Saturday, March 8, 2014

ആമയായ്‌ ..................

Sulcata tortoiseആമയായ്‌ ..................


പാടിപ്പതിഞ്ഞൊരാപ്പന്തയം തന്നിലെ 
പേരു കേട്ടുള്ളൊരു നായകന്‍ ഞാന്‍ 
അന്നു മതിയില്‍ മയക്കം ,മുയലിന്നു
വന്നു ഭവിച്ചതെന്‍ കുറ്റമാണോ ?
യാദൃശ്ചികത്തിന്‍ വിജയമാകാമെന്റെ
നേര്‍വഴിക്കൊത്തൊരാ നന്മയാകാം .

എത്ര വിചിത്രമീ ലോകം ,വിരുദ്ധമാം 
തത്വങ്ങള്‍ നിത്യം വദിച്ചിടുന്നു 
വേഗതയ്ക്കൂറ്റം കൊടുക്കുമ്പോള്‍ തന്നെയാ- 
-പ്പയ്യെപ്പന തിന്നാന്‍ ആരവങ്ങള്‍ 
വേഗതയ്ക്കെന്താണളവുകോല്‍ ? ഞാനെന്റെ 
വേഗതയ്ക്കൊത്താണു നീങ്ങുവതും 

പാഞ്ഞു കുതിക്കുന്ന കാലത്തിനൊത്തുള്ള
വേഗതയ്ക്കിന്നു ഞാനന്യനായി 
നീങ്ങിപ്പതുക്കെച്ചരിക്കുന്നു ഞാനെന്നും 
നിര്‍മമനായിതിങ്ങേകനായി
ഇന്നീ വികസനസീമ; ,ചുവപ്പിന്റെ 
നാടക്കുരുക്കിലിന്നാമയായി

പേര്‍ത്തു പേര്‍ത്തിന്നു ഞാന്‍ പാര്‍ക്കുന്നു ഭൂവിതില്‍ 
പാത്തു പതുങ്ങിക്കഴിഞ്ഞിടുന്നു 
ചിത്തത്തിലെപ്പൊഴും ഉള്‍വലിയാനുള്ള 
ചിന്തയാണാളിപ്പടരുന്നതും !
തെല്ലു ചലനങ്ങളെന്നെ നടുക്കുമ്പോള്‍ 
കൈ-ചരണങ്ങളകത്താക്കിടും 

ഉള്ളിലെ തേങ്ങല്‍ തികട്ടി വരുമ്പോഴും 
എള്ളോളമില്ല പുറത്തേക്കതും 
ഉള്‍വലിയേണ്ടവനല്ലയമൃതമെന്‍ 
ഉള്ളിലെ നന്മയായ്,പാലാഴിയില്‍ 
കള്ളമൊഴിഞ്ഞൊരെന്‍ ചിന്തയിലെപ്പൊഴും 
തുള്ളുന്നു കാലത്തിന്‍ കോലങ്ങളും 

കണ്ണു തുറന്നങ്ങു കാണുന്നതുണ്ടു ഞാന്‍ 
വിണ്ണും ,മനോഞ്ജമീ വെണ്ണിലാവും 
തിണ്ണമീ മണ്ണിന്റെ മാറിലേക്കുള്‍ക്കുളിര്‍
പാകുന്നൊരര്‍ക്കനണയുന്നതും 
ആയിരം വര്‍ഷമറിഞ്ഞ നിറവിന്റെ 
കട്ടിപ്പുറന്തോടിനുള്ളിലായ്‌ ഞാന്‍ 

ആകര്‍ഷണത്തിന്നളവുകോലെപ്പോഴും 
ബാഹ്യ ശരീരസൗന്ദര്യമെന്നോ ?
എന്നുടെ ലോകത്തു സുന്ദരന്‍ ഞാന്‍ ,
എന്നും കാഴ്ചയ്ക്കുപാധി ,പരിധികളായ്
തേച്ചു മിനുക്കിയെടുക്കുന്നൊരോര്‍മകള്‍ 
കാഴ്ചകള്‍ ,മങ്ങലായ്‌ ,തേങ്ങലായി.

