Wednesday, March 22, 2017

തണല്‍

തണല്‍ ...
---------

എനിക്കും  നിനക്കും
തണല്‍ തരാനൊരേ മരം
ഒരു കനല്‍ ചൂടില്‍
എരിയുമ്പോള്‍ ഇരുവരും
എരിയുന്നൊരുള്‍ക്കാമ്പ്
നനയുവാനൊരു തുള്ളി
അമൃതമായ് തണലിന്നു
സുഖദമായ് കിനിയവേ
ദലമര്‍മ്മരങ്ങളില്‍
കുസൃതിക്കു വഴിയൊത്തൊ-
-രിളമുറക്കാരനാം
കാറ്റു വന്നെത്തിയോ?
ജനനമരണങ്ങള്‍ തന്‍
കഥ ചൊല്ലി ഇലകളും
ചിരിയാര്‍ത്തു മഴയായി
താഴേക്കു പോരവേ
നിറമോലും പൂക്കളും
കനികളും മധുരമായ്
സ്മൃതികളില്‍ കുളിരുള്ളൊ-
-രോര്‍മ നിറയ്ക്കവേ....


അകലെയായ് എരിയും മരങ്ങളോ
നെടുവീര്‍പ്പില്‍
ഗതകാലസ്മരണ തന്‍
ഉയരും പുകച്ചുരുള്‍
പുഴകള്‍ മരിച്ചു
മണല്‍ത്തടം വെറിവീണു
വയലുകള്‍ കനലാളി
വെണ്ണീറിന്‍ കൂനകള്‍
മണ്ണിന്‍റെ ഉള്ളറ പോലും
ജലം വറ്റി
മനസ്സുകള്‍ തരിശു നിലങ്ങളായ്
നന്മ മരിയ്ക്കവേ
മഴമേഘമണയുവാന്‍
കൊതിയോടെ  വേഴാമ്പല്‍
മിഴികളില്‍ കണ്ണീര്‍പ്പുഴകളും കരുതവേ
പകതെല്ലുമില്ലാതീ
മരമെങ്കിലും പാരില്‍
കരുതുവാന്‍ കൈകോര്‍ത്തു
നില്‍ക്കുകീ നമ്മളും ..!!

Monday, March 14, 2016

അമൃതുതാനായ്‌.....

അമൃതുതാനായ്‌
------------------------

ഉള്ളില്‍ കനലെരിയുന്നതിന്റെയാവി
നുരയായ് പതഞ്ഞു പൊങ്ങുമ്പൊഴും 

തിങ്ങും വിഷാദം വിമൂകമായ് 
അലകള്‍ തീര്‍ത്തലയുമ്പൊഴും 
എന്നും ഭയങ്ങള്‍ തീര്‍ത്തു രവങ്ങള്‍ 
അണിയായ് മുഴങ്ങുമ്പൊഴും
മുന്നില്‍ തേറ്റ കാട്ടി ഭ്രമങ്ങള്‍ 
കോലങ്ങളായ് ഉറയുമ്പൊഴും


ഏതോ ജന്മസുകൃതഫലമോ
സുകൃതികള്‍ ജന്മം തരികയാലോ 
ഉള്ളില്‍ തീര്‍ത്തു കഴിയുന്നുണ്ടൊരു ലോകം 
പ്രശാന്തിതന്‍ വള്ളിക്കുടിലുകള്‍പോലിതാ
തള്ളിക്കേറുന്ന ചിന്തകള്‍ സ്വയം
പാഞ്ഞു മണ്ടുന്നകലത്തിലും
ബന്ധം വിട്ടലയാഴിതന്‍ 
ഗുഹരവാതില്‍ കടക്കുന്നിതാ

ഉള്ളില്‍ മുരളികയൊന്നു മധുരമായ് 
ശ്രുതി മീട്ടുന്നു താഴ്സ്ഥായിയില്‍ 
താനേ ജലധാര വന്നു പതിയുന്നു 
സുഖദമായ് ശിരസ്സിങ്കലും 
വെക്കം വന്നു നിറഞ്ഞു വെളിച്ചവും 
കുഭം തുളുമ്പും വിധൌ
നൃത്തം ചെയ്തു മോദിച്ചിടുന്നൊരു
മയിലുതാനായ് മനമിന്നിതാ
ചുറ്റും വിഭൂതി നിറഞ്ഞു സുഗന്ധവും 
പേറുന്നിതാത്മരേണുക്കള്‍ 
പൊക്കം തന്നിലേറിയാത്മരതിതന്‍ 
അമൃതം നുകരുന്നിതാ .......!!!!!

Thursday, December 17, 2015

ധ്യാനം .............

ധ്യാനം ............

