Thursday, January 19, 2012

എന്‍ഡോസള്‍ഫാന്‍ -ഒരു ജിഹ്വ

കാസര്‍ഗോഡുമവിടെയിടുക്കിയും 
കേരളത്തിന്‍ കരയുന്ന ഭുപടം 
എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചു പുകയു- 
ന്നൊരായിരങ്ങള്‍ ചലിക്കുന്ന നേര്‍പടം  !!

നാവുതന്നവന്‍ ,കൈമലര്‍ത്തീടവെ 
നാവിതെന്തിനു പുറത്തേക്കു നീണ്ടുപോയി
നോവൊരായിരമുള്ളില്‍ ജ്വലിക്കവേ
നീറിഞാന്‍ ,പുകഞ്ഞാവിയായി,   ഭസ്മമായി !!
                                        

നാവൊരായിരമുള്ളോരനന്തനും 
നീറിടുന്നോരി രാസവിക്രിയകളില്‍
ഊറിടുന്നൊരാ രസനയില്‍പ്പോലുമേ 
നാറിടും ജീര്‍ണ മജ്ജയും മാംസവും !!

ഏറിടും നന്മ,വാണിടും മാനവന്‍ 
ഏറ്റു ചൊല്ലിയ ശാസ്ത്രപുരോഗതി !!
ഊറ്റം കൊള്ളൂവതെന്തിലായി ? നീറ്റലായ്
നേട്ടമൊക്കെയും കാറ്റില്‍പ്പറക്കവേ !!

ആറ്റവും വരും മാറ്റവും നേട്ടവും 
തേറ്റ കാട്ടി ചിരിച്ചു തുള്ളൂന്നതാം
തോറ്റമായെന്‍ മറിയുന്ന ചിന്തയില്‍ 
കൂട്ടമായി പുതുസൗരയൂഥങ്ങളായ്


പുള്ളിക്കുത്തിക്കുമിളകള്‍ പൊങ്ങിയി -
വിങ്ങും നാവും ,വരണ്ടൊരിമേനിയും
ഏങ്ങിയേങ്ങി വലിഞ്ഞും പൊലിഞ്ഞുമി-
ന്നെങ്ങു ചാഞ്ഞോന്നിരിക്കുവാന്‍ ?വയ്യ ,മേല്‍ !

ജീവരേണൂവായമ്മതന്‍ ഉള്ളില്‍ ഞാന്‍ 
വാഴ്കവേകൂടെ വീണൊരിമൂലകം 
പഞ്ചഭൂതമായിപ്പോകുവോളം വരെ 
എന്റെ കൂടെ ചരിപ്പാന്‍ വിധിച്ചിതോ?

അന്നു പെയ്തൊരാ രാസവര്‍ഷത്തിലെന്‍ 
അന്നപാനം മുടക്കാന്‍ കുരുത്തിത് 
കാമനയോ ,കരുത്തോ ,തകര്‍ന്നൊരാ 
സ്വപ്നമോ, മര്‍ത്യ ചെയ്തിതന്‍ ശാപമോ ?






3 comments:

  1. ശാസ്ത്രപുരോഗതി പലപ്പോഴും അധോഗതി എന്നുപറയേണ്ടി വരുന്ന ഒരു നിലയാണ് . നമ്മുടെ നാട്ടില്‍ ഒന്നും പ്ലാന്‍ ചെയ്തല്ലല്ലോ വികസനം ഉണ്ടാക്കുന്നത്‌ .എല്ലാം അനുഭവിക്കുവാന്‍ നമ്മള്‍ സാധാരണക്കാര്‍ മാത്രം .

    ReplyDelete
  2. ശാസ്ത്രപുരോഗതി പലപ്പോഴും അധോഗതി എന്നുപറയേണ്ടി വരുന്ന ഒരു നിലയാണ് . നമ്മുടെ നാട്ടില്‍ ഒന്നും പ്ലാന്‍ ചെയ്തല്ലല്ലോ വികസനം ഉണ്ടാക്കുന്നത്‌ .എല്ലാം അനുഭവിക്കുവാന്‍ നമ്മള്‍ സാധാരണക്കാര്‍ മാത്രം .

    ReplyDelete
  3. ശാസ്ത്ര പുരോഗതി ജനപുരോഗതിക്കുള്ളതായിരിക്കണം.പാവപ്പെട്ട അശരണരായ പ്രതികരണശേഷിയില്ലാത്ത പാവങ്ങള്‍ ആണല്ലോ എല്ലാ വിപത്തുകളുടെയും ഭാരം പേറേണ്ടവര്‍ .അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമില്ല .അവരെ എല്ലാ രാഷ്ട്രിയക്കാര്‍ക്കും വേണം .വോട്ട് പിടിക്കാന്‍ ,എതിര്‍പക്ഷത്തെ കുറ്റപ്പെടുത്താന്‍ , ഇരകള്‍ ഉണ്ടെങ്കിലെ വേട്ടകള്‍ ഉണ്ടാകു ...... ടീച്ചറുടെ ബ്ലോഗ്‌ ഞാന്‍ തുടരെ പിന്തുടരുന്നുണ്ട് ,കാരണം ആനുകാലികവിഷയങ്ങള്‍ കവിതയ്ക്ക് വിഷയങ്ങള്‍ ആക്കുവാന്‍ ടീച്ചര്‍ ശ്രമിക്കുന്നുണ്ട് .
    നന്മകള്‍ നേരുന്നു .

    ReplyDelete