ചുമടുതാങ്ങി.........
--------------------
ഒരു പുരാവസ്തു മാത്രമായിന്നു ഞാന്‍
വെയിലും മഴയുമിങ്ങേറ്റു നില്‍ക്കെ
ഒഴുകും പുഴകളായ് കാലമെന്‍ പാദങ്ങള്‍ക്കി-
ടയിലൂടതിദ്രുതം യാത്ര തന്നെ
ഇരുകൈയുയര്‍ത്തി ഞാന്‍ മാടി വിളിക്കിലും
ഒരു മിഴിക്കോണിലും പെട്ടതില്ല
അതിരില്ലാ മോഹത്തില്‍ അതിവേഗം പായവേ
ഇവരേതു ഭാണ്ഡമിന്നേറ്റി വയ്ക്കാന്‍ ?
ഇവിടെയീവഴികളില്‍,വിരലിലെണ്ണാന്‍ മാത്രം
വഴിപോക്കരെത്തേടി; ഞങ്ങള്‍ നില്‍ക്കെ
വഴികള്‍ വലകളായ്പെരുകി,എന്‍വേരുകള്‍
പിഴുതുമാറ്റിക്കൊണ്ടു വികസനങ്ങള്‍ !
കരയാന്‍ മറന്നുപോയ് ഒരുമാത്ര,ഞാനെന്‍റെ
പഴയകാലത്തിലേക്കൂളിയിട്ടു..
തലയില്‍ ചുമടുമായ് വന്ന പഥികരങ്ങകലെ
നിന്നേ മിഴിപാര്‍ത്തന്നു ഞങ്ങളെ
ചുമലിലായ് ഭാരങ്ങളേല്‍ക്കുവാന്‍ ,പ്രീതിയാല്‍
ഒരുപോലെ വഴികളില്‍ നിന്നു ഞങ്ങള്‍
നീളുന്ന പാതതന്നോരത്തു പരിഭവം ,
മൊഴിയാതെ ,തളരാതെ നിന്നു ഞങ്ങള്‍
ഒരു നെടുവീര്‍പ്പിന്നറ്റത്തു കൗതുകം
വിടരുന്ന കണ്‍കളിടയ്ക്കു കാണ്‍കെ
പഴമതന്‍ചരിതമുറങ്ങുമാലേഖനം
ചുമലില്‍ വഹിച്ചിന്നു നില്‍പ്പൂ ഞങ്ങള്‍ ..!
എന്റെ നാട്ടിലെ അവസാനത്തെ ചുമടുതാങ്ങിയും വികസനത്തിന്റെ വഴിയിൽ മറിഞ്ഞുവീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്
ReplyDeleteഅതെ ,പഴമയുടെ ,നന്മകളുടെ ചിഹ്നങ്ങളെയെല്ലാം ഒഴിവാക്കിക്കൊണ്ടിരിക്കുന്നു
Deleteനന്ദി ,സാര്‍
it is a face of trueth
ReplyDelete"അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
ReplyDeleteയപരന്നു സുഖത്തിനായ് വരേണം."
ആശംസകള്‍ ടീച്ചര്‍