-----------

മൗനം പുതച്ചാത്മ നിര്‍വൃതി തെല്ലതിന്‍

ആമന്ത്രണങ്ങളില്‍ ഞാന്‍ ലയിക്കെ
ഏതോ ഗുഹാന്തര ശൂന്യതലങ്ങളില്‍
ഓംകാരം മറ്റൊലിയായ് പതിച്ചു
ധ്യാനം നിറഞ്ഞതാ ,വാതായനങ്ങളില്‍
ആത്മ പ്രകാശമങ്ങാഗമിച്ചു
ഇഡ പിംഗളങ്ങളില്‍ ഉയിരാര്‍ന്നൊരുയിരിന്റെ
ഉയരങ്ങളെത്തി ആ , കമലങ്ങളില്‍
അതു തുരന്നലകടല്‍ ലയനമതാകവേ
ഹുങ്കാരമാകെയങ്ങോങ്കാരമായ്


ദലമര്‍മരങ്ങളില്‍ ,കിളികൂജനങ്ങളില്‍
ഒഴുകുന്ന പുഴകളില്‍ ,ഇളം കാറ്റില്‍ ,അലകളില്‍
ഒരു മാത്ര അലിയവേ അതു ധ്യാനമാം 
കാകന്റെ ദൃഷ്ടിയങ്ങൊരു ധ്യാനമായ് അതു
ജീവന്‍റെ ഭുക്തിയെടുക്കുവതായ്
ഒരു കാലില്‍, കൊറ്റിതന്‍ കപടമാം നിദ്രയാല്‍
ഇമപൂട്ടി നില്‍ക്കവേ അതു ധ്യാനമാം
ഏകാഗ്രമായുള്ളൊരേതു കര്‍മങ്ങളും
ധ്യാനമുഹൂര്‍ത്തങ്ങളാല്‍ ജയിപ്പൂ
പ്രണയവും വിരഹവും ,പ്രതീക്ഷയും ധ്യാനം
ഇണയോടു ചേര്‍ന്നു വസിപ്പതും ധ്യാനം
ഇത് ഭിന്നമില്ലേതു ജീവികള്‍ക്കും 
ജനനമൊരു ധ്യാനം , മരണം നിതാന്തവും
പരമാത്മ ലയനമങ്ങതി ധ്യാനവും

കരവിരുതിനെ,നാദ ബ്രഹ്മകമലങ്ങളെ
സഹജമാം രചനാ വിലാസ തന്ത്രങ്ങളെ
നടനനാട്യങ്ങള്‍ തന്‍ലയവിന്യാസങ്ങളെ
ധ്യാനത്തിലാത്മ രതിയായ് ചമച്ചും

ഹൃദയതാളങ്ങളാ വാദ്യമേളങ്ങളോടി -
ഴചേര്‍ന്നു നില്‍ക്കുമ്പൊളതു ധ്യാനമാം
ഡമരുവിന്‍ നാദമോ ,ലയന നിനാദമോ
പ്രണവമന്ത്രം സ്വയം വിലയിപ്പതോ
ജ്ഞാനിക്കു ധ്യാനം മഹാ ധ്യാനവും
പൂര്‍ണയോഗിക്കു നിറവിന്‍ നിമിഷങ്ങളും
തുള്ളി തുളുമ്പുന്നൊരമൃതകുംഭം
ഉള്ളില്‍ ആനന്ദമായ് പരമാനന്ദമായ്

കലയും കവിതയും വിതയും,കഥയുമായ്‌
ചൊരിഞ്ഞുനിറഞ്ഞങ്ങുയരും ; വിശുദ്ധമാം
ധ്യനമേ,ഏകാന്തയാനമേ,പര തന്നമൃതമേ
നിറയുകീ ഭുവനം മനോജ്ഞമാകാന്‍

Tuesday, December 15, 2015

വേദി.........

വേദി.........

---------

രസിച്ചും,രസിപ്പിച്ചും നിറഞ്ഞവ

ഉയരങ്ങള്‍ക്കടിത്തറയും ,കളരിയുമായവ
കരഘോഷത്താല്‍ നിറഞ്ഞവ
കൂക്കി വിളികളാല്‍ മുറിഞ്ഞവ,
കണ്ണീരാല്‍ നനഞ്ഞവ
അവനവനെ അറിയിച്ചവ 
നിറങ്ങള്‍ ചാലിച്ചവ
വേഷങ്ങള്‍ അണിയിച്ചവ , അഴിച്ചവ
സ്വയം വില്ലായ് ചമഞ്ഞവ
ശരങ്ങള്‍ തൊടുത്തവ ,പലതും എരിച്ചവ
സ്ഫുലിംഗങ്ങള്‍ ഉതിര്‍ത്തവ 
ആളുന്നൊരഗ്നീ തന്‍ സാക്ഷിയായവ
ചരിത്രമുറങ്ങുന്നവ 
തിരശ്ശീലകള്‍ ഇനിയും...
ഉയരുവാന്‍ വെമ്പുന്നവ
അതിനായ് കാത്തിരിക്കുന്നവ.............

ചുമടുതാങ്ങി.......

ചുമടുതാങ്ങി.........
--------------------

ഒരു പുരാവസ്തു മാത്രമായിന്നു ഞാന്‍
വെയിലും മഴയുമിങ്ങേറ്റു നില്‍ക്കെ
ഒഴുകും പുഴകളായ്‌ കാലമെന്‍ പാദങ്ങള്‍ക്കി-
ടയിലൂടതിദ്രുതം യാത്ര തന്നെ

