കാലധര്‍മ്മം .............
[Death the Leveller
By James Shirley ]
വിണ്ണിനോളമുയര്‍ന്നു,പൊന്നിന്‍ പ്രഭ
ചിന്നി നിന്നൊരാ പ്രൌഢിയും ധാഡിയും
എന്നുമെന്നും നിഴലുകള്‍ മാത്രമാ-
ണിങ്ങു മാത്രയില്‍ വീണു ചിതറിടും
പ്രൌഢിതന്‍ രാജചിഹ്നങ്ങളൊക്കെയും
മണ്ണു പുരണ്ട പണിയായുധങ്ങളും
ഒന്നു പോലെയി മണ്ണില്‍ പതിച്ചിടും
മഞ്ഞുപോലെ പതിക്കുകില്‍ , ആ കരം !
ഏതു പടച്ചട്ട പോരുമീ ശക്തമാം
ആയുധം;വിധി തട്ടിയകറ്റുവാന്‍
പൊന്‍കതിരുകള്‍ കൊയ്യുമാ കര്‍ഷകന്‍
കൊന്നു വെന്നിക്കൊടികള്‍ പാറിക്കുവോന്‍
ഏറെ വീര്യം ഞരമ്പില്‍ ത്രസിക്കുവോര്‍
ചേരുമീ മണ്ണില്‍ ഏറ്റവും തുച്ഛരായ്
ഇന്നിതല്ലെങ്കില്‍ നാളെയങ്ങീവിധി
വന്നു ചേര്‍ന്നിടും തെല്ലില്ല സംശയം
അന്നു, മന്നിലവസാന ശ്വാസവും
തീര്‍ന്നു മൃത്യുവിന്‍ കാരാഗൃഹത്തിലും!
നെറ്റിമേലുള്ള വീരന്റെ മുദ്രകള്‍ ,
മാഞ്ഞു വര്‍ണം പടര്‍ന്നങ്ങു പോയിടും
മാലകള്‍ വാടിക്കൊഴിഞ്ഞങ്ങു പോയിടും
വീമ്പടിക്കുവാനാവില്ല നേട്ടവും
വെറ്റിവെന്നിക്കൊടികള്‍ പാറിച്ചവര്‍
തോറ്റു കാരാഗൃഹങ്ങളില്‍ വീണവര്‍
ഇല്ല രാജാവും ,യാചകനും പിന്നെ
വര്‍ണഭേദങ്ങളാടിയുറഞ്ഞവര്‍ !
മൃത്യുവിന്‍ രക്തവര്‍ണമാം അള്‍ത്താര
തന്നിലെത്തിടും ,ഭേദങ്ങളറ്റിടും
അപ്പൊഴാത്തണുത്തൊരാ സ്പര്‍ശനം
സ്പന്ദനം സര്‍വ്വമൂതിയണച്ചിടും....
എങ്കിലുമന്നു മണ്ണിലുയിരാര്‍ന്നു
ശാഖകള്‍ പടര്‍ന്നൂര്‍ജ്ജം ഉണര്‍ത്തിയാ
വര്‍ണമാകെ വിടര്‍ത്തി ,സുഗന്ധവും
വിണ്ണിനോളമുയര്‍ത്തിപ്പെരുമയില്‍
നന്മ തന്‍ വിത്തു പാകിക്കടന്നവര്‍
എന്നുമെന്നും ജ്വലിച്ചു വിളങ്ങിടും !!
[http://www.daypoems.net/poems/288.html]