സംഗമം
താരകം കണ്‍ചിമ്മിനോക്കുന്നൊരാകാശ-
മേലാപ്പിലെത്തിപ്പിടിക്കാന്‍
താഴെയുള്ളിത്തിരിപ്പോന്നൊരാ നാമ്പു-
-മിന്നേറെക്കൊതിക്കുവതെന്തിനായ് .....?
കുഞ്ഞുചിറകു കുടഞ്ഞു പുറത്തെഴും
പഞ്ചവര്‍ണ്ണക്കിളി പൈതല്‍,
എന്തിനാണാ വാനമൊന്നങ്ങു പുകൂവാന്‍
വെമ്പുന്നിതാര്‍ത്തിയാലെന്നും ?
തീരത്തിനുമ്മകൊടുത്തു വിടപറ-
-ഞ്ഞോടിക്കിതയ്ക്കുന്നലകള്‍
ആകെക്കൊതിക്കുവതെന്തിനായ്
ഏതു ,സംഗമഭൂവിലണയാന്‍ ?
ഉള്ളിലാകെത്തപിച്ചും പുകഞ്ഞുമാ
പ്രജ്ഞയില്‍ക്കുളിരാകെ ചൊരിഞ്ഞും
മുദ്രണങ്ങള്‍ക്കുമിന്ദ്രിയ സീമയ്ക്കു-
മപ്പുറത്തൊരു കല്പനാ-സംഗമം!!
നിലമൊരുക്കുന്നതും,വിത്തൊരുങ്ങുന്നതും
മുകുളമുണരുന്നതും ,ദലമുതിര്‍ക്കുന്നതും
മധുചുരത്തുന്നതും ,ഭ്രമരമെത്തുന്നതും
ഉറവപൊട്ടുന്നതും ,നദികളൊഴുകുന്നതും
ഇഴ പിരിയുന്നതും ,ഇണ ചേരുന്നതും
ഇടി മുഴങ്ങുന്നതും ,മഴയുതിര്‍ക്കുന്നതും
ആര്‍ത്തലച്ചു പെയ്യുന്നതും ,ഒഴുകി-
-യാര്‍ത്തു കുതിക്കുന്നതും ,ഒരു സംഗമത്തിനായ്
ഒഴുകിയകലുമ്പോഴും ,തീരത്തിനൊരു
കൈക്കുടന്ന നിറയെ നനവും ,പച്ചപ്പുമായ്
ഒരു വിളര്‍ച്ചയില്‍ ,തളര്‍ച്ചയില്‍
ഉണര്‍വ്വിന്റെ കളഗീതമൊഴുക്കിയും
ജനന-മരണ വലയങ്ങള്‍ പൂര്‍ണമായ്
അനാദിയാം ആത്മഹര്‍ഷോന്മാദ സംഗമം