ഇരുകൈയുയര്‍ത്തി ഞാന്‍ മാടി വിളിക്കിലും
ഒരു മിഴിക്കോണിലും പെട്ടതില്ല
അതിരില്ലാ മോഹത്തില്‍ അതിവേഗം പായവേ
ഇവരേതു ഭാണ്ഡമിന്നേറ്റി വയ്ക്കാന്‍ ?
ഇവിടെയീവഴികളില്‍,വിരലിലെണ്ണാന്‍ മാത്രം
വഴിപോക്കരെത്തേടി; ഞങ്ങള്‍ നില്‍ക്കെ
വഴികള്‍ വലകളായ്പെരുകി,എന്‍വേരുകള്‍
പിഴുതുമാറ്റിക്കൊണ്ടു വികസനങ്ങള്‍ !
കരയാന്‍ മറന്നുപോയ്‌ ഒരുമാത്ര,ഞാനെന്‍റെ 
പഴയകാലത്തിലേക്കൂളിയിട്ടു..
തലയില്‍ ചുമടുമായ് വന്ന പഥികരങ്ങകലെ
നിന്നേ മിഴിപാര്‍ത്തന്നു ഞങ്ങളെ
ചുമലിലായ് ഭാരങ്ങളേല്‍ക്കുവാന്‍ ,പ്രീതിയാല്‍
ഒരുപോലെ വഴികളില്‍ നിന്നു ഞങ്ങള്‍
നീളുന്ന പാതതന്നോരത്തു പരിഭവം ,
മൊഴിയാതെ ,തളരാതെ നിന്നു ഞങ്ങള്‍
ഒരു നെടുവീര്‍പ്പിന്നറ്റത്തു കൗതുകം 
വിടരുന്ന കണ്‍കളിടയ്ക്കു കാണ്‍കെ
പഴമതന്‍ചരിതമുറങ്ങുമാലേഖനം
ചുമലില്‍ വഹിച്ചിന്നു നില്‍പ്പൂ ഞങ്ങള്‍ ..!

Friday, October 9, 2015

ഞാന്‍ തീപ്പെട്ടി ....

ഞാന്‍ തീപ്പെട്ടി ....

-----------------------
എത്ര സൗമ്യമായ് ,ചിരിയുതിര്‍ത്തീ-

കൊച്ചു പേടകത്തിലൊതുങ്ങിക്കഴിയവേ
ഉള്ളിലുണ്ടൊരായിരം ലങ്കകള്‍ ,വെന്തു 
വെണ്ണീറായ് മാറ്റുവാന്‍ വീര്യവും .


ഇന്നടുക്കള,കലവറ ,ഉറക്കറ തന്നില്‍ 

മൂലയ്ക്കൊതുങ്ങിക്കഴിയവേ 
ഇല്ലൊരാളും തിരിച്ചറിഞ്ഞീടുവാന്‍
ഉള്ളിലുള്ളൊരീ ശക്തി പ്രപഞ്ചവും !
ഇന്ന് നിര്‍ഭയം കീശയില്‍ വച്ചവര്‍ 
ചിന്തലേശവുമില്ലാതെ പായവേ 
കൊള്ളിയൊന്നു താന്‍ പോരുമീ ഭൂവിതിന്‍ 
നാശ ഹേതുവെന്നോര്‍ക്കയുമില്ലിവര്‍
ഉള്ളിലുറഞ്ഞു ഘനീഭവിച്ചീ‌‌ കൊള്ളി -
തന്നിലറ്റത്തു പറ്റിപിടിച്ചെ‌ന്‍റെ
തുള്ളിപോലും പുറത്തെഴാ ശോകവും
തിങ്ങിവിങ്ങിയൊതുങ്ങിക്കഴിയുന്നു
വേണമെന്നെ, പലവേള താപമായ് -
തീരുവാനിളം നാളമായ് ,ജ്വാലയായ് 
നാശം ഞാന്‍ സ്വയം തീര്‍ക്കുവതില്ലയെന്‍
ആശ ലേശവും പൂര്‍ത്തിയാകായ്കിലും
ആളിയാളിപ്പടരുന്നൊരഗ്നിയായ്
തീരുവാന്‍ സ്വയം ശക്തിയുണ്ടെങ്കിലും 
കാറും കോളും നിറഞ്ഞൊരീ വാനിലായ്‌ 
കാളിമകൂടിയെങ്ങിനെ പൂശും ഞാന്‍ ?
ജാലമായിരം തീര്‍ക്കുമീ ഭൂവിതിന്‍
ആശയോടെ മുളയ്ക്കുന്ന വിത്തുകള്‍ 
ആര്‍ത്തുയര്‍ന്നു മുളയ്ക്കുന്ന വിത്തുകള്‍ 
ആര്‍ത്തുയര്‍ന്നു ജ്വലിക്കാന്‍ ,കരുതലാല്‍ 
പേടകത്തിലൊതുങ്ങിക്കഴിയും ,ഞാന്‍ !!


[പ്രശസ്ത ബംഗാളി എഴുത്തുകാരി ആശാ പൂര്‍ണ്ണാ ദേബിയുടെ മാച്ച് ബോക്സ് എന്ന കഥ പ്രചോദനം നല്‍കിയ രചന ]

വേറിട്ട വാക്ക്.....

വേറിട്ട വാക്ക്.....

