Friday, October 9, 2015

ഞാന്‍ തീപ്പെട്ടി ....

ഞാന്‍ തീപ്പെട്ടി ....

-----------------------
എത്ര സൗമ്യമായ് ,ചിരിയുതിര്‍ത്തീ-

കൊച്ചു പേടകത്തിലൊതുങ്ങിക്കഴിയവേ
ഉള്ളിലുണ്ടൊരായിരം ലങ്കകള്‍ ,വെന്തു 
വെണ്ണീറായ് മാറ്റുവാന്‍ വീര്യവും .


ഇന്നടുക്കള,കലവറ ,ഉറക്കറ തന്നില്‍ 

മൂലയ്ക്കൊതുങ്ങിക്കഴിയവേ 
ഇല്ലൊരാളും തിരിച്ചറിഞ്ഞീടുവാന്‍
ഉള്ളിലുള്ളൊരീ ശക്തി പ്രപഞ്ചവും !
ഇന്ന് നിര്‍ഭയം കീശയില്‍ വച്ചവര്‍ 
ചിന്തലേശവുമില്ലാതെ പായവേ 
കൊള്ളിയൊന്നു താന്‍ പോരുമീ ഭൂവിതിന്‍ 
നാശ ഹേതുവെന്നോര്‍ക്കയുമില്ലിവര്‍
ഉള്ളിലുറഞ്ഞു ഘനീഭവിച്ചീ‌‌ കൊള്ളി -
തന്നിലറ്റത്തു പറ്റിപിടിച്ചെ‌ന്‍റെ
തുള്ളിപോലും പുറത്തെഴാ ശോകവും
തിങ്ങിവിങ്ങിയൊതുങ്ങിക്കഴിയുന്നു
വേണമെന്നെ, പലവേള താപമായ് -
തീരുവാനിളം നാളമായ് ,ജ്വാലയായ് 
നാശം ഞാന്‍ സ്വയം തീര്‍ക്കുവതില്ലയെന്‍
ആശ ലേശവും പൂര്‍ത്തിയാകായ്കിലും
ആളിയാളിപ്പടരുന്നൊരഗ്നിയായ്
തീരുവാന്‍ സ്വയം ശക്തിയുണ്ടെങ്കിലും 
കാറും കോളും നിറഞ്ഞൊരീ വാനിലായ്‌ 
കാളിമകൂടിയെങ്ങിനെ പൂശും ഞാന്‍ ?
ജാലമായിരം തീര്‍ക്കുമീ ഭൂവിതിന്‍
ആശയോടെ മുളയ്ക്കുന്ന വിത്തുകള്‍ 
ആര്‍ത്തുയര്‍ന്നു മുളയ്ക്കുന്ന വിത്തുകള്‍ 
ആര്‍ത്തുയര്‍ന്നു ജ്വലിക്കാന്‍ ,കരുതലാല്‍ 
പേടകത്തിലൊതുങ്ങിക്കഴിയും ,ഞാന്‍ !!


[പ്രശസ്ത ബംഗാളി എഴുത്തുകാരി ആശാ പൂര്‍ണ്ണാ ദേബിയുടെ മാച്ച് ബോക്സ് എന്ന കഥ പ്രചോദനം നല്‍കിയ രചന ]

വേറിട്ട വാക്ക്.....

വേറിട്ട വാക്ക്.....

-----------------------

വേറിട്ട വാക്കിന്റെ ചന്തം തിരഞ്ഞു ഞാന്‍

കേള്‍പ്പതോ വാക്കിന്‍റെ ചര്‍വിത ചര്‍വണം
എടുത്തും,ചവച്ചും മറിച്ചും കുഴച്ചുമൊരായിരം
വര്‍ണങ്ങള്‍ മാറി മറിഞ്ഞു വമിച്ചും
എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ പത്തും
കൊള്ളുമ്പൊളായിരം അമ്പായ് ചമഞ്ഞും
അടിക്കുള്ള കാരണം അടുക്കുവാന്‍ തേന്‍കണം
തടുക്കാവതല്ല, മേല്‍ നിനക്കുള്ള ശക്തിയും 
വേറിട്ട ശബ്ദമായ് വാക്കു മുഴങ്ങുകില്‍
ബ്രഹ്മാണ്ഡമാകെ വിറച്ചു കുലുങ്ങിടും
അലകളങ്ങായിരമാര്‍ത്തൊരൊലികളാല്‍
വാക്കു വിറകൊണ്ടു വത്മീകം പൂകിടും !!


