ
    പരസ്പരം വെട്ടിത്തകരുമോ മര്‍ത്ത്യര്‍ ?

    ഇക്കാലത്ത്, ഇങ്ങനെ ഭയപ്പെട്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ..

    കവിത വളരെ നന്നായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൗഗന്ധികം
      ഈ ആസ്വാദന കുറിപ്പിന് വളരെ നന്ദി

      Delete
  5. പെരുകുന്ന ഭയവിഹ്വലതകള്‍ നിമിഷം തോറും മനസ്സിന്റെ താളം തെറ്റിക്കുന്ന അവസ്ഥയിലൂടെ.......

    ReplyDelete
    Replies
    1. പട്ടേപ്പാടം റാംജി സാര്‍
      ഈ കൈയ്യോപ്പിന് വളരെ സന്തോഷം നന്ദി

      Delete
  6. ഭയങ്ങളെല്ലാമെന്‍ ,വരുന്ന തലമുറയ്ക്ക -
    ണയുമാ ദൂഷ്യ ഫലങ്ങളോര്‍ത്തിതാ
    ജനനി ഭൂമിതന്‍ ഹൃദയഭേദകമുറവിളി
    ഞാന്‍ ഉരുകി നില്‍പ്പിതാ.........

    ഭയപ്പെടേണ്ടുന്ന കാലം
    ഉരുകിനില്‍ക്കേണ്ടുന്ന കാലം

    ആശങ്കകള്‍ പങ്കിട്ട കവിത വളരെ അര്‍ത്ഥവത്തായി

    ReplyDelete
    Replies
    1. ajith സാര്‍
      ഈ അവലോകനത്തിന് ഹൃദയം നിറഞ്ഞ നന്ദി

      Delete
  7. കവിത വളരെ നന്നായി.

    വിഷു ആശംസകള്‍ ഗീതാ

    ReplyDelete
  8. അരിച്ചാക്കില് പട്ടി പുഴുത്തു നാറുക എന്നതൊക്കെ കടുത്ത പ്രയോഗമാണ്.....വല്ല എലിയോ മറ്റോ ആയിരുന്നെങ്കില്.....

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. അങ്ങനെയും സംഭവിച്ചിരുന്നു ,നമ്മുടെ കൊച്ചിയിലെ സംഭരണശാലയില്‍ നന്ദി അനു

      Delete
  9. കവിത ഇഷ്ടായി .. ആശംസകള്‍

    ReplyDelete
  10. ഭയം ; പിന്നൊരു കരത്തിലേല്‍പ്പിക്കെ ,
    അവിടെ സൗഖ്യമോ ,പീഡനങ്ങളോ ?

    ഭയമില്ലാത്ത ഒരു ലോകം
    അങ്ങനെയൊന്നു ഉണ്ടാകുമോ ഇനി?
    നല്ല രചന ടീച്ചറ

    ReplyDelete
  11. എന്തിലും ഏതിലും എവിടേയും എപ്പോഴും ഭയം മാത്രം..
    ജനിക്കും മുന്‍പുതന്നുള്‍ഭയം ,മാതൃ
    സിരയില്‍ നുരഞ്ഞു പൊന്തുന്നതും
    വമിക്കും രാസവസ്തുക്കളാല്‍ ,കുഞ്ഞു
    ജനിക്കുമോ ,ജീവന്‍ തളിര്‍ക്കുമോ ?
    ..വളരെ ശക്തമായ ചോദ്യങ്ങള്‍
    ആശംസകള്‍

    ReplyDelete