-----------------------

വേറിട്ട വാക്കിന്റെ ചന്തം തിരഞ്ഞു ഞാന്‍

കേള്‍പ്പതോ വാക്കിന്‍റെ ചര്‍വിത ചര്‍വണം
എടുത്തും,ചവച്ചും മറിച്ചും കുഴച്ചുമൊരായിരം
വര്‍ണങ്ങള്‍ മാറി മറിഞ്ഞു വമിച്ചും
എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ പത്തും
കൊള്ളുമ്പൊളായിരം അമ്പായ് ചമഞ്ഞും
അടിക്കുള്ള കാരണം അടുക്കുവാന്‍ തേന്‍കണം
തടുക്കാവതല്ല, മേല്‍ നിനക്കുള്ള ശക്തിയും 
വേറിട്ട ശബ്ദമായ് വാക്കു മുഴങ്ങുകില്‍
ബ്രഹ്മാണ്ഡമാകെ വിറച്ചു കുലുങ്ങിടും
അലകളങ്ങായിരമാര്‍ത്തൊരൊലികളാല്‍
വാക്കു വിറകൊണ്ടു വത്മീകം പൂകിടും !!


Thursday, October 1, 2015

സുകൃതം...


സുകൃതം...
-----------------


ജന്മസാഫല്യമല്ലേ ,എനിക്കെന്‍റെ
ജന്മമേകിയോര്‍ കൂടെയുണ്ടിപ്പോഴും
കാലമെത്രയാ കരങ്ങളില്‍ തൂങ്ങി ഞാന്‍
കൂട്ടിവച്ചതാണിന്നിന്‍റെ നന്മകള്‍

കാണ്മതുണ്ടു ഞാന്‍ ഇന്നാ മിഴികളില്‍
കാതമേറെ നടന്നൊരാ ക്ഷീണവും
കാലചക്രം തിരിക്കുവാന്‍ പോന്നൊരാ
കാമ്യമായുള്ളൊരുണ്‍മ,വിവേകവും
ഒട്ടുവിസ്മൃതിയിലാകുന്ന ചിന്തകള്‍
കെട്ടുപൊട്ടിയ പട്ടം കണക്കിനെ
കൂട്ടിനെത്തിയ രോഗങ്ങള്‍ കൂട്ടമായ്‌
പൂട്ടിയിട്ടു ചലനങ്ങള്‍ കഷ്ടമായ്
ഇന്നിതെന്‍ വിരല്‍തുമ്പുപിടിച്ചൊരു
പിഞ്ചുപൈതലായ് പിച്ച നടക്കവേ
നെഞ്ചുവിങ്ങി ഞാനോര്‍ക്കുന്നു കാലങ്ങള്‍
ആ ചിറകിന്‍ തണലില്‍ കൊഴിഞ്ഞതും
കിണ്ണമൊന്നതില്‍ ചോറുമെടുത്തൊരാ
വെണ്ണകട്ടുണ്ണി തന്‍റെ കഥകളാല്‍
വിണ്ണിനോളമുയര്‍ത്തി ,ഉരുളകള്‍
തിണ്ണം വായില്‍,തിരുകിയതോര്‍മ്മയില്‍
നെഞ്ചിലൊട്ടിക്കിടക്കവേ താരാട്ടിന്‍
നാദമെന്‍ഹൃത്തില്‍ താളം പകര്‍ന്നതും
എന്തിതെന്നു പറയുവാന്‍ ? അനന്തമാം
ശാന്തിയെന്നില്‍ നിറഞ്ഞു കവിഞ്ഞതും
മുന്‍പു നിങ്ങള്‍ നടന്നൊരാ പാത തന്‍
അന്‍പിയന്നൊരാ കാഴ്ചകള്‍ തന്നെയീ
വന്‍പു കൊണ്ടു വിറ പൂണ്ട ഭൂവിതില്‍
എന്‍പദങ്ങള്‍ക്കു ശക്തി പകര്‍ന്നതും
ജന്മ സുകൃതമായ് കണ്ടു ,കരുതലാല്‍
കണ്‍കളിന്നു നിറയാതെ നോക്കവേ
വന്നുപോം പിഴകള്‍ ഇടയ്ക്കിടെ
നെഞ്ചുനീറി ഞാന്‍ മാപ്പിരക്കുന്നിതാ
കണ്ണിമയ്ക്കാതകലങ്ങളില്‍ പുക്കു
തിണ്ണമെത്തുമെന്നേറെ പ്രതീക്ഷയില്‍
വിണ്ണിനോളമുയര്‍ന്നൊരാ വാത്സല്യ-
മിന്നിതിങ്ങനെയെണ്ണിക്കഴിയുന്നു.
മാറ്റമില്ലാത്തൊരൂര്‍ജ്ജ പ്രവാഹമായ്
ഏറ്റിടുന്നൊരീ സ്നേഹപ്രപഞ്ചത്തില്‍
മുങ്ങിനിന്നിടാനെന്നും കഴിയേണം
എന്നുമാത്രമാണിന്നെന്‍റെ പ്രാര്‍ത്ഥന

Monday, September 14, 2015

ഒടുവില്‍ നീയും ഞാനും !!!!