Thursday, October 1, 2015

സുകൃതം...


സുകൃതം...
-----------------


ജന്മസാഫല്യമല്ലേ ,എനിക്കെന്‍റെ
ജന്മമേകിയോര്‍ കൂടെയുണ്ടിപ്പോഴും
കാലമെത്രയാ കരങ്ങളില്‍ തൂങ്ങി ഞാന്‍
കൂട്ടിവച്ചതാണിന്നിന്‍റെ നന്മകള്‍

കാണ്മതുണ്ടു ഞാന്‍ ഇന്നാ മിഴികളില്‍
കാതമേറെ നടന്നൊരാ ക്ഷീണവും
കാലചക്രം തിരിക്കുവാന്‍ പോന്നൊരാ
കാമ്യമായുള്ളൊരുണ്‍മ,വിവേകവും
ഒട്ടുവിസ്മൃതിയിലാകുന്ന ചിന്തകള്‍
കെട്ടുപൊട്ടിയ പട്ടം കണക്കിനെ
കൂട്ടിനെത്തിയ രോഗങ്ങള്‍ കൂട്ടമായ്‌
പൂട്ടിയിട്ടു ചലനങ്ങള്‍ കഷ്ടമായ്
ഇന്നിതെന്‍ വിരല്‍തുമ്പുപിടിച്ചൊരു
പിഞ്ചുപൈതലായ് പിച്ച നടക്കവേ
നെഞ്ചുവിങ്ങി ഞാനോര്‍ക്കുന്നു കാലങ്ങള്‍
ആ ചിറകിന്‍ തണലില്‍ കൊഴിഞ്ഞതും
കിണ്ണമൊന്നതില്‍ ചോറുമെടുത്തൊരാ
വെണ്ണകട്ടുണ്ണി തന്‍റെ കഥകളാല്‍
വിണ്ണിനോളമുയര്‍ത്തി ,ഉരുളകള്‍
തിണ്ണം വായില്‍,തിരുകിയതോര്‍മ്മയില്‍
നെഞ്ചിലൊട്ടിക്കിടക്കവേ താരാട്ടിന്‍
നാദമെന്‍ഹൃത്തില്‍ താളം പകര്‍ന്നതും
എന്തിതെന്നു പറയുവാന്‍ ? അനന്തമാം
ശാന്തിയെന്നില്‍ നിറഞ്ഞു കവിഞ്ഞതും
മുന്‍പു നിങ്ങള്‍ നടന്നൊരാ പാത തന്‍
അന്‍പിയന്നൊരാ കാഴ്ചകള്‍ തന്നെയീ
വന്‍പു കൊണ്ടു വിറ പൂണ്ട ഭൂവിതില്‍
എന്‍പദങ്ങള്‍ക്കു ശക്തി പകര്‍ന്നതും
ജന്മ സുകൃതമായ് കണ്ടു ,കരുതലാല്‍
കണ്‍കളിന്നു നിറയാതെ നോക്കവേ
വന്നുപോം പിഴകള്‍ ഇടയ്ക്കിടെ
നെഞ്ചുനീറി ഞാന്‍ മാപ്പിരക്കുന്നിതാ
കണ്ണിമയ്ക്കാതകലങ്ങളില്‍ പുക്കു
തിണ്ണമെത്തുമെന്നേറെ പ്രതീക്ഷയില്‍
വിണ്ണിനോളമുയര്‍ന്നൊരാ വാത്സല്യ-
മിന്നിതിങ്ങനെയെണ്ണിക്കഴിയുന്നു.
മാറ്റമില്ലാത്തൊരൂര്‍ജ്ജ പ്രവാഹമായ്
ഏറ്റിടുന്നൊരീ സ്നേഹപ്രപഞ്ചത്തില്‍
മുങ്ങിനിന്നിടാനെന്നും കഴിയേണം
എന്നുമാത്രമാണിന്നെന്‍റെ പ്രാര്‍ത്ഥന