Wednesday, November 12, 2014

.അര്‍ത്ഥാന്തരം...







ഭൂമിതന്‍ മാറു പിളര്‍ക്കുന്നു പിന്നെയും
ത്രേതായുഗത്തിന്‍ ചരിത്രമാവര്‍ത്തനം.
ഊര്‍വിതന്‍ ഊര്‍ജ്ജമങ്ങുള്ളിലായ് പേറിയോ -
രംഗനമാരെത്ര മങ്ങി മറഞ്ഞുപോയ്‌ !

എങ്ങുപോയ് കാവ്യങ്ങള്‍ ,വേദവാക്യങ്ങളും ,
നിന്നു തിളങ്ങുന്ന വാക്കിന്‍ പൊരുളുകള്‍
ഇവിടെയീ ,കലിയുഗ കാമാര്‍ത്ത ചിന്തതന്‍
കാരാഗൃഹങ്ങളില്‍ ഉരുകിയൊഴുകവേ
ശുദ്ധിക്കു കേഴുന്നു ഭാരത സ്ത്രിയിന്നു
വാണിഭം ചെയ്യും ചരക്കായി മാറവേ
സ്മൃതികളില്‍ രാകി മിനുക്കിയോരര്‍ത്ഥങ്ങള്‍
വഴിതെറ്റി ,വീണങ്ങുടഞ്ഞു ചിതറുന്നു ...
*****          *****          *****         *****

ആദി പരാശക്തി ,രൂപം ധരിച്ചവള്‍
ആദിമ ചൈതന്യമുള്ളില്‍ വഹിക്കുവോള്‍
അഗ്നിയില്‍ നേരെ നടന്നു കരേറിയോള്‍
വിശ്വാസ ശുദ്ധി തെളിച്ചു പൊലിഞ്ഞവള്‍
അമ്മ തന്നുള്ളില്‍ തിരികെക്കടന്നവള്‍
കാന്തന്മാരഞ്ചു പേര്‍ ശക്തര്‍ ,തന്‍ മുന്നിലായ്
മാനത്തിനായി കരഞ്ഞു തളര്‍ന്നവള്‍
മാനികള്‍ മൗനമായ് നിന്നതും ,മുനിവൃന്ദ
മതിയിലായ് മന്ദത പരന്നതും കണ്ടവള്‍
ഏകയായ് ,ഊര്‍മ്മിള താനായി,ജീവിത -
-മാകെയും പാരില്‍ ഉരുകിക്കഴിഞ്ഞവള്‍
നാരിമാര്‍ ,മൗലിയില്‍ പീലികള്‍ എത്രപേര്‍
ജീവിതം കണ്ട വനിതകള്‍ക്കീവിധം
ഭൂമിയില്‍ ഭാരങ്ങളെല്‍ക്കെ
താനെ വിരിഞ്ഞു വിലസാന്‍ വിതുമ്പുന്ന
മൊട്ടുകള്‍ എങ്ങിനെ താങ്ങാന്‍ ?
*****     *****      *****     *****

എത്ര യുഗപുരുഷന്മാര്‍ക്കു ജീവനും ദ്യഗ്ദ്ധവും
അമൃതവും പകര്‍ന്നു കൊടുത്തവള്‍
നന്മയായ് ജാതരാം പുണ്യവാന്‍മാര്‍ക്കുമാ
തിന്മയ്ക്കു കൈകോര്‍ത്ത പാപികള്‍ തന്നിലും
ഉണ്മയായ് ,വാത്സല്യമൂര്‍ത്തിയാമമ്മയായ്
തുല്യമായെന്നും ചൊരിഞ്ഞു പകര്‍ന്നവള്‍
വര്‍ണ്ണ -വിവര്‍ണ്ണ ഭേതങ്ങള്‍ക്കുമപ്പുറം
ചൈതന്യധാരതന്‍ വര്‍ണം വിടര്‍ത്തുവോള്‍
ഈ മഹാ ലോക ജന്മ ദൗത്യങ്ങളില്‍
വേദന രോമാഞ്ചമായങ്ങറിയുവോള്‍ !
*****     *****     *****     *-****     *****

വിരിയാന്‍ ഭയക്കുന്ന മുകുളമായിന്നിവള്‍,
അടരും ദലങ്ങള്‍ തന്‍ രോദനം കേള്‍ക്കവേ
പതിതയായ് ,ജന്മവിനാശം വരുത്തുന്ന
ചകിതയാം വനിതയായ് മാറുവതെന്തിനായ്
ഈ യുഗപരിവര്‍ത്തന വേളയില്‍ മറ്റൊരു
മുഖമൊന്നു കാട്ടി നീ ശക്തി തേടീടണം
ഭാഗഥേയങ്ങള്‍ ചമയ്ക്കാന്‍ കഴിവുള്ള
നാരി നീ ,ചൈതന്യ സൃഷ്ടി നീ ,ഭൂമി നീ
ഉദ്യാന ദേവതമാരായി ഭൂവനം ,
ഉത്സവം കൊണ്ടു നിറയ്ക്കുവാന്‍
ഉദ്യമി‌‍‌ച്ചെത്തുകീ ഊര്‍ജ്ജപ്രപഞ്ചത്തെ
ഉള്ളില്‍ വഹിക്കും മഹിതേ നീ
ഇന്നു നിന്‍ വിരല്‍തുമ്പില്‍ നിന്നു
കറങ്ങുന്ന ഗോളമാണീ ഭൂമി താനും !!!

5 comments:

  1. ശക്തവും,അര്‍ത്ഥവത്തുമായ വരികള്‍
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  2. അര്‍ത്ഥാന്തരം കൊള്ളാം

    ReplyDelete
  3. അര്‍ത്ഥാന്തരത്തിലെ അര്‍ത്ഥാന്തരന്യാസം കൊള്ളാം.....

    ReplyDelete
  4. നല്ല കവിത. ആശയഗാംഭീര്യമുള്ള വരികൾ.




    ശുഭാശംസകൾ.....




    ReplyDelete
  5. മനോഹരമായ കവിത. നല്ല ആശയം. അത് ശക്തിയോടെ വായനക്കാരിൽ എത്തിയ്ക്കാൻ കഴിഞ്ഞു.

    ReplyDelete