ഒടുവില്‍ നീയും ഞാനും !!!!
------------------------------------
ഞാന്‍ നിന്നെ തിരയുകയായിരുന്നു
വഴിയറിയാതെ ഉഴറുകയായിരുന്നു

ഉപരിപ്ലവങ്ങളായ സന്തോഷങ്ങളിലും
മുറിവേല്‍പ്പിക്കുന്ന നൊമ്പരങ്ങളിലും
നിന്റെയവസ്ഥയേതെന്നറിയാതെ,
മനസേ....
ഞാന്‍ വിതുമ്പുകയായിരുന്നു

അലറുന്ന കടലിനുമീതെ,ഉപ്പുകാറ്റായ്
നിറങ്ങളഴിഞ്ഞ വാനിന്റെ,ഉള്ളറകള്‍
തുരന്നു കയറുവാന്‍ വെമ്പുന്നൊരു
മിന്നലായ്
ഗഹ്വരതകളുടെ അറ്റമില്ലാത്ത
ഇടനാഴികളില്‍,നിശ്വാസങ്ങളുടെ
പ്രതിധ്വനികള്‍ സൃഷ്ടിച്ച് അകലങ്ങളിലേക്ക്
ഊളിയിടുന്ന ഒരു കിരണമായ്
തിരഞ്ഞു തിരഞ്ഞ്, കുഴഞ്ഞ്
ഒടുവില്‍ നീ ,ഞാനും .ഞാന്‍, നീയുമാകുമ്പോള്‍,
അന്വേഷണത്തിന്റെ അവസാന വാതിലും
ഞാന്‍ മുട്ടിക്കഴിഞ്ഞിട്ടുണ്ടായിരുന്നു........

Saturday, May 2, 2015

അശരീരികള്‍ .......




അശരീരികള്‍ .......
----------------------------




എന്നേ കടന്നിങ്ങു പോന്നതു നന്നായി 
വല്ലാതെയുള്ളം നടുങ്ങാതെ ,വല്ലായ്മ

തോന്നിത്തുടങ്ങാതെ ,മുന്നിലെ 
കല്ലുപിളര്‍ക്കുന്ന കാഴ്ചകള്‍ കാണാതെ 
ചോരപ്പുഴകളില്‍ തത്വശാസ്ത്രങ്ങളും 
വേരോടെ പാഞ്ഞൊഴുകുന്നതു കാണാതെ 
എന്നേ കടന്നിങ്ങു പോന്നതു നന്നായി .....

മുന്നോട്ടു ശാസ്ത്രം കുതിക്കുമ്പൊഴും ,എന്നും 
പിന്നോട്ടൊരൂക്കത്തില്‍ കാലം നടക്കവേ 
കോലങ്ങള്‍ മുന്നില്‍ ഉറഞ്ഞു തുള്ളീടവേ
പൂവുകള്‍ പുഞ്ചിരി തൂകാന്‍ ഭയക്കവേ 
പൂമരച്ചില്ലകള്‍ കണ്ണീര്‍ പൊഴിക്കവേ
മാറ്റക്കൊടുങ്കാറ്റു ചാരം പറത്തവേ
ഊറ്റമായുച്ചത്തില്‍ കാഹളമോതവേ
എന്നേ കടന്നിങ്ങു പോന്നതു നന്നായി ......

ഏറെ കുമിഞ്ഞു മടുത്തു ,കളഞ്ഞേറെ
കൂനകളാകുന്നൊരന്നം പുഴുക്കവേ 
കാലങ്ങളേറെയഴുക്കുചാല്‍ നീന്തിയാ 
കാതരര്‍ കത്തും വയറുകള്‍ പൊത്തവേ
എന്നേ കടന്നിങ്ങു പോന്നതു നന്നായി ......

വാര്‍ത്തകള്‍ പീഡനയാത്രകളാകവേ
താരാട്ടിനൊപ്പമാ രോദനം കേള്‍ക്കവേ 
മാത്രകള്‍ പോലും വിറയാര്‍ന്നു നില്‍ക്കവേ 
ഏറുന്ന ഭാരത്താല്‍ ഭൂമി വിറയ്ക്കവേ
അംബരത്തോളമുയര്‍ന്ന കവചത്തില്‍
പൊള്ളുന്ന ചൂടിനാല്‍ വിള്ളല്‍ വളരവേ 
വെള്ളവും ,വായുവും കൈനീട്ടി വാങ്ങേണ്ട 
വല്ലാത്ത ലോകത്തില്‍ നില്‍ക്കുവാന്‍ വയ്യാതെ 
എന്നേ കടന്നിങ്ങു പോന്നതു നന്നായി.......

പിച്ചവയ്ക്കും കുരുന്നിന്‍റെയാ നാവിലും 
മെച്ചമായ് എത്തുവാന്‍ നിത്യം മതിയിലും 
നന്മതന്‍ പാഠങ്ങള്‍ ഓതും ഗുരുവിന്റെ 
ചൂരലൊടിച്ചു കടത്തി ,ആ കൈപ്പത്തി ഛേദിച്ചു
നാവിന്നു കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്ന കാഴ്ചകള്‍ 
കാണുവാന്‍ വയ്യാതെ .....
എന്നേ കടന്നിങ്ങു പോന്നതു നന്നായി.......

പ്രായമേറും വടവൃക്ഷങ്ങളിന്നൊരു 
പ്രീയമേറും നല്ല വാക്കിനായ്‌ കേഴവേ
ബാല്യം തിരഞ്ഞു കുഴഞ്ഞ കിശോരകര്‍
പ്രായം തികയാതെ കണ്ണട വയ്ക്കവേ
കാണുവാന്‍ വയ്യാത്ത കാഴ്ചകള്‍ കാണാതെ 
എന്നേ കടന്നിങ്ങു പോന്നതു നന്നായി.......