ആമ ,ഞാനെത്ര ഭാഗ്യവാന്‍ ,വീടിനെ 
കൂടെച്ചലിപ്പിച്ചു നീങ്ങുന്നവന്‍ 
മേലിലൊരേറ്റ പ്രഹരമെന്‍ വീഴ്ചയ്ക്ക് 
മാത്രം മതിയെന്നറിയുന്നവന്‍ 
കൂടു ചമയ്ക്കാന്‍ കിണഞ്ഞങ്ങുണങ്ങുന്ന 
കാഴ്ചകള്‍ കണ്ടു കരയുന്നവന്‍ 

ഏറെക്കൊതിക്കുമാറുണ്ടു ഞാന്‍ കാഴ്ചകള്‍ 
ആകെ നടുക്കിത്തളര്‍ത്തിടുമ്പോള്‍ 
കട്ടിപ്പുറന്തോടിന്‍ ചട്ടയൊരെണ്ണമീ 
നാരിക്കു ശക്തിയായ്‌ തീര്‍ന്നുവെങ്കില്‍
ആളിപ്പടരും വികാരത്തിന്‍ മുള്ളുകള്‍ 
ആഴ്ന്നിറങ്ങാതെങ്ങൊടിഞ്ഞു പോകാന്‍ 

അന്തര്‍മുഖന്നെത്രയാഴക്കടലുകള്‍ 
ഉള്ളില്‍ തിരതല്ലിയാര്‍ക്കുമ്പോഴും 
ആമയെപ്പോലിടയ്ക്കാഴങ്ങള്‍ താണ്ടുവാന്‍ 
നീന്തിത്തുടിച്ചു പുറത്തേക്കെഴും 
കട്ടിപ്പുറന്തോടു പൊട്ടിച്ചു ചാടണം 
കാലം ;അനന്തമാം ആഴിയത്രേ ..................

9 comments:

 1. ഗദ്യ കവിതകളുടെ ഈ കാലഘട്ടത്തിൽ കേട്ട് പതിഞ്ഞ കവിതയുടെ താളത്തിനൊത്ത കവിത.

  വികസന സീമ ചുവപ്പിന്റെ നാടക്കുരുക്കിലായി എന്നത് കവിതയുടെ ഉള്ളടക്കത്തിന് യോജിക്കാത്ത വിഷയമായി തോന്നി.

  കട്ടിപ്പുറന്തോടിൻ ചട്ട ഒരു ശക്തിയായ് വേണമെന്ന് ആഗ്രഹിക്കുന്നു.അതെ സമയം തന്നെ കട്ടിപ്പുറന്തോട് പൊട്ടിച്ച് ചാടണം എന്നും പറയുന്നു. വിരോധാഭാസം അല്ലേ?

  നല്ല കവിത. അഭിനന്ദനങ്ങൾ.

  ReplyDelete
 2. അർത്ഥമുള്ള വരികൾ. ആമയിൽ നിന്ന് പലതും പഠിക്കാനുണ്ട്...

  ReplyDelete
 3. നന്നായിരിക്കുന്നു കവിത
  ആശംസകള്‍

  ReplyDelete
 4. നല്ല വരികൾ നല്ല ആശയം. ഇതുപോലെ ഉള്ള കവിതകൾ കാണുന്നത് കൊണ്ടാണ് കവിത വായിക്കുന്നത് തന്നെ. എന്തെങ്കിലും കുറ്റം പറഞ്ഞില്ലെനിൽ ഒറ്റ്രു മനസമാധാനം ഇല്ല അത് കൊണ്ട് എഴുതുന്നതാ ടീച്ചറുടെ കവിത കുറ്റമറ്റതാകണം എന്നെ ഉദ്ദേശം ഉള്ളു ട്ടൊ.  മംഗ്ലീഷ് എഴുതുമ്പോൾ എനിക്കും പലപ്പോഴും പറ്റാറുള്ള ആ അപകടം ജ്ഞ ഞ്ജ ആയിപ്പോകും

  ReplyDelete
 5. അതിവേഗം ബഹുദൂരം പായുന്ന ജീവികൾ
  ശതവത്സരം തികയ്ക്കാൻ കിതയ്ക്കുന്നു!
  അതിമന്ദമോരോ ചുവടുകൾ വച്ചിവൻ
  സഹസ്രവർഷങ്ങൾ അളന്നെടുക്കുന്നു!!

  ആമയുടെ സൗന്ദര്യം അതിന്റെ മന്ദഗതി തന്നെ.ആ സൗന്ദര്യം പലവിധ ബിംബകല്പനകളുടെ അകമ്പടിയോടു കൂടി അതിമനോഹരമായി കവിതയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.

  മനോഹരമായ കവിത.


  ശുഭാശംസകൾ......

  ReplyDelete
 6. മനോഹരകവിത
  പതിവ് പോലെ അര്‍ത്ഥപൂര്‍ണ്ണം

  ReplyDelete
 7. കവിത വളരെ നന്നായിട്ടുണ്ട്...
  ആശംസകള്‍

  ReplyDelete
 8. എന്റെ ഈ കൊച്ചു രചനയില്‍ എത്തിയ എല്ലാ സൗഹൃദയര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു

  ReplyDelete