ചിറകുയര്‍ത്തി പറക്കുന്ന യാത്രയില്‍
അമിതശബ്ദം കൊടുങ്കാറ്റു ചീറ്റവേ
ഒഴുകിയെത്തിയെന്‍ കര്‍ണപുടങ്ങളില്‍
കുളിരുകോരുന്നൊരാ മുഗ്ദ്ധഗാനവും
എവിടെ നിന്നിങ്ങു വന്നൂ മുരളിയും
കണ്ണനിന്നിങ്ങിറങ്ങിയോ ഭൂമിയില്‍ ?
നഗരവീഥിതന്‍ നിഴലിലെ വേദിയില്‍
ഇവിടെയെവിടെയാണാഗാനനിര്‍ജ്ജരി
മലിനവെള്ളം കുതിച്ചു പായുന്നൊരാ
തെരുവിനോടതന്നോരത്തിരിക്കുന്നു
കൊടിയ ചൂടാല്‍ വിയര്‍ത്തങ്ങു പാടുന്ന
കുരുടനൊരു വൃദ്ധവേണുഗായകന്‍ !
വേണുവേന്തിയ കാര്‍വര്‍ണ്ണനെങ്കിലും
നീലപ്പീലിയും നീളും മിഴികളും
മുകുരതുല്ല്യം വിളങ്ങും കപോലവും
നിന്നിലില്ലെനിക്കൊട്ടു വര്‍ണിക്കുവാന്‍
നിന്റെയൊപ്പമായ് പാടുവാന്‍ ആടുവാന്‍
ഗോക്കളില്ലൊട്ടു ഗോകുലബാലരും
ഒഴുകുമീയിളം തണ്ടിന്റെ ഗദ്ഗദം
നുകുരുവാനില്ല കോകിലവൃന്ദവും
യമുന പോലൊഴുകിയെത്തുന്നു നിന്റെയാ
ഉരുകിയൊഴുകുന്ന ചോരയും കണ്ണീരും
ഉഴറും ജീവിതം തന്നിലുയിരാര്‍ന്ന
ജഡില മോഹവും സംസാരദു :ഖവും
വയറു കരിയവേ ;വിശപ്പടക്കീടുവാന്‍
കരയും കുഞ്ഞുങ്ങള്‍ക്കാശ്വാസ ധാരയായ്
ചിറ തകര്‍ത്തു കുതിച്ചു പായുന്നുവോ
തിരകളാര്‍ത്തു കുതിക്കുന്ന മോഹവും ?
വേണുഗായകന്‍,നല്ല കവിത .ഇഷ്ടപ്പെട്ടു .വേണുഗായകന്റെ ചിത്രം ഈ നാടിന്റെ അവസ്ഥയുടെ
ReplyDeleteനേര്‍ചിത്രത്തിന്റെ പിന്‍ ബലത്തില്‍ വരച്ചുക്കാട്ടി . നന്നായി .ആശംസകള്‍ .