ബന്ധങ്ങള്‍ക്കര്‍ത്ഥം തിരഞ്ഞു കുഴഞ്ഞതി-
ബന്ധുരമാമൊരു ഭാവിയെക്കാണുവാന്‍
പുത്തന്‍ തലമുറയ്ക്കുത്തമാമൊരു
പ്രത്യയശാസ്ത്രമിന്നോതാന്‍ കഴിയാതെ
 എന്നേ കടന്നിങ്ങു പോന്നതു നന്നായി.......




Friday, April 10, 2015

പുഴ ........................

പുഴ ...




എന്താണ് സംഭവിച്ചത്..?


കാലങ്ങളായി ഒരേ വേഗതയില്‍ 

ഒഴുകുകയായിരുന്നുവല്ലോ

ഓരോ തട്ടും തടവും 

തീരങ്ങളും മന:പാഠമായിരുന്നു

വേഗാവേഗങ്ങള്‍ക്കെന്തുപറ്റി 

ഒഴുക്കിന്റെ ചിറകുകള്‍ തളര്‍ന്നുവോ ?

പരന്നൊഴുകാതെ ,

പതിവു വഴികളിലെ 

ദ്രുത ചലനങ്ങളില്‍ ചിറകുകള്‍ തല്ലി ,

വഴി പിരിഞ്ഞ് ,ഇഴയകന്ന്‍

ഉണര്‍വു വറ്റി ,വിഹ്വലതകളില്‍ ,

മുഖച്ഛായ മാറി ,ഇടുങ്ങിയൊതുങ്ങി 

വേരും പേരും ഉണങ്ങിച്ചുരുങ്ങി 

സ്മൃതികളില്‍ ,മണല്‍ത്തിട്ടകളായ്

Thursday, March 12, 2015

തിരിനാളം

തിരിനാളം.............

പ്രിയസഖി നിന്‍ മുഖശ്രീയാണാദ്യമെന്‍ 
സ്മരണയില്‍  ചിത്രമായതെന്നാകിലും
ചിന്തയില്‍ നിന്നുറച്ച കാല്‍വെയ്പ്പുകള്‍
വന്‍പിയന്നൊരീ ലോകത്തിനല്‍ഭുതം 

ചകിതചിത്തരാമനുജര്‍ ഒരായിരം 
പുതു പരാതികള്‍  നെയ്യുമ്പൊഴൊക്കെയും 
'പതി' യെ പൂജ ചെയ്താനന്ദമുള്‍ക്കൊണ്ടു
സ്ഥിതചരിത നീ ,സ്മിതവുമായ് ,മുന്നിലും 

ഒരു  പതിറ്റാണ്ടുമുന്‍പിലായ്‌ ,എത്രയോ 
നിറമിയലുന്നൊരു  ശലഭമായ് ,പതിയുമായ് 
പുതിയ  വാനങ്ങള്‍  പൂകുവാന്‍  ,മോഹമായ് 
ഭയമറിയാതെയാ യാത്ര തുടങ്ങവേ 

നിയതിതന്‍  ക്രൂരനടനമങ്ങാവിധം 
പ്രിയനു ശയ്യതാന്‍ അവലംബമാകവേ 
തരളഹൃദയ നീ  കരഞ്ഞു  തളര്‍ന്നുവോ ?
ഗതിയറിയാതങ്ങുഴറി നടന്നുവോ ?

കുറഞ്ഞ നാളുകള്‍  കൊണ്ടങ്ങൊരു ജന്മം 
മുഴുവനും പോരും മധു പകര്‍ന്നവന്‍ 
മതി കുഴഞ്ഞങ്ങു ,മൊഴിയുമകന്നൊരു
പുതിയ ലോകത്തിലെത്തിയ പോലിതാ !

വിരുതനാം  വിധി ,വിട്ടുപോയ്  ഒരു  മാത്ര 
ചെറിയ പൂവൊന്നുതിരുകുവാന്‍ തരുണിയില്‍ 
കരുതലോടെയങ്ങാവാം മിഥുനങ്ങള്‍  തന്‍ 
ദുരിതമൊട്ടകലെയായതിന്‍ ശേഷമായ് 

ശ്രേഷ്ഠരാം പുത്രസമ്പത്തു  നല്‍കുവാന്‍ 
പും നരകങ്ങളെയാട്ടികറ്റുവാന്‍ 
മാനിനിമാര്‍ക്കെന്നും മാതൃക നീ ,നിന്‍റെ 
മാനമിന്നീവിധം വാനങ്ങള്‍  പൂകുന്നു 

അണുവിടപോലും വീഴ്ച വരാതെ  നീ 
അവനിയിലശ്വമായ്, ഉയര്‍ന്ന ശിരസ്സുമായ് !
അലകടലുള്ളില്‍ അലറുന്നതാരുമെ 
അറിയുന്നതില്ല.,  നിന്‍ പുഞ്ചിരി കാണ്‍കയാല്‍ 

പരിചിലിതുപോലെയുള്ള പ്രതിസന്ധികള്‍
കരുതലോടെ ചിരിച്ചു തള്ളീടുവാന്‍ 
അരികിലുണ്ടുദാഹരണമായി  നീ 
സ്മരണയില്‍  ദീപനാളം തെളിക്കുവോള്‍ !


