Tuesday, September 10, 2013

കുടുംബമരം





 കുടുംബമരം

ഇവിടെയിന്നകലെയീ കൂട്ടില്‍ തനി-
-ച്ചിരുന്നണപൊട്ടിയൊഴുകുന്നു ദുഃഖം
കൊഴിയുന്നൊരിലകള്‍ക്കു പിറകില്‍
കാലത്തിന്റെ ചരിതവുമുറങ്ങുന്നു കീഴെ

******************************

പ്രൌഢിതന്നാകാശച്ചരുവില്‍ ഉയര്‍ന്നൊരാ  
മരമായിരുന്നെന്‍ കുടുംബം
കിളികളങ്ങെത്രയണഞ്ഞങ്ങിണകളായ്
പല കൂട്ടൊരുങ്ങിയാത്തരുവില്‍

ഇരതേടിയകലേക്കു പോയൊരാക്കിളികളും
മറുകൂടു തേടാതണഞ്ഞു
ഒരു ചെറു നോവിലും കൂട്ടായി,താങ്ങായി
ഒരു നൂറു സ്വപ്‌നങ്ങള്‍ നെയ്തു.

ആയിരമായതു തളിരിട്ടു പൂവിട്ടു
കായ്ക്കുന്ന രസമിങ്ങറിഞ്ഞു
ഒരു കായ്ഫലത്തിന്റെ മാധുര്യമൊരുമിച്ചു
നുണയുന്ന സ്വാദങ്ങറിഞ്ഞു.

ഒരു കാറ്റടിച്ചാലന്നൊരു നല്ല മഴ പെയ്താല്‍
ചിറകുകള്‍ കുടയാക്കി നില്‍ക്കും
ചെറുവിരല്‍ നൊടിയിലും പതറുന്ന
പറവതന്‍  ഗതികേടില്‍ ഞങ്ങള്‍ ചിരിച്ചു.

********************************

ഒരുമിച്ചാ കൂട്ടിലായ്  അരുമയായ്‌ വാണവര്‍
അകലേക്കു ചിറകുകള്‍ വീശി
അണയാത്ത പകതന്റെയഗ്നിയുമായവര്‍
തണലുകള്‍ തേടിപ്പറന്നു.


കൊഴിയുന്നോരിലയായങ്ങടരുന്ന ഫലമായി 
പഴുതായിപ്പോയൊരാ ബന്ധം
സ്നേഹത്തിന്‍ ഗന്ധമിന്നകലെ മറഞ്ഞപ്പോള്‍
ഗേഹത്തിന്‍ വേരറ്റു പോയി

വാരുറ്റ ചൈതന്യകേദാരമൊന്നതിന്‍
തായ്‌വേരുണങ്ങിക്കരിഞ്ഞു
പൊയ്പ്പോയ കാലങ്ങളോര്‍ത്തിന്നു ഞാനുമീ
കയ്പ്പങ്ങിറക്കിക്കുഴഞ്ഞു.

ഒത്തങ്ങൊരുമിച്ചു നിന്നെങ്കില്‍ ,വേരുകള്‍
ചെറ്റു തലോടി നനയ്ക്കാം
ആര്‍ത്തങ്ങു കേറുന്ന ശാഖകള്‍ തന്നിലാ
കൂടുകള്‍ വീണ്ടും ചമയ്ക്കാം!!

ഒരു കുടക്കിഴിലീയുലകത്തെയൊരുമിച്ചു
കാണുകില്‍ നമ്മള്‍ ജയിച്ചു
വിരമിച്ചു പോകില്ല നന്മകള്‍ ,നമ്മള്‍ തന്‍
ഒരുമയ്ക്ക് സത്ഫലം കാണാം.

ഹരിപ്പാട് ഗീതാകുമാരി

10 comments:

  1. ഈ മനോഹരമായ കവിത മുമ്പ് വായിച്ചിരുന്നു ടീച്ചറെ.
    ഓണാശംസകള്‍

    ReplyDelete
  2. മനോഹരകവിത
    ഓണാശംസകള്‍

    ReplyDelete
  3. മുൻപിത് വായിച്ചതോർക്കുന്നു.

    നല്ലൊരു കവിത

    ശുഭാശംസകൾ....


    ReplyDelete
  4. നന്നായി കവിത. പടം അതിലേറെ ഇഷ്ടമായി.

    അല്ല ഹരിപ്പാട്ടുകാർ അല്ലെ എങ്ങനെ നന്നാവാതിരിക്കും ? :)

    ReplyDelete
  5. ഈ വരികള്‍ വായിച്ച് അഭിപ്രായം പറഞ്ഞ ഏവര്‍ക്കും ഹൃദ്യമായ നന്ദി ,ഓണാശംസകള്‍

    ReplyDelete
  6. ഒരു കുടക്കിഴിലീയുലകത്തെയൊരുമിച്ചു
    കാണുകില്‍ നമ്മള്‍ ജയിച്ചു

    ഗീതാ.ഈ ഉലകത്തെ നമുക്ക് ഒരുമിച്ചു കാണാം.

    ReplyDelete
  7. ടീച്ചറെ.....മനോഹരമായ കവിത....കാവ്യമനോഹരം..
    സ്നേഹപൂർവ്വം....

    ReplyDelete
  8. നല്ല കവിത.... അറിയാതെ വന്നതാണ് ഈ വഴിക്ക്..... അത് വെറുതെയായില്ല എന്ന് മാത്രമല്ല, മനസ്സ് നിറഞ്ഞു വിഭവങ്ങള്‍ കിട്ടുകയും ചെയ്തു...... ഇനിയും എഴുതൂ.....ഒത്തിരി ആശംസകളോടെ....

    ReplyDelete