Monday, August 19, 2013

ധര്‍മ്മ വിചിന്തനം

File:The Palace of the Pandava Brothers Set .jpg

ധര്‍മ്മ വിചിന്തനം

വിധി';അതെന്തെന്നു കാട്ടുവാനോ,പഞ്ച-
-പാണ്ഡവര്‍ ഞങ്ങളീഭൂമിയില്‍ ജാതരായ്‌
ജനനം,വിചിത്രം പിതാവിന്നശ്ശക്തിയില്‍
ഈശ്വര ചൈതന്യമഞ്ചായി പകുത്തതോ?
ഈരേഴുലകിനും നാഥനാം കൃഷ്ണനാ
സ്യാലനങ്ങായതും ജന്മപുണ്യങ്ങളോ?
.................................................................

വിധിമതം,അതത്രേ ആ കര്‍ണ്ണന്‍ സ്വമാതാവിന്‍
ശാപമായ്‌ വര്‍ണ്ണ വിഹീനനായിത്തീര്‍ന്നതും
ഭ്രാതൃസ്നേഹത്തിന്നുമപ്പുറം കര്‍ണ്ണനെ
മാറോടു ചേര്‍ക്കാന്‍ കനിഞ്ഞ ദ്യുര്യോധനന്‍
അംഗരാജ്യത്തിന്നു വീരനാം രാജനെ
അന്‍പോടു കര്‍ണ്ണനില്‍ കണ്ടങ്ങു ധന്യനായ്‌ !
വില്ലാളി വീരന്‍,ദിനകരപുത്രനാ,
വല്ലായ്മ യുദ്ധമുഖത്തിലുണ്ടായതും
എന്നേ കുറിച്ച നിയോഗമായ്‌ ആ രഥം
മുന്നോട്ട് പായാതെ ചേറില്‍ പുതഞ്ഞതും
എത്ര വെന്നിക്കൊടികള്‍ പാറേണ്ടവന്‍
തത്ര ജീവന്‍ വെടിഞ്ഞു രണഭൂവില്‍ !
.............................................................

ഗുരുമുഖത്തിങ്കല്‍ നിന്നാദരപ്പൂര്‍വ്വമാ
അറിവുകള്‍ അകമേ നിറച്ചവര്‍
വിധിയുടെ വിലാസമായ്‌,മാതൃഹിതത്തിനാല്‍
ഒരു വധുവിനെത്തന്നെ പരിണയം ചെയ്തതും
മധുരമായ്‌,മാതൃകാപതികളായ് നിത്യവും
മാനവഹൃത്തിലായ് വിസ്മയം തീര്‍ന്നതും
..................................................................

ശകുനിതന്‍ രൂപത്തില്‍ വിധിയോ,ചതുരംഗ
പ്പലകയില്‍ ജീവിതം മാറി മറിഞ്ഞതും
പണയമായ് സര്‍വ്വതും,പ്രിയപത്നി തന്‍ മാനം
വിലപേശി വാങ്ങേണ്ടി വന്നു
സ്വര്‍ണ്ണത്തളികയില്‍ അമൃതേത്തങ്ങുണ്ടവര്‍
മണ്ണിനുവേണ്ടി പിടഞ്ഞു
ദാനങ്ങള്‍ സര്‍വ്വതും ചെയ്തവര്‍
അന്യന്‍റെ ദാനത്തിനായ്‌ കൈകള്‍ നീട്ടി
ദീനതയാല്‍ ,പിതൃസോദരി താനങ്ങു
കേഴുന്ന കാഴ്ചയാല്‍ വിങ്ങി
ഒരു തുണ്ടു ഭൂമിക്കു ദൂതുമായ്‌
വിണ്ടലനാഥനോ,ഭാരം ചുമന്നു!
..................................................

അജ്ഞാതവാസവും ,അജ്ഞാതമാമേറെ
കഷ്ടത തന്നു കനിഞ്ഞു
ദാസരായ്‌ ഞങ്ങളും,പ്രിയപത്നി ദാസിയായ്‌
ദുരിതക്കയങ്ങള്‍ കണ്ടുഴറി
ഒടുവിലാ രണഭൂവില്‍ ധര്‍മ്മിഷ്ഠനാ-
-മെന്‍റെ പാതവിട്ടൊരു മാത്ര,ഞാനും
അരുതാത്ത മൊഴിയിലാ ഗുരുവിന്‍റെ
നയനങ്ങള്‍ നനയുവാന്‍ വഴിയങ്ങൊരുക്കി
വിധിതന്നെയാണെന്നു കരുതിയ-
-ങ്ങൊരു മാത്ര പഴുതുകള്‍ തേടിയലഞ്ഞു
മതിവിഭ്രമങ്ങള്‍ക്കു പഴിചാരി
നില്‍ക്കുന്ന മനുജനായ്‌ മാറിയീ ഞാനും
വെറും മനുജനായ്‌ മാറിയീ ഞാനും
......................................................
ഗതിമാറിയൊഴുകിയാ കാലം ഇന്നീവിധം 
അണയാത്ത സൗഭാഗ്യമായി 
സാരഥിയാം നാഥന്‍ ഇന്നങ്ങൊരുക്കിയി
 വേപഥുവേശാത്ത ജന്മം  
മറിമായമല്ലേ.... ഇതെല്ലാം,
ഈ വിധിയുടെ ഗതിയാരറിയുന്നു പാരില്‍ !!

7 comments:

 1. ഭാരതം
  മഹാഭാരതം

  നല്ല കവിത!

  ReplyDelete
 2. കാലത്തിന്റെ പാഠശാല തന്നെയിത്.വിധിയെന്നത് പ്രഥമാധ്യാപകനും.ഇതിഹാസങ്ങൾ ജീവിതം പഠിപ്പിക്കുന്നു.

  നന്നായി എഴുതി.ഇഷ്ടമായി

  ശുഭാശംസകൾ.....

  ReplyDelete
 3. തുടരുക ..തുടരുക കാവ്യ സപര്യ.....

  ReplyDelete
 4. നന്നായിരിക്കുന്നു കവിത.
  ധര്‍മ്മ വിചിന്തനം...
  ആശംസകള്‍

  ReplyDelete
 5. മഹാഭാരതം (പുരാണേതിഹാസങ്ങളും) - ധര്മ്മപരിപാലത്തിന്റെ ഭാഗമായാണ് ഓരോ ജന്മങ്ങളുടെയും നിയോഗം. ''സംഭവാമി യുഗേ യുഗേ'' എന്ന് ഭഗവൻ അരുളിച്ചെയ്‌തു. ഇതിന്റെ ഒരു ഭാഗം കാവ്യാത്മകമായി ചിത്രീകരിച്ചത് നന്നായിരിക്കുന്നു, പതിവുപോലെ. ആശംസകൾ.
  http://drpmalankot0.blogspot.com/2013/08/blog-post_19.html

  ReplyDelete
 6. അനിയത്തീ വിധിവിഹിതം തന്നെ എല്ലാം.
  നല്ല കവിത

  ReplyDelete