Thursday, January 29, 2015

എന്റെ പിതാവിന്റെയും എന്റെയും കവിതാസമാഹാരങ്ങളുടെ പ്രകാശനത്തിന്റെ ധന്യ നിമിഷങ്ങളിലൂടെ

എന്റെ പിതാവിന്റെയും  എന്റെയും കവിതാസമാഹാരങ്ങളുടെ പ്രകാശനത്തിന്റെ ധന്യ നിമിഷങ്ങളിലൂടെ ....



എന്റെ കവിതാസമാഹാരം.സര്‍ഗസാഫല്യം ...ശ്രീ അശോക് അലക്സ് ഫിലിപ്പ് സാറിന് നല്‍കി കൊണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ സര്‍ പ്രകാശനം ചെയ്യുന്നു .....




എന്റെ അച്ഛന്റെ കവിത നിറങ്ങളുടെ സംഘ നൃത്തം ...... ശ്രീമതി ആ ര്‍ ലോപ ടീച്ചര്‍ക്ക് നല്‍കികൊണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്യുന്നു





കുരീപ്പുഴ സാറിനൊപ്പം



https://www.facebook.com/video.php?v=640751166053652&pnref=story

ചടങ്ങുകള്‍ കാണാം  ഈ ലിങ്കിലൂടെ .......

Tuesday, December 16, 2014

പൂര്‍ണതയിലേക്ക് ഒരു ചുവട് .......വിവര്‍ത്തനം......

IF 

If you can keep your head when all about you
Are losing theirs and blaming it on you;
If you can trust yourself when all men doubt you,
But make allowance for their doubting too:
If you can wait and not be tired by waiting,
Or, being lied about, don't deal in lies,
Or being hated don't give way to hating,
And yet don't look too good, nor talk too wise;


If you can dream---and not make dreams your master;
If you can think---and not make thoughts your aim,
If you can meet with Triumph and Disaster
And treat those two impostors just the same:.
If you can bear to hear the truth you've spoken
Twisted by knaves to make a trap for fools,
Or watch the things you gave your life to, broken,
And stoop and build'em up with worn-out tools;



If you can make one heap of all your winnings

And risk it on one turn of pitch-and-toss,
And lose, and start again at your beginnings,
And never breathe a word about your loss:
If you can force your heart and nerve and sinew
To serve your turn long after they are gone,
And so hold on when there is nothing in you

Except the Will which says to them: "Hold on!"



If you can talk with crowds and keep your virtue,
Or walk with Kings---nor lose the common touch,
If neither foes nor loving friends can hurt you,
If all men count with you, but none too much:
If you can fill the unforgiving minute
With sixty seconds' worth of distance run,
Yours is the Earth and everything that's in it,
And---which is more---you'll be a Man, my son! 


പൂര്‍ണതയിലേക്ക് ഒരു ചുവട് .......വിവര്‍ത്തനം......


എന്നുമുയര്‍ന്ന ശിരസ്സുമായ് മുന്നോട്ടു 
തന്നെ നീ കുതിക്കുമ്പൊഴൊക്കെയും 
നിന്നു ശരമാരി പെയ്യുന്ന വാക്കുമായ് 
വന്നു മുന്നില്‍ നിരന്നുവെന്നാകിലും
കള്ളമൊഴിഞ്ഞ മനസ്സിലായ്‌ നിത്യവും 
നന്മമാത്രം വിതച്ചു തളിര്‍ത്തെങ്കില്‍ 
ആരവങ്ങളില്‍ ആത്മപ്രശംസതന്‍ 
ആഭരണങ്ങളണിയാതിരിക്കുകില്‍....
ക്രൂരമാമൊരു വാക്കിന്റെയുള്ളിലും
ചൂഴ്ന്നു നില്‍ക്കും പൊരുളിനെക്കാണുവാന്‍ 
ഏതു കാറ്റിലുമാടാത്ത ശക്തിയായ് 
ആത്മബോധമുണര്‍ന്നു ജ്വലിച്ചെങ്കില്‍ ...

വ്യര്‍ത്ഥ സ്വപ്നാടനങ്ങള്‍ക്കുമപ്പുറം 
നന്മതന്‍  പ്രകാശമായ് സ്വപ്നവും 
കാത്തിരിപ്പിന്‍ മടുപ്പും പ്രതീക്ഷതന്‍ 
ദീപ്തനാളമായ് മാറ്റാന്‍ കഴിഞ്ഞെങ്കില്‍ 
ചിന്ത രാകിമിനുക്കുമ്പൊഴൊക്കെയും
ലക്ഷ്യബോധം മറക്കാതിരിക്കുകില്‍
സത്യമാര്‍ഗം വെടിഞ്ഞു ചരിപ്പവര്‍ 
ഉറ്റവൈരിയായ് നിന്നെക്കരുതിലും 
പട്ടുപോയ പണിയായുധങ്ങളാല്‍
പട്ടുപോലെ മിനുക്കണമുണ്‍മകള്‍ 


