Saturday, May 2, 2015

അശരീരികള്‍ .......




അശരീരികള്‍ .......
----------------------------




എന്നേ കടന്നിങ്ങു പോന്നതു നന്നായി 
വല്ലാതെയുള്ളം നടുങ്ങാതെ ,വല്ലായ്മ

തോന്നിത്തുടങ്ങാതെ ,മുന്നിലെ 
കല്ലുപിളര്‍ക്കുന്ന കാഴ്ചകള്‍ കാണാതെ 
ചോരപ്പുഴകളില്‍ തത്വശാസ്ത്രങ്ങളും 
വേരോടെ പാഞ്ഞൊഴുകുന്നതു കാണാതെ 
എന്നേ കടന്നിങ്ങു പോന്നതു നന്നായി .....

മുന്നോട്ടു ശാസ്ത്രം കുതിക്കുമ്പൊഴും ,എന്നും 
പിന്നോട്ടൊരൂക്കത്തില്‍ കാലം നടക്കവേ 
കോലങ്ങള്‍ മുന്നില്‍ ഉറഞ്ഞു തുള്ളീടവേ
പൂവുകള്‍ പുഞ്ചിരി തൂകാന്‍ ഭയക്കവേ 
പൂമരച്ചില്ലകള്‍ കണ്ണീര്‍ പൊഴിക്കവേ
മാറ്റക്കൊടുങ്കാറ്റു ചാരം പറത്തവേ
ഊറ്റമായുച്ചത്തില്‍ കാഹളമോതവേ
എന്നേ കടന്നിങ്ങു പോന്നതു നന്നായി ......

ഏറെ കുമിഞ്ഞു മടുത്തു ,കളഞ്ഞേറെ
കൂനകളാകുന്നൊരന്നം പുഴുക്കവേ 
കാലങ്ങളേറെയഴുക്കുചാല്‍ നീന്തിയാ 
കാതരര്‍ കത്തും വയറുകള്‍ പൊത്തവേ
എന്നേ കടന്നിങ്ങു പോന്നതു നന്നായി ......

വാര്‍ത്തകള്‍ പീഡനയാത്രകളാകവേ
താരാട്ടിനൊപ്പമാ രോദനം കേള്‍ക്കവേ 
മാത്രകള്‍ പോലും വിറയാര്‍ന്നു നില്‍ക്കവേ 
ഏറുന്ന ഭാരത്താല്‍ ഭൂമി വിറയ്ക്കവേ
അംബരത്തോളമുയര്‍ന്ന കവചത്തില്‍
പൊള്ളുന്ന ചൂടിനാല്‍ വിള്ളല്‍ വളരവേ 
വെള്ളവും ,വായുവും കൈനീട്ടി വാങ്ങേണ്ട 
വല്ലാത്ത ലോകത്തില്‍ നില്‍ക്കുവാന്‍ വയ്യാതെ 
എന്നേ കടന്നിങ്ങു പോന്നതു നന്നായി.......

പിച്ചവയ്ക്കും കുരുന്നിന്‍റെയാ നാവിലും 
മെച്ചമായ് എത്തുവാന്‍ നിത്യം മതിയിലും 
നന്മതന്‍ പാഠങ്ങള്‍ ഓതും ഗുരുവിന്റെ 
ചൂരലൊടിച്ചു കടത്തി ,ആ കൈപ്പത്തി ഛേദിച്ചു
നാവിന്നു കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്ന കാഴ്ചകള്‍ 
കാണുവാന്‍ വയ്യാതെ .....
എന്നേ കടന്നിങ്ങു പോന്നതു നന്നായി.......

പ്രായമേറും വടവൃക്ഷങ്ങളിന്നൊരു 
പ്രീയമേറും നല്ല വാക്കിനായ്‌ കേഴവേ
ബാല്യം തിരഞ്ഞു കുഴഞ്ഞ കിശോരകര്‍
പ്രായം തികയാതെ കണ്ണട വയ്ക്കവേ
കാണുവാന്‍ വയ്യാത്ത കാഴ്ചകള്‍ കാണാതെ 
എന്നേ കടന്നിങ്ങു പോന്നതു നന്നായി.......


ബന്ധങ്ങള്‍ക്കര്‍ത്ഥം തിരഞ്ഞു കുഴഞ്ഞതി-
ബന്ധുരമാമൊരു ഭാവിയെക്കാണുവാന്‍
പുത്തന്‍ തലമുറയ്ക്കുത്തമാമൊരു
പ്രത്യയശാസ്ത്രമിന്നോതാന്‍ കഴിയാതെ
 എന്നേ കടന്നിങ്ങു പോന്നതു നന്നായി.......




4 comments:

  1. മൂര്‍ച്ചയുള്ള വരികള്‍
    "എന്നേ കടന്നിങ്ങു പോന്നതു നന്നായി......."എങ്കിലും നമ്മുടെ പിന്നിലുള്ളവരെ പരുക്കില്ലാതെ നേര്‍വഴിക്കാക്കാന്‍ പിന്‍തിരിഞ്ഞല്ലേ പറ്റൂ.
    കവിത ഇഷ്ടപ്പെട്ടു.
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
  2. മടുപ്പ് തിടം വെച്ച് വളരുന്നുണ്ട്..ഉൾവലിയാനാഗ്രഹിക്കുന്നത് പ്രതിധ്വനിപോലും അന്യമാകുമ്പോഴാവണം.

    അശരീരികളെ ഇനിയും അഴിച്ചു വിടുക ടീച്ചറേ.

    ReplyDelete
  3. 'എന്നേ കടന്നിങ്ങു പോന്നത് നന്നായി' എന്ന് ആശ്വസിയ്ക്കുമ്പോഴും ഇന്നിൻറെ ദുഖം ഉള്ളിലുള്ളത് നന്നായി എഴുതി. ഇങ്ങിനെ പരിതപിയ്ക്കുക മാത്രമേ കഴിയൂ എന്ന നിസ്സഹായതയും. കവിത വളരെ നന്നായി.

    ReplyDelete