Thursday, October 1, 2015

സുകൃതം...


സുകൃതം...
-----------------


ജന്മസാഫല്യമല്ലേ ,എനിക്കെന്‍റെ
ജന്മമേകിയോര്‍ കൂടെയുണ്ടിപ്പോഴും
കാലമെത്രയാ കരങ്ങളില്‍ തൂങ്ങി ഞാന്‍
കൂട്ടിവച്ചതാണിന്നിന്‍റെ നന്മകള്‍

കാണ്മതുണ്ടു ഞാന്‍ ഇന്നാ മിഴികളില്‍
കാതമേറെ നടന്നൊരാ ക്ഷീണവും
കാലചക്രം തിരിക്കുവാന്‍ പോന്നൊരാ
കാമ്യമായുള്ളൊരുണ്‍മ,വിവേകവും
ഒട്ടുവിസ്മൃതിയിലാകുന്ന ചിന്തകള്‍
കെട്ടുപൊട്ടിയ പട്ടം കണക്കിനെ
കൂട്ടിനെത്തിയ രോഗങ്ങള്‍ കൂട്ടമായ്‌
പൂട്ടിയിട്ടു ചലനങ്ങള്‍ കഷ്ടമായ്
ഇന്നിതെന്‍ വിരല്‍തുമ്പുപിടിച്ചൊരു
പിഞ്ചുപൈതലായ് പിച്ച നടക്കവേ
നെഞ്ചുവിങ്ങി ഞാനോര്‍ക്കുന്നു കാലങ്ങള്‍
ആ ചിറകിന്‍ തണലില്‍ കൊഴിഞ്ഞതും
കിണ്ണമൊന്നതില്‍ ചോറുമെടുത്തൊരാ
വെണ്ണകട്ടുണ്ണി തന്‍റെ കഥകളാല്‍
വിണ്ണിനോളമുയര്‍ത്തി ,ഉരുളകള്‍
തിണ്ണം വായില്‍,തിരുകിയതോര്‍മ്മയില്‍
നെഞ്ചിലൊട്ടിക്കിടക്കവേ താരാട്ടിന്‍
നാദമെന്‍ഹൃത്തില്‍ താളം പകര്‍ന്നതും
എന്തിതെന്നു പറയുവാന്‍ ? അനന്തമാം
ശാന്തിയെന്നില്‍ നിറഞ്ഞു കവിഞ്ഞതും
മുന്‍പു നിങ്ങള്‍ നടന്നൊരാ പാത തന്‍
അന്‍പിയന്നൊരാ കാഴ്ചകള്‍ തന്നെയീ
വന്‍പു കൊണ്ടു വിറ പൂണ്ട ഭൂവിതില്‍
എന്‍പദങ്ങള്‍ക്കു ശക്തി പകര്‍ന്നതും
ജന്മ സുകൃതമായ് കണ്ടു ,കരുതലാല്‍
കണ്‍കളിന്നു നിറയാതെ നോക്കവേ
വന്നുപോം പിഴകള്‍ ഇടയ്ക്കിടെ
നെഞ്ചുനീറി ഞാന്‍ മാപ്പിരക്കുന്നിതാ
കണ്ണിമയ്ക്കാതകലങ്ങളില്‍ പുക്കു
തിണ്ണമെത്തുമെന്നേറെ പ്രതീക്ഷയില്‍
വിണ്ണിനോളമുയര്‍ന്നൊരാ വാത്സല്യ-
മിന്നിതിങ്ങനെയെണ്ണിക്കഴിയുന്നു.
മാറ്റമില്ലാത്തൊരൂര്‍ജ്ജ പ്രവാഹമായ്
ഏറ്റിടുന്നൊരീ സ്നേഹപ്രപഞ്ചത്തില്‍
മുങ്ങിനിന്നിടാനെന്നും കഴിയേണം
എന്നുമാത്രമാണിന്നെന്‍റെ പ്രാര്‍ത്ഥന

3 comments:

  1. നല്ല കവിത
    ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ ,സാര്‍ നന്ദി

      Delete
  2. അജിത്‌ സര്‍ ഈ കൈയ്യോപ്പിന് സന്തോഷം

    ReplyDelete