കൂട്ടിവച്ചൊരാ നേട്ടങ്ങള്‍ ജീവിത 
ച്ചൂതു തന്നില്‍ പണയമാകുമ്പൊഴും 
കൂടെയുള്ളോരിടയ്ക്കു വിട പറഞ്ഞോടി
പിന്നോട്ടു മാറിയെന്നാകിലും
ആര്‍ജ്ജവത്തിന്നവസാനതുള്ളിയും 
ആവിയായങ്ങു പോയി മറഞ്ഞാലും 
ഓതിടാതെ പരിഭവം ,ഊര്‍ജ്ജമ-
ങ്ങാവഹിച്ചു കുതിക്കാന്‍ കഴിഞ്ഞെങ്കില്‍ 


ഏറെ സൗമ്യനായ് സമഭാവനയിലങ്ങേറെ
ദൂരം നടക്കാന്‍ കഴിഞ്ഞെങ്കില്‍ 
ഇല്ല ഭേദങ്ങള്‍ ,ഭേദ്യങ്ങളും ,സര്‍വം 
തുല്ല്യമെന്നുള്ള ചിന്തയുണര്‍ന്നെങ്കില്‍
കാലമേറെയായ് കാത്തു സൂക്ഷിച്ചൊരാ 
ചാരുവര്‍ണം  പുലര്‍ന്നൊരാ മൂല്യവും 
താഴെ വീണൊരാ ചില്ലുകള്‍ മാത്രമായ്..
ദൂരെ വീണു കിടന്നുവെന്നാകിലും
വീണ്ടുമൊന്നു കുനിഞ്ഞു തകര്‍ന്നൊരാ 
ചീളുകള്‍ കൂട്ടി വയ്ക്കാന്‍ കഴിഞ്ഞെങ്കില്‍..
ഈ ജഗത്തിന്‍ അനന്തമാമുണ്‍മയില്‍ 
നീ ജയിച്ചു പരിപൂര്‍ണ്ണനായിടും !!!!!!

Wednesday, December 3, 2014

നിദ്രയോട് ...................വിവര്‍ത്തനങ്ങള്‍

To Sleep -William Wordsworth
--------
A flock of sheep that leisurely pass by
One after one; the sound of rain, and bees
Murmuring; the fall of rivers, winds and seas,
Smooth fields, white sheets of water, and pure sky;
I've thought of all by turns, and still I lie
Sleepless; and soon the small birds' melodies
Must hear, first uttered from my orchard trees,
And the first cuckoo's melancholy cry.
Even thus last night, and two nights more I lay,
And could not win thee, Sleep! by any stealth:
So do not let me wear tonight away:
Without Thee what is all the morning's wealth?
Come, blessed barrier between day and day,
Dear mother of fresh thoughts and joyous health!



നിദ്രയോട് ...................വിവര്‍ത്തനങ്ങള്‍
------------------------------------------------------

നിദ്ര പുല്കുവാനാകാതെയൊന്നിങ്ങു 

കണ്‍ തുറന്നു ഞാനിന്നീക്കിടക്കയിൽ 

ഒന്നു തിരിഞ്ഞു മറിഞ്ഞു കിടക്കവേ 
ഓർമയിൽ ചിത്രമോടിയെത്തുന്നിതാ


അലസഗമനം നടത്തുന്നൊരാടുകൾ 
കുളിരുപെയ്യുന്ന ഗാനമായ് മഴയതും 
പാട്ടുപാടുന്നൊരരുവികൽ ,നദികളും 
നീട്ടിമൂളിമുരളുന്ന വണ്ടുകൾ 
വീശിയെത്തിക്കടന്നുപോം മാരുതൻ 
അലറിയാര്ക്കുന്ന സാഗരം ,പിന്നെയാ 
സുഖദചിത്രമായ്‌ നീണ്ട വയലുകൾ 
മഞ്ഞുപാളികൾ നീങ്ങും തടാകവും 
തെളിമയാർന്നു വിളങ്ങുന്ന വാനവും

പേർത്തു പേർത്തിതാ ചിന്തയിൽ 
പിന്നെയും ,കാതമേറെയങ്ങകലായ് നീദ്രയും 
ത്വരിതമുയരുന്നിതകലെയായ് പക്ഷികൾ 
സുഖദ ഗാനം പൊഴിക്കും നിനാദവും 
ആദ്യമായ് ശോകഗാനം പൊഴി -
ക്കുന്നൊരേകമാം കുയിൽപാട്ടുമീവീഥിയിൽ 
നിദ്രയറ്റു ഞാൻ ക്ഷീണിതനായിതാ 
നിന്നെയൊന്നങ്ങു പുൽകുവാനാകാതെ 
ഈവിധം വൃഥാ പാഴിൽ ദിനങ്ങളും 
പോയിടൊല്ലേ നീ ,ഇന്നെന്റെ കണ്ണുകൾ 
പ്രീതിയോടെ തലോടണേ നിത്യവും 
നീയിതില്ലാതെയില്ലയുണർവുമീ 
ഭൂമിയിൽ സത്പ്രഭാതവുമില്ലപോൽ 
പകലുകൾക്കിടെയനുഗ്രഹവർഷമായ് 
ഭംഗമാം നീയണയുന്നു നിത്യവും 
അരികിലോടിയണയുകെൻ ചിന്തയിൽ 
പുതുമകൾ നിറച്ചൂർജ്ജം ചൊരിയുവാൻ 
അരുമയായ് പ്രിയ നിദ്രയാം ജനനി നീ 
കരുണയോടെ ചൊരിയുകാരോഗ്യവും ....

--------------------------------------------------