Friday, October 12, 2012

കൊതുക്‌




കൊതുക്‌ ,ഞാനിന്ന് കൌതൂഹലത്തോടെ
രുധിരമെവിടെയെന്നോതി പറക്കുന്നു .
കതക്‌ കൊട്ടിയടയ്ക്കാന്‍ ശ്രമിക്കവേ 
ചിറകുയര്‍ത്തി ഞാനുയരത്തിലാകുന്നു !
ഇന്നിതെന്‍ വിഹാരഭൂമികക്കന്യമല്ലൊരു
രാത്രിയും പകലുമേ ,
ചെന്നു ചെരുന്നിടങ്ങളിലെല്ലാമങ്ങെന്റെ
രാജ്യം പടുത്തുയര്‍ത്തുന്നു ഞാന്‍ !
കുന്നുകൂടുന്ന മാലിന്യമാകെയിന്നെന്റെ
-യുള്ളിലായ്‌ കുളിരു കോരീടുന്നു.
എന്റെ പേരതങ്ങോര്‍ക്കവേ, ചിന്തയില്‍ 
തീ പിടിക്കുന്നു ,'തിരി' കളോ പുകയുന്നു 
എത്ര 'ശുഭരാത്രി' തിരികളാല്‍ പുകയവേ
ഭുമിതന്‍ ശ്വാസകോശമങ്ങെരിയുന്നു !
കൊതുകു ഞാനോ ? വിചിന്തനം ചെയ്യണം 
ചോരയാകെയിന്നൂറ്റുന്നതീ ഞാനോ ?
എന്റെ നാവിലായ്‌ പോയ രുചി മാത്രം !
ചോര വറ്റിയ നീരിന്‍ ചുവ മാത്രം !
ചോരയാകെയിന്നൂറ്റി കുടിപ്പതോ ,ഏറെ
ആര്‍ത്തിയില്‍ വീറു കാണിക്കുവോര്‍
വിദ്യ വിറ്റങ്ങു കീശ വീര്‍പ്പിക്കുവോര്‍ 
അക്രമങ്ങള്‍ക്കു 'കൈവളം' നല്‍കുവോര്‍ ,
പച്ചയായി ചിരിതൂകി ,മനുജന്റെ 
കണ്‍ഠനാളം മുറിച്ചു പുഴകളായ്‌ , വെട്ടി 
വെന്നിക്കൊടികള്‍ പാറിക്കുവോര്‍ !
അമ്മതന്‍ മടിയിലുറങ്ങുന്ന പൈതലിന്‍
മാനം പോലും കടിച്ചു പറിക്കുവോര്‍
അമ്മ ; ഭൂമിതന്‍ മാറു പിളര്‍ന്നുള്ള 
നീരതൂറ്റി മദിച്ചു നടക്കുവോര്‍ ,
ചോര വാര്‍ന്നങ്ങു വഴിയില്‍ കിടക്കുന്ന 
സാധുവിന്റെയാ ഭാണ്ഡമഴിക്കുവോര്‍ ,
ഭൂമിയാകെ കുലുങ്ങി ,സൌധങ്ങളും
സാഗരങ്ങളുമിളകി മറിയവേ 
ഒത്തുകിട്ടിയ നേരമതു തന്നില്‍ 
ഒക്കെ തക്കത്തില്‍ സ്വന്തമാക്കുന്നവര്‍ 
ഇത്ര ,കണ്‍കളില്‍ ചോരയില്ലാത്തവര്‍ 
തത്ര ,നാട്യങ്ങള്‍ ,നടനങ്ങളാടവേ
ക്ഷീരമേറെയങ്ങുള്ളോരകിട്ടിലായ്
ചോരയൂറ്റിക്കുടിക്കുവതീ ഞാനോ ?

10 comments:

  1. പ്രിയ വായനക്കാരെ
    എന്റെ ഈ ചെറിയ രചന വായിച്ചു തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു .

    ReplyDelete
  2. ടീച്ചര്‍ കലക്കി ഈ രചന .നാം ഓരോരുത്തരും കൊതുകുകളായി മാറുന്നു .മറ്റുള്ളവരുടെ ചോരയൂറ്റി മദിച്ചു കഴിയുന്നു .മണ്ണ് വാരി പുഴകളെ ഇല്ലാതാക്കുന്നു .ഭൂമിയുടെ നീരിനെ കുടിച്ചു വറ്റിക്കുന്നു .നമ്മുടെ നാടിനെ മാലിന്യങ്ങളാല്‍ മൂടുന്നു .കുഞ്ഞുങ്ങളുടെ മാനം ഉറ്റി കുടിക്കുന്നു .ദരിദ്രന്റെ മേല്‍ കുതിര കയറുന്നു .നല്ല ബിംബങ്ങള്‍ .സമൂഹത്തിന്റെ നേരെ പിടിച്ച കണ്ണാടിയാകുന്നു ഈ രചന .ഇഷ്ടമായി വളരെയധികം .ആശംസകള്‍

    ReplyDelete
  3. ഇഷ്ടമായി, ആശംസകള്‍

    ReplyDelete
  4. കൊതുകിന്‍റെ അര്‍ത്ഥവ്യതിയാനങ്ങള്‍ നന്നായി

    ReplyDelete
  5. ക്ഷീരമേറെയങ്ങുള്ളോരകിട്ടിലായ്
    ചോരയൂറ്റിക്കുടിക്കുവതീ ഞാനോ ?

    ഓരോരുത്തരും അവനവനോട് സ്വയം ചോദിക്കേണ്ട ചോദ്യമായി
    കവിത അവസാനിക്കുന്നത് വളരെ സുന്ദരമായി.

    ReplyDelete
  6. ചേർച്ചയുള്ള വരികൾ

    ReplyDelete
  7. ഒക്കെ തക്കത്തില്‍ സ്വന്തമാക്കുന്നവര്‍
    ഇത്ര ,കണ്‍കളില്‍ ചോരയില്ലാത്തവര്‍
    തത്ര ,നാട്യങ്ങള്‍ ,നടനങ്ങളാടവേ
    ക്ഷീരമേറെയങ്ങുള്ളോരകിട്ടിലായ്
    ചോരയൂറ്റിക്കുടിക്കുവതീ ഞാനോ ?.............. നല്ല കവിതക്കെന്റെ മനസ്സ് നിറഞ്ഞ ആശംസകൾ

    ReplyDelete
  8. കൊതുക്‌ ,ഞാനിന്ന് കൌതൂഹലത്തോടെ
    രുധിരമെവിടെയെന്നോതി പറക്കുന്നു .
    കതക്‌ കൊട്ടിയടയ്ക്കാന്‍ ശ്രമിക്കവേ
    ചിറകുയര്‍ത്തി ഞാനുയരത്തിലാകുന്നു !

    ഈ നാലു വരിയുടെ താളം തുടർന്നുള്ള വരികളിൽ
    സംരക്ഷിക്കുവാൻ ശ്രമിച്ചിട്ടില്ല.
    ശ്രമിച്ചാൽ വരികൾ കൂടുതൽ ഭംഗിയായാകുമായിരുന്നു...

    ReplyDelete