ധ്യാനം ............
-----------
മൗനം പുതച്ചാത്മ നിര്‍വൃതി തെല്ലതിന്‍
ആമന്ത്രണങ്ങളില്‍ ഞാന്‍ ലയിക്കെ
ഏതോ ഗുഹാന്തര ശൂന്യതലങ്ങളില്‍
ഓംകാരം മറ്റൊലിയായ് പതിച്ചു
ധ്യാനം നിറഞ്ഞതാ ,വാതായനങ്ങളില്‍
ആത്മ പ്രകാശമങ്ങാഗമിച്ചു
ഇഡ പിംഗളങ്ങളില്‍ ഉയിരാര്‍ന്നൊരുയിരിന്റെ
ഉയരങ്ങളെത്തി ആ , കമലങ്ങളില്‍
അതു തുരന്നലകടല്‍ ലയനമതാകവേ
ഹുങ്കാരമാകെയങ്ങോങ്കാരമായ്
ദലമര്‍മരങ്ങളില്‍ ,കിളികൂജനങ്ങളില്‍
ഒഴുകുന്ന പുഴകളില്‍ ,ഇളം കാറ്റില്‍ ,അലകളില്‍
ഒരു മാത്ര അലിയവേ അതു ധ്യാനമാം
കാകന്റെ ദൃഷ്ടിയങ്ങൊരു ധ്യാനമായ് അതു
ജീവന്‍റെ ഭുക്തിയെടുക്കുവതായ്
ഒരു കാലില്‍, കൊറ്റിതന്‍ കപടമാം നിദ്രയാല്‍
ഇമപൂട്ടി നില്‍ക്കവേ അതു ധ്യാനമാം
ഏകാഗ്രമായുള്ളൊരേതു കര്‍മങ്ങളും
ധ്യാനമുഹൂര്‍ത്തങ്ങളാല്‍ ജയിപ്പൂ
പ്രണയവും വിരഹവും ,പ്രതീക്ഷയും ധ്യാനം
ഇണയോടു ചേര്‍ന്നു വസിപ്പതും ധ്യാനം
ഇത് ഭിന്നമില്ലേതു ജീവികള്‍ക്കും
ജനനമൊരു ധ്യാനം , മരണം നിതാന്തവും
പരമാത്മ ലയനമങ്ങതി ധ്യാനവും
കരവിരുതിനെ,നാദ ബ്രഹ്മകമലങ്ങളെ
സഹജമാം രചനാ വിലാസ തന്ത്രങ്ങളെ
നടനനാട്യങ്ങള്‍ തന്‍ലയവിന്യാസങ്ങളെ
ധ്യാനത്തിലാത്മ രതിയായ് ചമച്ചും
ഹൃദയതാളങ്ങളാ വാദ്യമേളങ്ങളോടി -
ഴചേര്‍ന്നു നില്‍ക്കുമ്പൊളതു ധ്യാനമാം
ഡമരുവിന്‍ നാദമോ ,ലയന നിനാദമോ
പ്രണവമന്ത്രം സ്വയം വിലയിപ്പതോ
ജ്ഞാനിക്കു ധ്യാനം മഹാ ധ്യാനവും
പൂര്‍ണയോഗിക്കു നിറവിന്‍ നിമിഷങ്ങളും
തുള്ളി തുളുമ്പുന്നൊരമൃതകുംഭം
ഉള്ളില്‍ ആനന്ദമായ് പരമാനന്ദമായ്
കലയും കവിതയും വിതയും,കഥയുമായ്
ചൊരിഞ്ഞുനിറഞ്ഞങ്ങുയരും ; വിശുദ്ധമാം
ധ്യനമേ,ഏകാന്തയാനമേ,പര തന്നമൃതമേ
നിറയുകീ ഭുവനം മനോജ്ഞമാകാന്‍