Saturday, March 22, 2014

സംഗമം





സംഗമം

താരകം കണ്‍ചിമ്മിനോക്കുന്നൊരാകാശ-
മേലാപ്പിലെത്തിപ്പിടിക്കാന്‍ 
താഴെയുള്ളിത്തിരിപ്പോന്നൊരാ നാമ്പു-
-മിന്നേറെക്കൊതിക്കുവതെന്തിനായ്‌ .....?
കുഞ്ഞുചിറകു കുടഞ്ഞു പുറത്തെഴും 
പഞ്ചവര്‍ണ്ണക്കിളി പൈതല്‍,
എന്തിനാണാ വാനമൊന്നങ്ങു പുകൂവാന്‍ 
വെമ്പുന്നിതാര്‍ത്തിയാലെന്നും ?
തീരത്തിനുമ്മകൊടുത്തു വിടപറ-
-ഞ്ഞോടിക്കിതയ്ക്കുന്നലകള്‍ 
ആകെക്കൊതിക്കുവതെന്തിനായ്‌ 
ഏതു ,സംഗമഭൂവിലണയാന്‍ ?
ഉള്ളിലാകെത്തപിച്ചും പുകഞ്ഞുമാ
പ്രജ്ഞയില്‍ക്കുളിരാകെ ചൊരിഞ്ഞും 
മുദ്രണങ്ങള്‍ക്കുമിന്ദ്രിയ സീമയ്ക്കു-
മപ്പുറത്തൊരു കല്പനാ-സംഗമം!!
നിലമൊരുക്കുന്നതും,വിത്തൊരുങ്ങുന്നതും
മുകുളമുണരുന്നതും ,ദലമുതിര്‍ക്കുന്നതും ‍‌
മധുചുരത്തുന്നതും ,ഭ്രമരമെത്തുന്നതും 
ഉറവപൊട്ടുന്നതും ,നദികളൊഴുകുന്നതും
ഇഴ പിരിയുന്നതും ,ഇണ ചേരുന്നതും 
ഇടി മുഴങ്ങുന്നതും ,മഴയുതിര്‍ക്കുന്നതും 
ആര്‍ത്തലച്ചു പെയ്യുന്നതും ,ഒഴുകി-
-യാര്‍ത്തു കുതിക്കുന്നതും ,ഒരു സംഗമത്തിനായ്‌
ഒഴുകിയകലുമ്പോഴും ,തീരത്തിനൊരു
കൈക്കുടന്ന നിറയെ നനവും ,പച്ചപ്പുമായ്‌ 
ഒരു വിളര്‍ച്ചയില്‍ ,തളര്‍ച്ചയില്‍ 
ഉണര്‍വ്വിന്റെ കളഗീതമൊഴുക്കിയും
ജനന-മരണ വലയങ്ങള്‍ പൂര്‍ണമായ്
അനാദിയാം ആത്മഹര്‍ഷോന്മാദ സംഗമം 

11 comments:

  1. ജനന-മരണ വലയങ്ങള്‍ പൂര്‍ണമായ്
    അനാദിയാം ആത്മഹര്‍ഷോന്മാദ സംഗമം

    അതെ.

    ReplyDelete
  2. കുഞ്ഞുചിറകു കുടഞ്ഞു പുറത്തെഴും
    പഞ്ചവര്‍ണ്ണക്കിളി പൈതല്‍,
    എന്തിനാണാ വാനമൊന്നങ്ങു പുകൂവാന്‍
    വെമ്പുന്നിതാര്‍ത്തിയാലെന്നും ?
    ശരിയാണ്....

    ReplyDelete
  3. കുഞ്ഞുമനസ്സിലിടം പിടിച്ചാചെറുകാടിന്റെ
    വന്യത തേടി
    ഉള്ളിളിരുളും കുളിരും പകരുന്ന
    കാനനധന്യത തേടി ...അലയുന്ന ഒരു പാവം ജന്മം.
    നല്ല കവിത.

    ReplyDelete
  4. ഒഴുകിയാര്‍ത്തു കുതിക്കുന്നതും ,ഒരു സംഗമത്തിനായ്‌......
    നല്ല ഭാവന...
    മനോഹരമായ കവിത
    ആശംസകള്‍

    ReplyDelete
  5. മനോഹര രചന .നല്ല വരികള്‍ . . . ആശംസകള്‍

    ReplyDelete
  6. മനോഹര രചന .നല്ല വരികള്‍ . . . ആശംസകള്‍

    ReplyDelete
  7. ഉള്ളിലാകെത്തപിച്ചും പുകഞ്ഞുമാ
    പ്രജ്ഞയില്‍ക്കുളിരാകെ ചൊരിഞ്ഞും
    മുദ്രണങ്ങള്‍ക്കുമിന്ദ്രിയ സീമയ്ക്കു-
    മപ്പുറത്തൊരു കല്പനാ-സംഗമം!!

    രചന സുന്ദരമായിരിക്കുന്നു ടീച്ചറെ ...

    ReplyDelete
  8. നന്നായിരിക്കുന്നു...

    ReplyDelete
  9. എന്റെ ഈ കൊച്ചു രചനയില്‍ എത്തി കൈയ്യൊപ്പ് ചാര്‍ത്തിയ എല്ലാ വായനക്കാര്‍ക്കും ഹൃദ്യമായ നന്ദി

    ReplyDelete
  10. ഒരുമയോടു കൂടി
    ഒഴുകി വന്നിടുന്നു;
    ചരണപങ്കജങ്ങൾ
    പണിയുവാൻ വരുന്നൂ...


    നിരുപമലാവണ്യപരമാത്മവാരിധിയിലേക്കുള്ള ജീവാത്മാക്കളുടെ പ്രവാഹനൈരന്തര്യം മനോഹരമായി വരികളിൽ കോർത്തിണക്കിയിരിക്കുന്നു. മികച്ച രചന.


    ശുഭാശംസകൾ....

    ReplyDelete